ഫോറന്‍സിക് പരിശോധനകളില്‍ എങ്ങനെയാണ് ഓരോ മരണവും ഏത് രീതിയിലെന്ന് തിരിച്ചറിയാന്‍ കഴിയുക ?

വ്‌ളോഗര്‍ റിഫ

കോഴിക്കോട്ടെ മോഡല്‍ ഷഹാനയുടേത് ആത്മഹത്യയെന്ന് ആദ്യനിഗമനം. തൂങ്ങിമരണത്തെ സ്വാധീനിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കിട്ടി. വ്‌ളോഗര്‍ റിഫയുടെ മരണകാരണം അറിയാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ തലക്കെട്ടുകളാണിതെല്ലാം. ഫോറന്‍സിക് പരിശോധനകളില്‍ എങ്ങനെയാണ് ഓരോ മരണവും ഏത് രീതിയിലെന്ന് തിരിച്ചറിയാന്‍ കഴിയുക ?

മനുഷ്യമരണങ്ങളില്‍ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവുമെല്ലാം അതിന്റെ കാരണമന്വേഷിക്കുന്നത്. മൃതദേഹത്തില്‍ നിന്ന് തന്നെയാണ് പരിശോധന തുടങ്ങുന്നതും. കാരണം, ഓരോ മൃതദേഹത്തിനും അതിന്റെ അന്വേഷകരോട് നിശബ്ദമായെങ്കിലും പറയാനുണ്ട്, മരണകാരണത്തെ കുറിച്ച്. ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബമാകുന്നത് ഫോറന്‍സിക് എന്ന ശാസ്ത്രശാഖയാണ്. സമൂഹത്തെ ഞെട്ടിച്ച ചില കൊലപാതകങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ച അനുഭവകഥകളാണ് ഡോ. ബി. ഉമാദത്തന്‍ തന്റെ 'ഒരു ഫോറന്‍സിക് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ആത്മകഥയിലൂടെ പറയുന്നത്. കുറ്റാന്വേഷണശാസ്ത്രത്തെ പൊതുജനത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം കൂടിയാണിത്.


എക്‌സ്ഹ്യുമേഷന്‍

സംശയാസ്പദമായ മരണങ്ങളില്‍ മറവ് ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്താറുണ്ട്. എക്‌സ്ഹ്യുമേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അമ്പതുകളില്‍ മലയാള സിനിമാ രംഗത്ത് നിറഞ്ഞുനിന്ന മിസ് കുമാരിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത് എക്‌സ്ഹ്യുമേഷന്‍ വഴിയായിരുന്നു. കോട്ടയം ഭരണങ്ങാനത്തെ പള്ളി സെമിത്തേരി കല്ലറയില്‍ നിന്ന് നാളുകള്‍ക്ക് ശേഷം മൃതദേഹം പുറത്തെടുക്കുമ്പോഴും അല്‍പം പോലും അഴുകിയിരുന്നില്ല എന്ന് ഗ്രന്ഥകാരന്‍ ഓര്‍ത്തെടുക്കുന്നു. സൂര്യപ്രകാശവുമായോ മണ്ണുമായോ ചേരാതെയിരിക്കുന്ന മൃതശരീരങ്ങളില്‍ രാസപ്രക്രിയയുടെ ഭാഗമായി കൊഴുപ്പ് സോപ്പ് പോലുള്ള പദാര്‍ത്ഥമായി മാറുന്ന ഒരു അവസ്ഥയുണ്ട്. അഡിപ്പോസിയര്‍ എന്ന ഈ അവസ്ഥ മൂലം ശരീരം ചീയാതെയും ആകൃതി നഷ്ടപ്പെടാതെയും ഇരിക്കും. മൃതദേഹത്തിന്റെ ആമാശയത്തില്‍ നിന്ന് ഓര്‍ഗാനോഫോസ്ഫറസ് എന്ന ഗ്രൂപ്പില്‍ പെട്ട കൊടിയ വിഷത്തിന്റെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്ന് അന്വേഷകര്‍ എത്തിച്ചേര്‍ന്നത്.

സൂപ്പര്‍ ഇംപോസിഷന്‍

അസ്ഥികൂടം നോക്കി മരിച്ചയാള്‍ ആരെന്നും അയാളുടെ മുഖത്തിന്റെ രൂപവുമെല്ലാം നിര്‍ണയിക്കുക വലിയ വെല്ലുവിളിയായിരുന്ന കാലത്താണ് സൂപ്പര്‍ ഇംപോസിഷന്‍ എന്ന സങ്കേതം ഡോ. ബി.ഉമാദത്തന്‍ അവലംബിച്ചത്. കാറില്‍ കത്തിക്കരിഞ്ഞു കിടന്ന ശരീരത്തിന്റെ പാദത്തിന്റെ അസ്ഥിയില്‍ നിന്ന് പാദത്തിന്റെ രൂപം സൃഷ്ടിച്ചാണ് അത് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടേത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സാഹചര്യത്തെളിവുകള്‍ അനുകൂലമായിരുന്നെങ്കിലും സൂപ്പര്‍ ഇംപോസിഷന്‍ എന്ന ശാസ്ത്രീയ തെളിവ് വച്ച് തന്നെയാണ് കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് കേസില്‍ മരിച്ചത് ചാക്കോ തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.

ഡോ. ബി. ഉമാദത്തന്‍

സ്വയം തൂങ്ങിയതോ കെട്ടിത്തൂക്കിയതോ ?

ഒരാളെ കൊന്ന് കെട്ടിത്തൂക്കിയാല്‍ മൃതദേഹപരിശോധനയില്‍ അത് തിരിച്ചറിയാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും ഡോ. ബി.ഉമാദത്തന് കൃത്യമായ ഉത്തരമുണ്ട്.

പത്തനാപുരം സ്വദേശിയായ ഒരു യുവതിയുടെ മരണം ഉദാഹരണമാക്കിയാണ് ഡോക്ടര്‍ അത് വിശദമാക്കുന്നത്. ജീവനുള്ളപ്പോഴുംമരിച്ചുകഴിഞ്ഞും കഴുത്തിലുണ്ടാകുന്ന മുറിവുകള്‍ക്ക് വ്യത്യാസമുണ്ട്. മുറിവുകളുടെ ആകൃതി നോക്കി ഒരു ഫോറന്‍സിക് സര്‍ജന് എളുപ്പം തിരിച്ചറിയാമത്.

വിചിത്രമായ രീതികള്‍ അവലംബിക്കുന്ന തൂങ്ങിമരണങ്ങളെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. മൃതദേഹത്തിന്റെ പാദങ്ങളും കാല്‍മുട്ടും നിതംബവും തറയില്‍ മുട്ടിയ രീതിയില്‍ കാണുന്ന ഭാഗിക തൂങ്ങിമരണം അഥവാ പാര്‍ഷ്യല്‍ ഹാംഗിംഗ് എന്ന രീതിയും പലയിടത്തും ഉണ്ടായിട്ടുണ്ട്. ശരീരം തറയില്‍ മുട്ടിയാല്‍ എങ്ങനെ ശ്വാസം മുട്ടി മരിക്കും എന്ന ഒരു വലിയ ചോദ്യത്തിനുള്ള ഉത്തരമിതാണ്. കഴുത്തിലെ ശ്വാസനാളം അടയാന്‍ പതിനഞ്ച് കിലോഗ്രാം മര്‍ദ്ദം മതി. ധമനികള്‍ അടയാന്‍ അഞ്ചും സിരകള്‍ അടയാന്‍ രണ്ടും കിലോഗ്രാം പ്രഷര്‍ മതി. തലയുടെ ശരാശരി ഭാരം നാല് കിലോ ആണെന്നിരിക്കെ കഴുത്തിലെ കുരുക്കില്‍ അത്രയും ഭാരം കൊണ്ടുണ്ടാകുന്ന മര്‍ദ്ദം മാത്രം മതി മരണം സംഭവിക്കാന്‍..

സിനിമകളില്‍ കണ്ടിട്ടുള്ള ഡമ്മി പരീക്ഷണത്തിന്റെ അശാസ്ത്രീയതയും പുസ്തകത്തില്‍ പറയുന്നു. സുപ്രീംകോടതി വരെയെത്തിയ കുപ്രസിദ്ധമായ പോളക്കുളം കേസില്‍ സിബിഐ നടത്തിയ ഡമ്മി പരീക്ഷണം അന്ന് പരാജയമായിരുന്നു.

ലോക്കപ്പ് മരണങ്ങളും പാമ്പിനെ കൊണ്ട് കൊത്തിക്കലും സൂപ്പില്‍ സയനൈഡ് ചേര്‍ക്കലും മൃതദേഹം ചെറുകഷണങ്ങളാക്കി പുഴയിലെറിയലും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുറ്റാന്വേഷണ ശാസ്ത്രവും കുറ്റവാളികളുടെ മനശാസ്ത്രവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും ഡോ. ബി.ഉമാദത്തന്റെ ആത്മകഥ.