ഏകദേശം ഏഴ് വര്‍ഷത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത കറുത്ത ഗോതമ്പിന് കാന്‍സറിനെയും പ്രമേഹത്തെയും ചെറുക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുപോലെ മറ്റൊരു പുതിയ ഇനം ഗോതമ്പായ HD3226 ല്‍ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍അടങ്ങിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, രാജസ്ഥാന്‍, ജമ്മു കാശ്‍മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഈ പുതിയയിനം കൃഷി ചെയ്യാന്‍ അനുയോജ്യം.

പഞ്ചാബിലെ മാല്‍വാ ജില്ലയിലെയും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെയും കര്‍ഷകര്‍ കറുത്ത നിറത്തിലുള്ള ഗോതമ്പ് റാബി സീസണില്‍ കൃഷി ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ കറുത്ത ഗോതമ്പില്‍ നിന്ന് ധാരാളം വിളവ് കിട്ടുമെന്ന് കരുതിയെങ്കിലും സാധാരണ ഗോതമ്പില്‍ നിന്ന് കിട്ടുന്ന അതേ വിളവ് മാത്രമേ കിട്ടിയുള്ളുവെന്നതാണ് യാഥാര്‍ഥ്യം.

ടെന്‍ഷന്‍, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം തടയാന്‍ കറുത്ത ഗോതമ്പിന് കഴിയും. സാധാരണ ഗോതമ്പില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ ആന്തോസയാനിന്റെ അളവ് കൂടുതലാണ് കറുത്ത ഗോതമ്പില്‍. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ഇതിന് കഴിവുണ്ട്. കറുത്ത ഗോതമ്പില്‍ സിങ്കിന്റെ അളവ് കൂടുതലുണ്ട്. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ഘടകങ്ങള്‍ ഈ ഗോതമ്പില്‍ അടങ്ങിയിരിക്കുന്നു. 

മധ്യപ്രദേശിലെ നീമുച് ജില്ലയിലെ കര്‍ഷകനായ ഗോവിന്ദ് നാഗ്ഡയ്ക്ക് സുഹൃത്തിന്റെ സഹായത്താല്‍ 40 കി.ഗ്രാം കറുത്ത ഗോതമ്പിന്റെ വിത്ത് കിട്ടുകയായിരുന്നു. മൊഹാലിയിലെ നാബി റിസര്‍ച്ച് സെന്ററില്‍ നിന്നാണ് വിത്ത് ലഭിച്ചത്. ഈ ഗോതമ്പ് വിതച്ച് വിളവെടുത്തപ്പോള്‍ 36 ക്വിന്റലാണ് കിട്ടിയത്. ഇതു തന്നെയാണ് സാധാരണ ഗോതമ്പ് വിതച്ചാലും ലഭിക്കുന്നത്.

7 വര്‍ഷത്തിന് ശേഷമാണ് കറുത്ത ഗോതമ്പിന് മൊഹാലിയിലെ നാഷനല്‍ അഗ്രി-ഫുഡ് ബയോടെക്‌നോളജിയില്‍ നിന്ന് പേറ്റന്റ് ലഭിച്ചത്. ഈ ഗോതമ്പിന് ' Nabi  MG' എന്നാണ് പേര് നല്‍കിയത്. ഇത് കറുപ്പ്, നീല, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

കറുത്ത ഗോതമ്പിന്റെ ഗുണങ്ങള്‍

പോഷകഗുണത്തില്‍ മറ്റെല്ലാ തരത്തിലുള്ള ഗോതമ്പിനേക്കാളും കേമനാണ് കറുത്ത ഗോതമ്പ്. മാനസികമായ പിരിമുറുക്കവും ടെന്‍ഷനും അകറ്റാന്‍ കറുത്ത ഗോതമ്പിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രമേഹം ഇന്ത്യയിലാകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന അസുഖമാണ്. പലവിധത്തിലുള്ള മരുന്നുകളുമുണ്ടെങ്കിലും ഇതുവരെ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയാത്ത അസുഖമാണ് പ്രമേഹം. കറുത്ത ഗോതമ്പ് കഴിച്ചവരില്‍ പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു.

 

കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും കറുത്ത ഗോതമ്പിന് കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ HD 3226 ഗോതമ്പ്

പുതിയ ഇനം ഗോതമ്പായ HD 3226 ഹരിയാന, പൂന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്ത് വരുന്നു. ഈ ഇനത്തിന് നല്‍കിയിരിക്കുന്ന പേര് 'പുസ യശ്വാസി 'എന്നാണ്. 2019 ഒക്‌ടോബര്‍ മുതല്‍ കര്‍ഷകര്‍ക്ക് ഈയിനം ഗോതമ്പിന്റെ വിത്തുകള്‍ നല്‍കിത്തുടങ്ങി. ഒരു ഹെക്ടറില്‍ നിന്ന് ലഭിക്കുന്ന ശരാശരി വിളവ് 57.5 ക്വിന്റലാണ്. ഗോതമ്പിനെ ബാധിക്കുന്ന ഫംഗസ് രോഗങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവും ഈയിനത്തിനുണ്ട്.

 

ഈയിനം ഗോതമ്പില്‍ മാംസ്യത്തിന്റെ അളവ് 12.9 ശതമാനമുണ്ട്. മറ്റുള്ള ഗോതമ്പിന്റെ ഇനങ്ങളിലുള്ളതിനേക്കാള്‍ 0.50 ശതമാനം കൂടുതല്‍ മാംസ്യം ഈ ഇനത്തിലുണ്ട്. കര്‍ണാല്‍ ബണ്ട്, പൗഡറി മില്‍ഡ്യു, ലൂസ് സ്മട്ട് ,ഫൂട്ട് റോട്ട് എന്നീ അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.

ഒരു ഹെക്ടറില്‍ നിന്ന് ലഭിക്കാവുന്ന ശരാശരി വിളവ് 57.5 ക്വിന്റല്‍ ആണ്. നൈട്രജന്റെ മൂന്നില്‍ ഒരു ഭാഗം നല്‍കുന്നത് ഫോസ്ഫറസിന്റെയും പൊട്ടഷിന്റെയും മുഴുവന്‍ ഡോസിന്റെ കൂടെയാണ്. വിത്ത് വിതയ്ക്കുന്ന സമയത്താണ് ഇത് നല്‍കുന്നത്. ആദ്യത്തെയും രണ്ടാമത്തെയും ജലസേചനം കഴിഞ്ഞ ശേഷമാണ് ബാക്കി നൈട്രജന്‍ നല്‍കേണ്ടത്. വിത്ത് വിതച്ച് 21 ദിവസം കഴിഞ്ഞ ശേഷമാണ് ആദ്യമായി ജലസേചനം നല്‍കുന്നത്.

വിതച്ച് 142 ദിവസങ്ങള്‍ക്ക് ശേഷം വിളവെടുക്കാന്‍ പാകമാകും. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച വിതച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും.