ചെയ്യാത്ത കുറ്റത്തിന് മൂന്നുപേർ ജയിലിൽ കഴിഞ്ഞത് 36 കൊല്ലം, 48 മില്ല്യൺ ഡോളർ നഷ്ടപരിഹാരം
1983 -ലെ താങ്ക്സ് ഗിവിംഗ് ഡേയിൽ 14 വയസ്സുള്ള ഡെവിറ്റ് ഡക്കറ്റിനെ കൊലപ്പെടുത്തിയെന്നതായിരുന്നു ഇവരുടെ മേലുള്ള കുറ്റം. അങ്ങനെ മൂന്നുപേർക്കും ജീവപര്യന്തം തടവ് വിധിച്ചു.

ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും വർഷങ്ങളോളം ജയിലിൽ കിടക്കുകയും ചെയ്ത അനേകം ആളുകളുണ്ട്. അതുപോലെ യുഎസ്സിൽ നിന്നുള്ള മൂന്നുപേർ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നത് 36 വർഷമാണ്. ഇപ്പോൾ അവർക്ക് 48 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഒരുങ്ങുകയാണ് സിറ്റി.
ആൽഫ്രഡ് ചെസ്റ്റ്നട്ട്, റാൻസം വാട്ട്കിൻസ്, ആൻഡ്രൂ സ്റ്റുവർട്ട് എന്നിവരാണ് 36 കൊല്ലക്കാലം ജയിലിൽ കിടന്നത്. പതിനാറാമത്തെ വയസിലാണ് ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1983 -ലെ താങ്ക്സ് ഗിവിംഗ് ഡേയിൽ 14 വയസ്സുള്ള ഡെവിറ്റ് ഡക്കറ്റിനെ കൊലപ്പെടുത്തിയെന്നതായിരുന്നു ഇവരുടെ മേലുള്ള കുറ്റം. അങ്ങനെ മൂന്നുപേർക്കും ജീവപര്യന്തം തടവ് വിധിച്ചു. എന്നാലിപ്പോൾ ബാൾട്ടിമോർ സിറ്റി സ്റ്റേറ്റ് അറ്റോർണി പുനരന്വേഷണത്തിന് ശേഷം ഇവർ നിരപരാധികളാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ദൃക്സാക്ഷികളെയോ മറ്റ് തെളിവുകളെയോ അന്ന് കേസ് അന്വേഷിക്കുന്നവർ പരിശോധിച്ചിരുന്നില്ല. പകരം മനപ്പൂർവം തെളിവുകൾ സൃഷ്ടിച്ചും കള്ളസാക്ഷ്യം പറയിപ്പിച്ചും മൂവരേയും കുടുക്കുകയായിരുന്നു എന്നും പുനരന്വേഷണത്തിൽ കണ്ടെത്തി.
ബാൾട്ടിമോർ സിറ്റി ബോർഡ് ഓഫ് എസ്റ്റിമേറ്റ്‌സിന്റെ ബുധനാഴ്ചത്തെ വോട്ടിലാണ് മൂന്ന് പേർക്കുമായി 48 മില്യൺ ഡോളർ ലഭിക്കുമെന്ന് ഉറപ്പായിരിക്കുന്നത്. "ഇവർ കൗമാരപ്രായത്തിൽ ജയിലിൽ പോയവരാണ്. ഇപ്പോൾ 50 -കളിൽ മുത്തച്ഛന്മാരായിട്ടാണ് പുറത്തുവന്നത്" എന്നാണ് ബാൾട്ടിമോർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ലീഗൽ കൗൺസൽ ജസ്റ്റിൻ കോൺറോയ് ബുധനാഴ്ച പേയ്‌മെന്റ് അംഗീകരിക്കുന്നതിന് മുമ്പ് സിറ്റി ബോർഡ് ഓഫ് എസ്റ്റിമേറ്റിനോട് പറഞ്ഞത്.
ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് പറയുന്നത്, പതിറ്റാണ്ടുകൾക്ക് മുമ്പ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്താൻ പണം നൽകാൻ തയ്യാറായി എങ്കിലും ശരിക്കും അവർക്ക് നൽകേണ്ടതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഇത് എന്നാണ്. WBAL-TV.com-ൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, ബോർഡ് ഓഫ് എസ്റ്റിമേറ്റ്സ് ചെയർമാൻ കൂടിയായ സിറ്റി കൗൺസിൽ പ്രസിഡന്റ് നിക്ക് മോസ്ബി പറഞ്ഞത്, " നിരപരാധികളായ ഈ മൂന്നുപേർക്കും അവരുടെ കുടുംബങ്ങൾക്കുമുണ്ടാക്കിയ മാനസികവും വൈകാരികവുമായ ആഘാതം നികത്താൻ ഈ ലോകത്ത് യാതൊന്നിനും തന്നെ കഴിയുകയില്ല. ഒരു നഷ്ടപരിഹാരത്തിനും അതൊന്നും തിരുത്താനും കഴിയില്ല" എന്നാണ്.
അതേസമയം 14 -കാരനായ ഡെവിറ്റ് ഡക്കറ്റിന്റെ യഥാർത്ഥ കൊലയാളി ജോൺ ഡോ മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: