ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ, 31 വയസുകാരൻ ബോബി ഇനിയില്ല
പോർച്ചുഗലിലെ ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റേതാണ് ബോബി എന്ന നായ. ബോബിയുടെ ജനനവും അതിജീവനവുമെല്ലാം ഒരു അത്ഭുതമാണ് എന്ന് കോസ്റ്റാ കുടുംബാംഗങ്ങൾ പറയുമായിരുന്നു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായ ബോബി ഇനിയില്ല. 31 വയസ്സും 165 ദിവസവുമാണ് അവന്റെ പ്രായം. അവനെ പല തവണ പരിശോധിച്ചിട്ടുള്ള മൃഗഡോക്ടറാണ് ബോബിയുടെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഫെബ്രുവരിയിലാണ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന റെക്കോർഡ് അവനെ തേടിയെത്തിയത്.
പോർച്ചുഗലിലെ ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റേതാണ് ബോബി എന്ന നായ. ബോബിയുടെ ജനനവും അതിജീവനവുമെല്ലാം ഒരു അത്ഭുതമാണ് എന്ന് കോസ്റ്റാ കുടുംബാംഗങ്ങൾ പറയുമായിരുന്നു. ലിയോണൽ കോസ്റ്റയായിരുന്നു ബോബിയുടെ അവസാനത്തെ ഉടമ. ലിയോണലിന് എട്ടു വയസ്സുള്ളപ്പോഴാണ് ബോബി ജനിച്ചത്. പരമ്പരാഗതമായി വേട്ടക്കാരായിരുന്നു കോസ്റ്റ കുടുംബം. അതിനാൽ നായാട്ടിന് സഹായിക്കാനും മറ്റുമായി അനേകം നായ്ക്കളും അവർക്കുണ്ടായിരുന്നു.
എന്നാൽ, നായകളുടെ എണ്ണം വളരെ കൂടുതലായതിനാൽ തന്നെ ബോബിയുടെ അമ്മ ഗിര പ്രസവിച്ചപ്പോൾ ആ കുഞ്ഞുങ്ങളെ വളർത്തുന്നില്ല എന്ന് കോസ്റ്റ കുടുംബം തീരുമാനിച്ചു. അങ്ങനെ, ജനിച്ച മുഴുവൻ നായ്ക്കുഞ്ഞുങ്ങളെയും കണ്ണ് തുറക്കുന്നതിനു മുൻപ് തന്നെ ഉപേക്ഷിക്കാനും ഉറപ്പിച്ചു. ശേഷം, ഗിര കുഞ്ഞുങ്ങൾക്ക് അടുത്തില്ലാത്ത സമയം നോക്കി അവർ അവയെ എല്ലാം കൊണ്ടുപോയി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചു.
പക്ഷേ, ഗിര തിരിച്ചുവന്നതിനുശേഷവും തന്റെ കുഞ്ഞുങ്ങൾ കിടന്നിരുന്ന സ്ഥലത്ത് പതിവായി പോകുന്നുണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയതിനാൽ ലിയോണലും സഹോദരങ്ങളും അവളെ പിന്തുടർന്നു. അപ്പോൾ അവിടെ ഒരു നായ്ക്കുഞ്ഞു മാത്രം അവശേഷിച്ചിരുന്നു. പക്ഷേ, സഹോദരങ്ങൾ വീട്ടുകാരിൽ നിന്നും ഈ കാര്യം മറച്ചുവെച്ചു. നായ്ക്കുട്ടി കണ്ണുതുറന്നു കഴിഞ്ഞാൽ അതിന് ഉപേക്ഷിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. അങ്ങനെ നായക്കുട്ടി കണ്ണു തുറന്നു തനിയെ പുറത്തിറങ്ങാൻ സമയമായപ്പോഴാണ് ലിയോണൽ അച്ഛനോട് കാര്യം പറയുന്നത്. അന്ന് അതിന്റെ പേരിൽ ഏറെ വഴക്ക് കേട്ടെങ്കിലും അവർ ആ നായ്ക്കുട്ടിയെ വളർത്താൻ തന്നെ തീരുമാനിച്ചു. അവന് ബോബി എന്ന് പേരുമിട്ടു. പിന്നീട് ആ കുടുംബത്തിൻറെ എല്ലാമെല്ലാമായി മാറുകയായിരുന്നു ബോബി.
2018 -ൽ ശ്വാസതടസ്സത്തെ തുടർന്ന് അവൻ ആശുപത്രിയിലായിരുന്നു. എങ്കിലും, ആരോഗ്യപ്രശ്നങ്ങളൊന്നും അവനെ വല്ലാതെ അലട്ടിയിരുന്നില്ല. പ്രായക്കൂടുതലിന്റെ ഭാഗമായ നടക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ച്ചക്കുറവ് എന്നിവയൊന്നുമല്ലാതെ.
വായിക്കാം: ചെയ്യാത്ത കുറ്റത്തിന് മൂന്നുപേർ ജയിലിൽ കഴിഞ്ഞത് 36 കൊല്ലം, 48 മില്ല്യൺ ഡോളർ നഷ്ടപരിഹാരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: