ട്വിറ്ററിൽ പലരും കറുത്തവരുടെ ചിത്രങ്ങളുള്ള ജീവശാസ്ത്രത്തെക്കുറിച്ചുള്ള സ്കൂൾ പുസ്തകങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് കാണിക്കാമോ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

പാഠപുസ്തകങ്ങളിലും മറ്റും നിറയെ കാണുന്നത് വെളുത്തവരുടെ ചിത്രങ്ങളാണ്. അതിനാൽ തന്നെ വിദ്യാഭ്യാസരം​ഗത്ത് കറുത്തവരെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ വളരെ കുറവാണ് എന്ന ആക്ഷേപം പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്. ഏതായാലും, നിങ്ങൾ എപ്പോഴെങ്കിലും ഒരു കറുത്ത ​ഗർഭസ്ഥശിശുവിന്റെ(Black Fetus) ചിത്രം കണ്ടിട്ടുണ്ടോ? കാണാൻ സാധ്യതയില്ല. സോഷ്യൽ മീഡിയ(social media)യിൽ ഭൂരിഭാ​ഗം പേരും പറയുന്നത് തങ്ങൾ അത്തരമൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ല എന്ന് തന്നെയാണ്. എന്നാൽ, ഇതിന് വിരുദ്ധമായി ഒരാൾ കറുത്ത ​ഗർഭസ്ഥശിശുവിനെ വരച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ ആ ചിത്രം കറങ്ങി നടക്കുന്നുമുണ്ട്. 

മെഡിക്കൽ വിദ്യാർത്ഥിയും, മെഡിക്കൽ ഇല്ലസ്ട്രേറ്ററും, ന്യൂറോ സർജനുമായ ചിഡിബെറെ ഐബെ(Chidiebere Ibe)യാണ് ആ ചിത്രം വരച്ചത്. അത് വൈദ്യശാസ്ത്രരംഗത്തും സമൂഹത്തിലും കാണിക്കാവുന്ന വൈവിധ്യത്തിന്റെയും സമത്വത്തിന്റെയും മികച്ച ഉദാഹരണമാണ് എന്നാണ് ആളുകൾ പറയുന്നത്. കറുത്ത ഗർഭിണിയായ സ്ത്രീയിൽ കറുത്ത ഭ്രൂണത്തിന്റെ ചിത്രീകരണമാണ് ഐബെ നടത്തിയത്. അത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, പലരും തങ്ങളുടെ ജീവിതത്തിലൊരിക്കലും ഇതുപോലെ ഒരു കറുത്ത ഗര്‍ഭസ്ഥശിശുവിനെ വരച്ചു കണ്ടിട്ടില്ലെന്ന് അവകാശപ്പെട്ടു.

'ഞാൻ കറുപ്പാണ്, കറുപ്പ് മനോഹരമാണ്! മെഡിക്കൽ ചിത്രീകരണത്തിലെ വൈവിധ്യം. ഇത് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം!' എന്നാണ് ഐബെ തന്റെ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധി പ്രതികരണങ്ങൾ ചിത്രത്തിനോടുണ്ടായി. 

Scroll to load tweet…

'കാര്യങ്ങള്‍ വിശദമായി കാണുന്നതിനുള്ള കണ്ണുണ്ട് നിങ്ങള്‍ക്ക്. ഇത് ഇവിടെ കാണാനായതിൽ ഞാൻ വളരെ ആവേശത്തിലാണ്. അവതരണത്തിന് വളരെയധികം നന്ദി. നന്നായി ചെയ്തു ഡോക്ടര്‍' എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. 'നിങ്ങൾ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി മെഡിക്കൽ ചിത്രീകരണങ്ങളിൽ ചർമ്മത്തിന്റെ നിറങ്ങളുടെ വൈവിധ്യം വിപുലീകരിക്കുന്ന ഒരാളെങ്കിലും എനിക്കിപ്പോഴറിയാം' എന്ന് മറ്റൊരാൾ പറഞ്ഞു, വൈദ്യശാസ്ത്രത്തിലെ വർണ്ണ പ്രാതിനിധ്യത്തിന്റെ ആവശ്യകത അത് ഉയർത്തിക്കാട്ടി. 

Scroll to load tweet…

മെഡിക്കൽ പുസ്‌തകങ്ങളിലും സ്‌കൂൾ, കോളജ് പുസ്‌തകങ്ങളിലും മനുഷ്യശരീരത്തിന് കറുത്ത നിറം കൂടി നൽകേണ്ടുന്ന കാര്യത്തിൽ ആർക്കും ശ്രദ്ധയില്ലെന്ന ഒരു ആക്ഷേപവുമുണ്ട്. ട്വിറ്ററിൽ പലരും കറുത്തവരുടെ ചിത്രങ്ങളുള്ള ജീവശാസ്ത്രത്തെക്കുറിച്ചുള്ള സ്കൂൾ പുസ്തകങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് കാണിക്കാമോ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞത്, 'ഓരോ സ്കൂൾ പുസ്തകത്തിലും വെളുത്ത ആളുകളെ കണ്ട് മടുത്തു' എന്നാണ്. ഏതായാലും ഈ ചിത്രീകരണത്തിലൂടെ പാഠപുസ്തകങ്ങളിലെ നിറവും വംശീയതയുമായി ബന്ധപ്പെട്ട് വലിയൊരു ചർച്ച ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…