Asianet News MalayalamAsianet News Malayalam

ഇത് അതീന്ദ്രിയമായ കഴിവുകളല്ല, മസ്തിഷ്ക സൃഷ്ടിയാണ്...

കഴിഞ്ഞദിവസം ഫ്ലവേഴ്സ് ചാനലിൽ ഓട്ടിസം ബാധിച്ച നയൻ എന്ന കുട്ടിയുടെ പ്രകടനം കണ്ടപ്പോൾ ആശിഖിനെ ഞാൻ പെട്ടെന്ന് ഓർത്ത് പോയി. നയനിന്റെ അസാധരണമായ കഴിവുകൾ കാണാൻ ടി വി ക്ക് മുന്നിൽ ഞാൻ വളരെ ശ്രദ്ധയോടെയാണ് ഇരുന്നത്. 

boban eranimos writing on autistic children
Author
Thiruvananthapuram, First Published May 19, 2019, 1:26 PM IST

2016, ഡിസംബറിലെ തിരക്ക് കുറഞ്ഞ ഒരു ശനിയാഴ്ചയായിരുന്നു മാതാപിതാക്കളുടെ കൂടെ ആശിഖ് ക്ലിനിക്കിൽ എത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു ആശിഖ് എന്ന് മനസ്സിലാക്കിയ ഞാൻ കുട്ടിയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാനും രക്ഷകർത്താക്കൾക്ക് ഓട്ടിസത്തെ കുറിച്ച് കൃത്യമായ അറിവ് നല്‍കാനും വേണ്ടി അവരെ മുറിയിലേയ്ക്ക് വിളിച്ചു.

boban eranimos writing on autistic children

സംസാരത്തിനിടയിൽ കുട്ടിയുടെ അസാധാരണമായ ഒരു കഴിവിനെ കുറിച്ച് അവർ എന്നോട് പറഞ്ഞു. "കലണ്ടറിലെ വർഷവും, മാസവും, തീയതിയും പറഞ്ഞാൽ തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ഏത് ദിവസമാണെന്ന് അവൻ നിമിഷങ്ങൾക്കകം പറയും.." അസാധാരണമായ കഴിവുകൾ ഉള്ള ഓട്ടിസം കുട്ടികളെ കുറിച്ച് വായിച്ചിട്ടുള്ളത് ഞാൻ ഓർത്ത് പോയി. ആശിഖിന്റെ കഴിവിനെ ഒന്നു പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. മൊബൈലിലെ കലണ്ടർ എടുത്തു വർഷവും, മാസവും, തീയതിയും പറഞ്ഞ് കൊടുത്തു. പറഞ്ഞ് തീർന്ന ഉടനെ തന്നെ അത് ഏത് ദിവസമാണെന്ന് ആശിഖ് വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. ഞാൻ വല്ലാതെ അത്ഭുതപ്പെട്ട് പോയി. 

ഓരോ വാക്ക് എഴുതുമ്പോഴും നയന് അമ്മയുടെ സാമീപ്യം ആവശ്യമാണ്

ഒന്നു രണ്ട് തവണ ഞാൻ എന്റെ പരീക്ഷണം ആവർത്തിച്ചു. എല്ലാത്തിനും കിറുകൃത്യമായ ഉത്തരം. ആശിഖിന്റെ അസാധാരണമായ കഴിവിനെ ഒന്നു പഠിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. മാതാപിതാക്കളോട് അനുവാദം വാങ്ങിയ ശേഷം അവരോട് പുറത്തുള്ള സന്ദർശക മുറിയിൽ കാത്തിരിക്കാൻ പറഞ്ഞു. സഹായത്തിനായി സഹപ്രവർത്തകയായ സൈക്കോളജിസ്റ്റിനേയും മുറിയിലേയ്ക്ക് വിളിച്ചു. മുൻകൂട്ടി യാതൊരു തയ്യാറെടുപ്പുമില്ലാതെ മൊബൈൽ ഫോൺ എടുത്ത് വർഷം, മാസം, തീയതി (കഴിഞ്ഞ് പോയ വർഷങ്ങളും/ വരാനിരിക്കുന്ന വർഷങ്ങളും) യാതൊരു ക്രമവുമില്ലാതെ ഞാൻ ചോദിക്കുകയും ആശിഖ് അത് ഏത് ദിവസം ആണെന്ന് പറയുകയും സഹപ്രവർത്തക അവൻ പറയുന്നത് ശരിയാണോ എന്ന് മറ്റൊരു മൊബൈലിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്തു. ആശിഖ് ഞങ്ങളെ അതിശയിപ്പിച്ച് കളഞ്ഞു! ഇരുപത്തിയഞ്ച് പ്രാവിശ്യവും ഒരു തെറ്റ് പോലും വരുത്താതെ നിമിഷങ്ങൾക്കുള്ളിൽ കൃത്യമായ ഉത്തരങ്ങൾ നല്കി ആശിഖ് ഞങ്ങളേ നോക്കി സ്വയം കൈയ്യടിച്ച് ചിരിച്ചു. അസാധാരണം എന്ന് പറയാതെ വയ്യ. അവൻ ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു.

കഴിഞ്ഞദിവസം ഫ്ലവേഴ്സ് ചാനലിൽ ഓട്ടിസം ബാധിച്ച നയൻ എന്ന കുട്ടിയുടെ പ്രകടനം കണ്ടപ്പോൾ ആശിഖിനെ ഞാൻ പെട്ടെന്ന് ഓർത്ത് പോയി. നയനിന്റെ അസാധരണമായ കഴിവുകൾ കാണാൻ ടി വി ക്ക് മുന്നിൽ ഞാൻ വളരെ ശ്രദ്ധയോടെയാണ് ഇരുന്നത്. വേദിയിൽ നിന്ന് കയറി വന്ന ഒരാൾ എഴുതിയ "CAT" എന്ന വാക്കും, ജഡ്ജ് ആയ ടിനി ടോം എഴുതിയ "TINY" എന്ന വാക്കും അവതാരകൻ മിധുൻ നയന്റെ അമ്മയെ കാണിക്കുകയും, അമ്മയുടെ സാമീപ്യത്തിലൂടെ നയൻ തന്റെ മുന്നിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നു. ഓരോ വാക്ക് എഴുതുമ്പോഴും നയന് അമ്മയുടെ സാമീപ്യം ആവശ്യമാണ്. അമ്മ അത് പറയുന്നുമുണ്ട്. തെറ്റിയ വാക്ക് തിരുത്തി വീണ്ടും ശരിയാക്കി (Trail and Error Method) നയൻ കൃത്യമായ ഉത്തരത്തിലേയ്ക്ക് പെട്ടെന്ന് തന്നെ എത്തിച്ചേരുന്നു. പേപ്പറിൽ എഴുതിയിരിക്കുന്ന വാക്കുകൾ നയൻ കണ്ടിട്ടില്ലാ എന്ന് വീഡിയോ കണ്ടാൽ നമുക്ക് മനസ്സിലാകും. 

അപ്പോൾ എങ്ങനെയാണ് കൃത്യമായി കുട്ടിക്ക് സ്ക്രീനിൽ ടൈപ്പ് ചെയ്യാനാവുക? സ്വയം വികസിപ്പിച്ചെടുത്ത ആറാമിന്ദ്രിയം ഉപയോഗിച്ച്‌ മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ പത്തു വയസ്സുകാരൻ നയന് പരഹൃദയ ജ്ഞാനം ഉണ്ടോ (Telepathy). ഇന്ദ്രിയ സഹായമില്ലാതെ മറ്റൊരാളുടെ മനോഗതം സ്വമനസ്സിലുദിക്കൽ എന്നത് ആണോ നയന്റെ കാര്യത്തിൽ സംഭവിച്ചത്? ഇങ്ങനെയൊക്കെയുള്ള കുറേ ചോദ്യങ്ങൾ വീഡിയോ കണ്ട നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകാം.

നയൻ എന്നെ കുട്ടിയെ അറിയണമെങ്കിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ അസാധാരണ കഴിവുകളേ കുറിച്ച്‌ നാം അറിയേണ്ടതുണ്ട്. സാവന്‍റ് സിൻട്രോം എന്ന വിളിപ്പേരിലാണ് ഇവരെ പൊതുവെ അറിയപ്പെടുന്നത്. ഇത് ഓട്ടിസം ബാധിച്ച കുട്ടികളിൽ മാത്രം കാണുന്ന ഒന്നല്ല. ഡവലപ്പ്മെന്റ് ഡിസെബിലിറ്റിയുള്ള കുട്ടികൾ, കേന്ദ്ര നാഡീവ്യൂഹത്തിന് മുറിവോ, അസുഖങ്ങളോ ബാധിച്ചവർ എന്നിവരിൽ ഒട്ടുമിക്കവർക്കും അത്ഭുതപ്പെടുത്തുന്ന ഇത്തരം ചില കഴിവുകൾ കണ്ടേക്കാം. ഓട്ടിസം ബാധിച്ച പത്ത് കുട്ടികളിൽ ഒരാൾക്കെങ്കിലും അസാധാരണമായ കഴിവുകൾ ഉണ്ടാകുമെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. എന്നാൽ, ഇവരുടെ ഈ കഴിവുകൾ പരിമിതമായ ചില കാര്യങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ( Narrow range of special abilities) ഇവ ഒന്നും അതീന്ദ്രിമായ സ്വഭാവമുള്ള കഴിവുകൾ അല്ല. മനുഷ്യരിൽ കാണപ്പെടുന്ന കഴിവുകളുടെ ഏറ്റവും ഉയർന്ന തോതിലുള്ള വിസ്മയിപ്പിക്കുന്ന പ്രകടനമാകും അത്.

ഇതിലൂടെ മനസ്സിലാക്കി എടുക്കുന്ന വിവരങ്ങളാണ് കുട്ടി സ്ക്രീനിലേയ്ക്ക് പകർത്തുന്നത്

പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളിലാണ് അസാധാരണമായ കഴിവുകൾ ഇത്തരം കുട്ടികൾ പ്രകടിപ്പിക്കുക. അതിൽ ഒന്നാമത്തേത്, സംഗീതവുമായി (Musical ability) ബന്ധപ്പെട്ടതാണ്. നിരവധി സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്. പ്രത്യേകിച്ചും പിയാനോ വായിക്കാനുള്ള കഴിവ് ഇത്തരം കുട്ടികളിൽ ഒട്ടുമിക്കവരിലും കാണാറുണ്ട്. പാട്ട് ഉണ്ടാക്കാനുള്ള കഴിവിനൊപ്പം ( Music composing), കൃത്യമായ താളത്തിൽ (Pitch) സംഗീത ഉപകരണങ്ങൾ വായിക്കാനും ഇവർക്ക് കഴിയും. രണ്ടാമത്തേത്, ചിത്രം വരയ്ക്കാനും (Art) ശില്പങ്ങൾ നിർമ്മിക്കാനുള്ള അസാധാരണ കഴിവാണ്. കലണ്ടറിലെ വർഷവും മാസവും തീയതിയും പറഞ്ഞു കൊടുത്താൽ അത് ഏതു ദിവസം ആണെന്ന് എന്ന് കൃത്യമായി പറയുകയോ അല്ലെങ്കിൽ വർഷവും മാസവും ദിവസവും പറഞ്ഞു കൊടുത്താൽ അത് ഏതു തീയതി ആണെന്ന് കൃത്യമായി പറയുകയും ചെയ്യുന്ന തരത്തിലുള്ള കഴിവ് ( Calender Calculation) ഒട്ടുമിക്കവർക്കും കാണാറുണ്ട്. ഇതാണ് ഇവരുടെ മൂന്നാമത്തെ കഴിവ്. നാലാമത്തേത് കണക്കു കൂട്ടാനുള്ള കഴിവാണ് (Mathamatics). പേപ്പറോ പേനയോ കൂടാതെ വളരെ വേഗത്തിൽ മനസ്സിൽ കണക്കുകൂട്ടി കൃത്യമായ ഉത്തരം പറയാൻ ഇവർക്ക് കഴിയും. എന്നാൽ, പേപ്പർ പേന ഉപയോഗിച്ച് കണക്കുകൂട്ടി ഉത്തരം കണ്ടെത്താനോ, വഴികൾ എഴുതി ഉത്തരത്തിലേക്ക് എത്താനോ ഉള്ള കഴിവ് ഇവർക്ക് ഉണ്ടാകില്ല

മെക്കാനിക്കൽ സ്പേഷ്യൽ കഴിവുകളാണ് (Mechanical &Spatial skills) പ്രധാന കഴിവുകളിൽ അവസാനത്തേത്. ഉപകരണത്തിന്റെ സഹായമില്ലാതെ ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്ക് ഉള്ള ദൂരം കൃത്യമായി നിർണയിക്കാൻ, സങ്കീർണമായ ചില മാതൃകകൾ (Models) കൃത്യമായി നിർമ്മിക്കാൻ ഉള്ള കഴിവൊക്കെ കൂടിച്ചേർന്നതാണ് ഇത്. ഇതു കൂടാതെ വിവിധ ഭാഷകളിലുള്ള ഉള്ള പ്രാവീണ്യം, (Polyglot) ക്ലോക്കിലോ വാച്ചിലോ ഒന്നും നോക്കാതെ കൃത്യമായി സമയം പറയാനുള്ള കഴിവ്. അസാധാരണമായ ഇന്ദ്രിയ സംവേദന ക്ഷമതയും ഇവർ പ്രകടിപ്പിക്കാം. ഉദാഹരണത്തിന് കാഴ്ച, സ്പർശനം, മണം എന്നിവയെ സൂഷ്മമായി വേർതിരിച്ചെടുക്കാനും, മനസ്സിലാക്കാനുമുള്ള അസാധാരണ കഴിവ് (Unusual sensory discrimination skills) ഇവർക്കുണ്ടാവും. നയൻ അമ്മയുടെ സാമീപ്യത്തിലൂടെയും, സ്പർശനത്തിലൂടെയും, നിർദ്ദേശങ്ങളിലൂടെയും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നുണ്ട്. ഇതിലൂടെ മനസ്സിലാക്കി എടുക്കുന്ന വിവരങ്ങളാണ് കുട്ടി സ്ക്രീനിലേയ്ക്ക് പകർത്തുന്നത്.

നയനിന്റെ സ്ഥാനത്ത് ഓട്ടിസം പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാത്ത ഒരു കുട്ടി ആയിരുന്നു ഇന്ദ്രിയ സംവേദനങ്ങളെ വേർതിരിച്ചെടുക്കുന്നതിൽ ഒരു പക്ഷെ കൂടുതൽ സമയം എടുക്കേണ്ടി വന്നേക്കാം. അസാധാരണമായ ഇത്തരം കഴിവുകളോടൊപ്പം നല്ല ഓർമശക്തി ഉള്ളവരായിരിക്കും ഇത്തരം കുട്ടികൾ. ഒപ്പം പല വിഷയങ്ങളെക്കുറിച്ചും നല്ല ധാരണയും ഇത്തരം കുട്ടികൾക്കുണ്ടാകും.

നയനെപ്പോലെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്ന ഒരാൾ ആയിരുന്നു അമേരിക്കക്കാരനായ കിം പീക്ക് "മെഗാ സാവന്റ്" എന്നാണദ്ദേത്തെ വിളിച്ചിരുന്നത്. കിം ഏകദേശം തൊള്ളായിരത്തോളം പുസ്തകങ്ങൾ മനപ്പാഠം ആക്കിയിരുന്നു. ബുക്കിലെ ഒരു പേജ് വായിക്കാൻ 8 മുതൽ 10 സെക്കൻഡ്സ് സമയം മാത്രമാണ് അദ്ദേഹം എടുത്തിരുന്നത്. അമേരിക്കയിലെ എല്ലാ സ്ഥലത്തെയും ഏരിയ / സിപ്പ് കോഡുകൾ കിമ്മിന് ഓർത്തുവെക്കാൻ കഴിഞ്ഞിരുന്നു. കിംമിന്റെ അസാധാരണ കഴിവുകൾ പിന്നിലുള്ള മസ്തിഷ്ക രഹസ്യങ്ങൾ മനസ്സിലാക്കാൻ 1998 -ൽ അദ്ദേഹത്തെ MRI സ്കാനിങ്ങിന് വിധേയമാക്കി. അത്ഭുതമെന്നു പറയട്ടെ കിംമിന്റെ മസ്തിഷ്കത്തിലെ ഇടതും വലതും അർദ്ധ ഗോളങ്ങളെ (Right and Left Hemispheres) തമ്മിൽ ബന്ധിപ്പിക്കുന്ന കോർപ്പസ് കലോസം, ആന്റീരിയര്‍, പോസ്റ്റീരിയർ കമ്മീഷേഴ്സ് 
(Agenesis of corpus collosum) കിംമിന്റെ മസ്തിഷ്കത്തിൽ ഉണ്ടായിരുന്നില്ല.

എന്തായാലും അസാധാരണമായ ഇത്തരം കഴിവുകൾ മസ്തിഷ്ക സൃഷ്ടി മാത്രമാണ്

അതുകൊണ്ടാണ് കിമ്മിന് ഒരേ സമയം ഒരു ബുക്കിലെ രണ്ടു പേജുകളും വായിക്കാൻ കഴിയുന്നത് എന്ന് ചില ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ ഹൈപോ കണക്റ്റിവിറ്റി തിയറി (Hypoconnectivity theory) ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല. ചില അനുമാനങ്ങൾ മാത്രമാണ് അസാധാരണമായ കഴിവിനു പിന്നിൽ കോർപ്പസ് കലോസം ഇല്ലാത്തത് കൊണ്ട് ആണെന്ന് പറയാൻ കഴിയില്ല എന്ന് ഗവേഷകർ പറയുന്നു. എന്തായാലും അസാധാരണമായ ഇത്തരം കഴിവുകൾ മസ്തിഷ്ക സൃഷ്ടി മാത്രമാണ്. ഈ മേഖലയിലുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. സാവന്റ് സിൻട്രോമിനെ കുറിച്ച് അറിവില്ലാത്തവരാണ് നയന്റെ കഴിവുകൾക്ക് പിന്നിൽ അതീന്ദ്രിയ ശക്തിയുടെ സൃഷ്ടിയാണെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത്. നയൻ അതീന്ദ്രിയമായ കഴിവുകൾ അല്ല പ്രകടിപ്പിക്കുന്നത്. അസാധാരണമായ സാവന്റ് കഴിവുകൾ ഉള്ള കുട്ടിയാണ് നയൻ.. അവൻ മിടുമിടുക്കനായി വളരട്ടെ.

(കുറിപ്പ്: ആശിഖ് എന്ന പേര് യഥാർത്ഥ പേരല്ല.)
 

Follow Us:
Download App:
  • android
  • ios