1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ചെഗുവേരയെ ജീവനോടെ പിടികൂടിയ ശേഷം, ബൊളീവിയന്‍ കമാന്‍ഡോകള്‍, സൈനിക ക്യാമ്പായി മാറ്റിയ പഴയൊരു സ്‌കൂളില്‍വെച്ച് വധിച്ചത്. ചെഗുവേരയ്ക്ക് നേരെ നിറയൊഴിക്കാനുള്ള ഉത്തരവാദിത്തം മാറിയോ ടെറാനു മേലാണ് വന്നത്.
ലാറ്റിനമേരിക്കന്‍ വിപ്ലവ ഇതിഹാസം ഏണസ്‌റ്റോ ചെഗുവേരയെ വെടിവെച്ചുകൊന്ന ബൊളീവിയന്‍ സൈനികന്‍ മാറിയോ ടെറാന്‍ എണ്‍പതാമത്തെ വയസ്സില്‍ മരിച്ചു. റിട്ടയര്‍മെന്റിനു ശേഷം ബൊളീവിയയിലെ ഏറ്റവും വലിയ നഗരമായ സാന്റാക്രൂസില്‍ കഴിയുകയായിരുന്ന ടെറാന്‍ ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ്, മാറിയോ ടെറാന്റെ മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ചെഗുവേരയെ ജീവനോടെ പിടികൂടിയ ശേഷം, ബൊളീവിയന്‍ കമാന്‍ഡോകള്‍, സൈനിക ക്യാമ്പായി മാറ്റിയ പഴയൊരു സ്‌കൂളില്‍വെച്ച് വധിച്ചത്. ചെഗുവേരയ്ക്ക് നേരെ നിറയൊഴിക്കാനുള്ള ഉത്തരവാദിത്തം മാറിയോ ടെറാനു മേലാണ് വന്നത്. മുകളില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ചെഗുവേരയുടെ നെഞ്ചിനു നേരെ ടെറാന്‍ നിറയൊഴിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമായാണ് പില്‍ക്കാലത്ത് മാറിയോ ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ക്യൂബയുടെ പ്രതികാരം
ചെഗുവേരയുടെ ജീവനെടുത്ത ടെറാന്‍ ക്യൂബന്‍ ജനതയുടെ ഏറ്റവും വലിയ ശത്രുവായിരുന്നുവെങ്കിലും, അവര്‍ ഒരിക്കലും അയാളോട് ആ വിധം പെരുമാറിയിട്ടില്ല. മറിച്ച്, നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ടെറാന് നേത്രശസ്ത്രക്രിയ ചെയ്തു കൊടുത്തത് ക്യൂബന്‍ സര്‍ക്കാറായിരുന്നു. വാര്‍ധക്യത്തില്‍ തിമിരം മൂര്‍ച്ഛിച്ച് കാഴ്ച മങ്ങിത്തുടങ്ങിയ ടെറാനെ ക്യൂബയിലേക്ക് വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ കണ്ണിലെ തിമിരത്തിനുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുത്തത്.
സൈനികന്‍ എന്ന നിലയിലുള്ള തന്റെ ജോലി നിര്‍വഹിക്കുക മാത്രമാണ് കമാന്‍ഡര്‍ ടെറാന്‍ ചെയ്തതെന്ന് ചെ ഗുവേരയെ പിടികൂടുകയും വധിക്കുകയും ചെയ്ത സംഘത്തിനു നേതൃത്വം നല്‍കിയ മുന്‍ ജനറല്‍ ഗാരി പ്രാദോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ലാ ഹിഗ്വെറയില്‍ വെച്ചാണ് പ്രാദേയും സംഘവും ചെഗുവേരയെ വധിച്ചത്. 'വെടിവെക്കരുത്. ഞാന്‍ ചെഗുവേരയാണ്. എന്നെ ജീവനോടെ പിടികൂടുന്നതായിരിക്കും നിങ്ങള്‍ക്ക് ലാഭം' -എന്നായിരുന്നു അമേരിക്കന്‍ പരിശീലനം കിട്ടിയ ബൊളീവിയന്‍ കമാന്‍ഡോകളോട് ചെഗുവേര പറഞ്ഞതെന്നാണ് റിച്ചാര്‍ഡ് എല്‍ ഹാരിസ് എഴുതിയ ചെ ഗുവേരയുടെ ജീവചരിത്രവും ജോണ്‍ ലി ആഡേഴ്‌സണ്‍ എഴുതിയ വിപ്ലവകാരിയുടെ ജീവിത കഥയിലും പറയുന്നത്.
ചെഗുവേരയെ പിടികൂടിയത് ഇങ്ങനെ
ലാ ഹിഗ്വെറയിലെ മലയിടുക്കുകളില്‍ ഒളിച്ചു പാര്‍ത്തിരുന്ന ചെഗുവേരയെയും സംഘത്തിനും പിന്നാലെയായിരുന്നു ജനറല്‍ പ്രാേദായുടെ നേതൃത്വത്തിലുള്ള ബൊളീവിയന്‍ റേഞ്ചേഴ്സ് കമാന്‍ഡോ സംഘം. ഒക്ടോബര്‍ എട്ടാം തീയതി പ്രഭാതത്തിലാണ് ക്യാപ്റ്റന്‍ ഗാരി പ്രാദോയുടെ നേതൃത്വത്തിലുള്ള നൂറുകണക്കിന് പട്ടാളക്കാര്‍ ലാ ഹിഗ്വെറ വളഞ്ഞത്.
ഉച്ചയോടെ ഒരു പട്രോള്‍ സംഘം ചെഗുവേരയുടെ സംഘത്തെ കാണുന്നു. ആദ്യം ചെഗുവേരയുടെയും കൂട്ടരുടെയും ആക്രമണത്തില്‍ രണ്ടു കമാന്‍ഡോകള്‍ വധിക്കപ്പെടുന്നു. പട്രോള്‍ സംഘത്തലവന്‍ ഈ വിവരം ക്യാപ്റ്റന്‍ പ്രാദോയെ അറിയിക്കുന്നു. ഉടനടി പ്രാദോയും സംഘവും ചെയും കൂട്ടരും ഒളിച്ച കാടിനെ നാലുപാടുനിന്നും വളയുന്നു. ചെ തന്റെ വളരെ ചെറിയ സംഘത്തെ വീണ്ടും രണ്ടായി പകുത്ത് രണ്ടുവഴിക്ക് പറഞ്ഞയച്ച് രക്ഷപ്പെടാന്‍ അവസാന ശ്രമം നടത്തി. പക്ഷേ, ചെയും കൂട്ടരും എത്തിപ്പെട്ടത് ക്യാപ്റ്റന്‍ പ്രാദോ ഒരുക്കിയ കെണിയിലാണ്.
വെടിവെച്ചോളൂ, ഭീരൂ...
വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട് പായുന്ന ചെയെ ബെര്‍ണാര്‍ഡിനോ ഹുവാങ്ക എന്ന സൈനികന്‍ വെടിവെച്ചുവീഴ്ത്തി. അതിനിടെ ചെയുടെ വിശ്വസ്തനായ റിക്രൂട്ട് വില്ലി പ്രത്യാക്രമണം നടത്തി ചെയെ രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി. ചെ വീണ്ടും വെടിയുതിര്‍ത്തു. എന്നാല്‍, സംഘം ചെയെ പിടികൂടുക തന്നെ ചെയ്തു. തുടര്‍ന്നാണ് ഏഴു കിലോമീറ്റര്‍ ദൂരത്തുള്ള താല്‍ക്കാലിക ക്യാമ്പിലേക്ക് ചെയെ ചുമന്നു കൊണ്ടുപോയത്. തുടര്‍ന്ന്, ചെഗുവേരയെ പതിറ്റാണ്ടുകളായി പിന്തുടരുന്ന സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗസ് ബൊളീവിയന്‍ പട്ടാള വേഷത്തില്‍ അവിടെ എത്തി. ചെയെ ജീവനോടെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകണം എന്നായിരുന്നു സിഐഎയുടെ ആവശ്യം. എന്നാല്‍, വധിക്കാനായിരുന്നു ബൊളീവിയന്‍ പട്ടാളത്തിന്റെ തീരുമാനം.
ടെറാനായിരുന്നു ചെയെ വധിക്കാനുള്ള നിയോഗം. അവര്‍ തമ്മിലുള്ള അവസാനത്തെ സംഭാഷണം, ജോണ്‍ ലീ ആന്‍ഡേഴ്‌സന്റെ 'ചെഗുവേര-എ റെവല്യൂഷനറി ലൈഫ്' എന്ന ജീവചരിത്രത്തിലുണ്ട്. തന്നെ കൊല്ലാനാണ് ടെറാന്‍ വന്നിട്ടുളളത് എന്ന് ചെഗുവേരയ്ക്ക് മനസ്സിലായിരുന്നു. 'നിങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നത് എന്നെ കൊല്ലാനാണ് എന്നെനിക്കറിയാം. വെടിവെച്ചോളൂ, ഭീരൂ... നിങ്ങള്‍ വെറുമൊരു മനുഷ്യനെ മാത്രമാണ് കൊല്ലാന്‍ പോകുന്നത്...' അദ്ദേഹം പറഞ്ഞു. ടെറാന്റെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ ചെഗുവേരയുടെ കയ്യിലും, കാലിലും, കഴുത്തിലും തുളച്ചുകേറി.
വെടിയുണ്ടകള്‍ തുളച്ചുകേറിയ ചെയുടെ മൃതദേഹം ആദ്യം ഗ്രാമീണര്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കപ്പെട്ടു. പിന്നീട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രമെടുക്കാന്‍ വേണ്ടിആശുപത്രിയിലെ ലോണ്‍ഡ്രി സിങ്കില്‍ കിടത്തി. ആ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ അച്ചടിച്ചു വന്നു. അതു കഴിഞ്ഞ് 55 വര്‍ഷങ്ങളായി. ചെഗുവേര മരണത്തിനു ശേഷവും ലോകമാകെ പ്രശസ്തനായി. ചെഗുവേരയുടെ നെഞ്ചിലേക്ക് പായിച്ച വെടിയുണ്ടയുടെ പേരില്‍ ടെറാനും. അവസാനമിതാ, എണ്‍പതാമത്തെ വയസ്സില്‍, ടെറാനും ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
