കാഴ്ചപരിമിതിയുള്ള യുവതി കേൾവിപരിമിതിയുള്ള ഒരു ഊബർ ഡ്രൈവറുമൊത്തുള്ള തൻ്റെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് ലിങ്ക്ഡ്ഇന്നില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ അനുഭവം വായിക്കാം. 

ഒട്ടും പ്രതീക്ഷിക്കാതെ ചില ദിവസങ്ങളിൽ നാം കാണുന്ന ചില കാഴ്ചകൾ, നമുക്കുണ്ടാവുന്ന ചില അനുഭവങ്ങൾ നമുക്ക് തരുന്ന ഊർജ്ജം വളരെ വലുതായിരിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ 'ഗ്രെയിൽമേക്കർ ഇന്നൊവേഷൻസ്' സഹസ്ഥാപകയായ ഐശ്വര്യ ടി.വി. പിള്ളയാണ് തനിക്കുണ്ടായ ഒരു അനുഭവം ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തത്. കാഴ്ചപരിമിതിയുള്ള ഐശ്വര്യയും, കേൾവിപരിമിതിയുള്ള ഒരു ഊബർ ഡ്രൈവറും തമ്മിലുള്ള ആശയവിനിമയമാണ് പോസ്റ്റിൽ പറയുന്നത്. യാത്രയ്ക്കായി ഊബർ ബുക്ക് ചെയ്ത ഐശ്വര്യ, ഡ്രൈവർക്ക് കേൾവിപരിമിതിയുണ്ടെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ചു. ഡ്രൈവറുടെ കഴിവിൽ സംശയം ഉണ്ടായിട്ടല്ല, മറിച്ച് തങ്ങൾ എങ്ങനെ പരസ്പരം കാര്യങ്ങൾ പറയും എന്ന കൗതുകമായിരുന്നു അതിന് പിന്നിൽ. എന്നാൽ ആ യാത്ര തുടരാൻ തന്നെ അവർ തീരുമാനിച്ചു.

Add Asianetnews as a Preferred SourcegooglePreferred

'ഒരു നിമിഷം കാൻസലാക്കിയാലോ എന്ന് ഞാൻ ചിന്തിച്ചു. അത് സംശയം കൊണ്ടല്ല, മറിച്ച് ഈ യാത്ര എങ്ങനെ മുന്നോട്ട് പോകുമെന്ന ആകാംക്ഷ കൊണ്ടായിരുന്നു' എന്നാണ് ഐശ്വര്യ ലിങ്ക്ഡ്ഇന്നിൽ കുറിച്ചത്. വണ്ടിയിൽ കയറിയ ശേഷം തന്റെ ആവശ്യങ്ങൾ ഡ്രൈവറെ അറിയിക്കാൻ ഐശ്വര്യ പുതിയ വഴികൾ കണ്ടെത്തി. വിരലുകൾ കൊണ്ട് OTP കാണിച്ചു കൊടുത്തു. യാത്രയ്ക്കിടയിൽ സ്ഥലത്തെത്തിയാൽ കൃത്യം ​ഗേറ്റിൽ തന്നെ ഇറക്കണമെന്ന് മെസ്സേജ് അയച്ചു. ഒരു തടസ്സവുമില്ലാതെ ഡ്രൈവർ അതെല്ലാം മനസ്സിലാക്കുകയും കൃത്യമായി പ്രവർത്തിക്കുകയും ചെയ്തു.

യാത്ര അവസാനിച്ചപ്പോൾ ഐശ്വര്യയെ അത്ഭുതപ്പെടുത്തിയത് ഡ്രൈവറുടെ കരുതൽ ആയിരുന്നു. വാഹനം നിർത്തിയ ശേഷം അദ്ദേഹം പുറത്തിറങ്ങി ഒരു സെക്യൂരിറ്റി ഗാർഡിനെ വിളിച്ചുകൊണ്ടുവരികയും, ഐശ്വര്യയെ സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് എത്തിക്കുകയും ചെയ്തു. 'സംസാരിക്കാതെ തന്നെ അദ്ദേഹം എല്ലാം മനസ്സിലാക്കി. ആ യാത്രയ്ക്ക് ഞങ്ങൾ രണ്ടുപേർക്കും 5 സ്റ്റാർ റേറ്റിംഗ് നൽകുന്നു' എന്നും ഐശ്വര്യ കുറിച്ചു.