നൈജീരിയയിൽ നടന്ന ഏറ്റവും പുതിയ ഭീകരാക്രമണത്തിൽ ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടനയുടെ ഭീകരർ 110 കർഷകരെ വധിച്ചിരിക്കുകയാണ്. രാജ്യത്തിൻറെ വടക്കു കിഴക്കൻ അതിർത്തിയിലാണ് ഈ ഏറ്റവും പുതിയ ആക്രമണം നടന്നിട്ടുള്ളത്. മരിച്ചവരിൽ 30 പേരെയെങ്കിലും ഭീകരർ കഴുത്തറുത്താണ് കൊന്നിരിക്കുന്നത്. ബോർണിയോ സ്റ്റേറ്റിലെ സബർമാറി ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് ആക്രമണം തുടങ്ങിയത്. നിരവധി ഗ്രാമീണർ പരിക്കേറ്റും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്. മരിച്ചവരിൽ പലരും സമീപ സംസ്ഥാനമായ സോകോട്ടോവിൽ നിന്ന് തൊഴിൽ തേടി ബോർണിയോവിലേക്ക് വന്നവരാണ്. 

എന്താണ് ഈ ബോക്കോ ഹറാം?

നൈജീരിയയിലെ ഗ്രാമീണ ഭാഷയായ ഹൗസയിൽ ബോക്കോ ഹറാം എന്ന വാക്കിന്റെ അർഥം 'പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധം' എന്നാണ്. അവർ സ്വയം വിളിക്കുന്ന മറ്റൊരു പേര്, 'ജമാഅത്തു  അഹ്ലിസ് സുന്ന ലിദ്ദ അവതി വൽ ജിഹാദ് 'എന്നാണ്.  പ്രവാചകൻ പഠിപ്പിച്ചതും ജിഹാദും പ്രചരിപ്പിക്കുന്നവർ എന്നാണ് ആ പേരിന്റെ അർഥം. ഈ തീവ്രവാദ പ്രസ്ഥാനം നൈജീരിയൻ താലിബാൻ എന്നും അറിയപ്പെടുന്ന ഒന്നാണ്. 

നൈജീരിയയുടെ വടക്കൻ സ്റ്റേറ്റുകളായ യോബെ, കാനോ, ബൗച്ചി, ബോർണോ, കടുന എന്നിവിടങ്ങളിലാണ് ബൊക്കോ ഹറാമിന് സ്വാധീന ശക്തി ഏറെയുള്ളത്. ശരിയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്ന കാരണത്താൽ നൈജീരിയയിലെ ഗവണ്മെന്റിനെയും ബോക്കോ ഹറാം അംഗീകരിക്കുന്നില്ല. 

 

ബൊക്കോഹറാമിന്റെ നാൾവഴികൾ ഇങ്ങനെ 

തൊണ്ണൂറുകൾ മുതൽക്ക് തന്നെ ഈ തീവ്രവാദ സംഘടന നിലവിലുണ്ട് എങ്കിലും 2002 -ൽ മുഹമ്മദ് യൂസുഫ് എന്ന നേതാവിന്റെ കീഴിൽ ഇത് പുനഃസംഘടിപ്പിക്കപ്പെടുന്നതോടെയാണ് പ്രസ്ഥാനം വീണ്ടും പുഷ്ടിപ്പെടുന്നത്. 

2003 ഡിസംബറിൽ 200 -ലധികം വരുന്ന ബോക്കോ ഹറാം തീവ്രവാദികൾ ചേർന്ന് നൈജർ അതിരിതിയിലുള്ള യോബെയിൽ നിരവധി പോലീസ് പോസ്റ്റുകൾ ആക്രമിക്കുന്നു. 

2009 -ൽ വീണ്ടും ബോക്കോ ഹറാം കലാപത്തിനിറങ്ങുന്നു. നിരവധി പൊലീസുകാരെ വധിക്കുന്നു. സൈന്യം പ്രതികരിക്കുന്നു. 700 -ലധികം ബോക്കോഹറാം പ്രവർത്തകർ കൊല്ലപ്പെടുന്നു. അവരുടെ ആസ്ഥാനമായ പള്ളി തകർക്കപ്പെടുന്നു. യൂസുഫിനെയും, ശിഷ്യൻ അബൂബക്കർ ഷെകുവിനെയും വധിച്ചതായി പൊലീസ് അവകാശപ്പെടുന്നു.

2010  ജൂലൈയിൽ  ഷെകുവിന്റെ വീഡിയോ പുറത്തുവരുന്നു. താൻ മരിച്ചിട്ടില്ല എന്നും, താനാണ് ബോക്കോ ഹറാമിന്റെ നേതാവ് എന്നും പ്രഖ്യാപിക്കുന്നു. 

2010 സെപ്റ്റംബറിൽ അമ്പതോളം ബോക്കോ ഹറാം തീവ്രവാദികൾ, ബൗച്ചിയിലെ ജയിൽ ആക്രമിക്കുന്നു. അഞ്ചു ജയിൽ ജീവനക്കാരെ വധിച്ച്, എഴുനൂറു ബോക്കോ ഹറാം അണികളെ മോചിപ്പിക്കുന്നു. 

2011 മെയിൽ ബൗച്ചിയിൽ വീണ്ടും ആക്രമണം, പത്തു മരണം. 

2011 ഓഗസ്റ്റിൽ അബുജയിൽ യുഎൻ കോമ്പൗണ്ട് ആക്രമണം, 23 മരണം.

2011  നവംബറിൽ വിവിധ അക്രമണങ്ങളിലായി ബോക്കോ ഹറാം നൂറിലധികം പേരെ വധിക്കുന്നു. 

2014 ഏപ്രിലിൽ ബോക്കോ ഹറാം ഒരു സ്‌കൂൾ ആക്രമിച്ച് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. ഇവരിൽ പലരും ബലാത്സംഗം ചെയ്യപ്പെടുകയും, ഭീകരവാദികളുടെ ലൈംഗിക അടിമകൾ അകപ്പെടുകയും, വിൽക്കപ്പെടുകയും ഒക്കെ ചെയ്യുന്നു. 

2014 മെയിൽ ബോർനോയിലെ ഒരു ഗ്രാമം ആക്രമിച്ച ബോക്കോ ഹറാമിനെതിരെ ഗ്രാമീണർ പ്രതികരിക്കുന്നു. ഇരുനൂറോളം ബോക്കോ ഹറാം കാർ കൊല്ലപ്പെടുന്നു. 

2014 ജൂണിൽ വീണ്ടും ബോർണോയിൽ വീണ്ടും ബോക്കോ ഹറാം ആക്രമണം 400 -500 പേരെങ്കിലും കൊല്ലപ്പെട്ടു എന്ന് അനൗദ്യോഗിക കണക്ക്.

2015 ജനുവരിയിൽ ബാഗയിൽ നടന്ന ആക്രമണത്തിൽ 2000 ലധികം മരണം.

2019 ജൂലൈയിൽ വടക്കൻ നൈജീരിയയിൽ നടന്ന ആക്രമണത്തിൽ 65 പേര് കൊല്ലപ്പെടുന്നു. 

2020 ജൂണിൽ വടക്കുകിഴക്കൻ നൈജീരിയയിലെ ഒരു ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ മരിച്ചത് 82 പേർ.