90 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പുസ്തകത്തിന്‍റെ മടങ്ങി വരവ് വെറും കൈയോടെയായിരുന്നില്ല. അതുവരെ അടയ്ക്കാതിരുന്ന ഫീസും കൊണ്ടായിരുന്നു അത് മടങ്ങി വന്നത്. 


വായിക്കാന്‍ താത്പര്യമുള്ളവര്‍ സമീപത്തെ ലൈബ്രറികളില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നത് പതിവാണ്. എന്നാല്‍, ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകിളില്‍പ്പെട്ട് ലൈബ്രറിയില്‍ നിന്നും വായിക്കാനെടുത്ത പുസ്തകം വായിക്കാന്‍ പറ്റാതെ പൊടിപിടിച്ച് മറ്റ് പുസ്തകങ്ങള്‍ക്കിടിയില്‍ തന്നെ ഇരിക്കും. മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും കഴിഞ്ഞാകും ആ പുസ്തകത്തെ പിന്നെ കാണുന്നത് തന്നെ. അത്രയേറെ കാലം കടന്ന് പോയതിനാല്‍ പുസ്തകം തിരിച്ച് കൊടുക്കാനുള്ള മടിയില്‍ അത് വീടിന്‍റെ ഷെല്‍ഫില്‍ തന്നെ പിന്നെയും ഇരിക്കും. എന്നാല്‍, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലേക്ക് അത്തരമൊരു പുസ്തകം തിരിച്ചെത്തി. അതും 90 വര്‍ഷങ്ങള്‍ക്ക് ശേഷം. പുസ്തകത്തിന്‍റെ മടങ്ങി വരവ് വെറും കൈയോടെയായിരുന്നില്ല. കഴിഞ്ഞ 90 വര്‍ഷമായി അടയ്ക്കാതിരുന്ന ഫീസും കൊണ്ടായിരുന്നു അത് മടങ്ങി വന്നത്. 

1933-ൽ ലാർച്ച്മോണ്ട് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത ജോസഫ് കോൺറാഡിന്‍റെ 1925-ലെ യൂത്ത് ആൻഡ് ടു അദർ സ്റ്റോറീസ് എന്ന പുസ്തകത്തിന്‍റെ ഒരു പകർപ്പാണ് 90 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിലെ ലൈബ്രറിയിൽ തിരിച്ചെത്തിയത്. വെർജീനിയയിലെ ജോണി മോർഗൻ തന്‍റെ രണ്ടാനച്ഛന്‍റെ സ്വത്തുക്കൾക്കിടയിൽ നിന്നാണ് പുസ്തകം കണ്ടെത്തിത്. തുടര്‍ന്ന് സെപ്തംബര്‍ അവസാനം ആ പഴയ ലൈബ്രറി പുസ്തകം ജോണി, ലൈബ്രറിയിലേക്ക് തന്നെ തിരിച്ചയച്ചു, അതും അതുവരെയുള്ള ഫീസോടുകൂടി. ഇത്രയും കാലത്തെ ഫീസായി 5 ഡോളറാണ് (416 രൂപ) ജോണി തിരിച്ച് അടച്ചത്. 1926-ൽ സ്ഥാപിതമായത് മുതൽ പ്രവർത്തിക്കുന്ന ലാർച്ച്‌മോണ്ട് ലൈബ്രറിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചെക്ക്-ഔട്ടുകളിൽ ഒന്നാണിതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

'വായുവില്‍ നിശ്ചലമായ വിമാനം'; ട്വിറ്റര്‍ ഉപയോക്താക്കളെ ഞെട്ടിച്ച വീഡിയോ വൈറല്‍ !

മനുഷ്യ - വന്യജീവി സംഘര്‍ഷങ്ങള്‍ ഏറെ പഠനം നടക്കേണ്ട മേഖല: വിഷ്ണു ഗോപാല്‍

പുസ്തകം വായിക്കാനായെടുത്ത ജിമ്മി എല്ലിസ്, തന്‍റെ ആദ്യ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം അന്ന് ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. 1978-ൽ അദ്ദേഹം അന്തരിച്ചു. "ലാർച്ച്മോണ്ട് പബ്ലിക് ലൈബ്രറിയിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകള്‍ അകലെയായിരുന്നു അവരുടെ വീട്. എഴുത്തുകാരനും വായനക്കാരനുമായ ജിമ്മിയും തന്‍റെ ആൺകുട്ടികളെ വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നതിനാൽ, അവർ ലാർച്ച്മോണ്ട് പബ്ലിക്കിൽ നിന്ന് പതിവായി പുസ്തകങ്ങൾ എടുത്തിരിക്കാം.' ജോണി മോർഗൻ ലൈബ്രറിയിലേക്ക് അയച്ച കത്തിൽ പറയുന്നു. 

സാധാരണഗതിയില്‍ പറഞ്ഞ സമയത്തിന് ശേഷവും പുസ്തകം തിരിച്ചെത്താതായാല്‍ ഒരു ദിവസം 20 സെന്‍റാണ് പിഴ. അങ്ങനെ വരുമ്പോള്‍ 90 വര്‍ഷത്തിന് ശേഷമെത്തിയ ആ പുസ്തകത്തിന് പിഴത്തുക 6,400 ഡോളര്‍ ആകും. എന്നാല്‍ 30 ദിവസത്തിന് ശേഷവും പുസ്തകം തിരിച്ചെത്താതായാല്‍ ലൈബ്രറി, പുസ്തകം നഷ്ടപ്പെട്ടതായി കണക്കാക്കും. പിന്നെ പുസ്തകത്തിന്‍റെ യഥാര്‍ത്ഥ വിലയാണ് ഈടാക്കും. ഇങ്ങനെയാണ് പുസ്തകത്തിന് ഏറ്റവും കൂടിയ പിഴയായ 5 ഡോളര്‍ വാങ്ങിയതെന്നും ലൈബ്രറി ചൂണ്ടിക്കാട്ടുന്നു. എന്താ, വീട്ടിലിരിക്കുന്ന പഴയ ലൈബ്രറി പുസ്തകങ്ങള്‍ തിരിച്ച് കൊടുക്കാന്‍ തോന്നുന്നോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക