വായിക്കുന്നവരെ ഭയപ്പെടുന്ന നിലയിലേക്കാണ് ലോകത്താകെ സാമൂഹ്യസാഹചര്യം മാറുന്നത്. പ്രത്യേകിച്ച് ഭരണാധികാരികളെ എതിര്‍ക്കുന്നതൊന്നും വായിച്ചുകൂടാ എന്ന അവസ്ഥയുമുണ്ട്... ഭരണാധികാരികളെ വിമര്‍ശിക്കുന്ന പുസ്‍തകങ്ങളോ, സിനിമകളോ ഒക്കെ പുറത്തിറക്കുന്നതിലും ആളുകളുടെയിടയിലെത്തുന്നതിലും കനത്ത അമര്‍ഷം രേഖപ്പെടുത്തുന്നത് പലപ്പോഴും അവരെ പിന്തുണക്കുന്നവരാണ്. ഈ ലൈബ്രറിയിലും സംഭവിച്ചത് വേറൊന്നുമല്ല.

സാധാരണ ഐഡഹോയിലെ ഈ ലൈബ്രറിയില്‍ ജീവനക്കാരാണ് വായനക്കാര്‍ക്കുള്ള പുസ്‍തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുന്നത്. എന്നാലിപ്പോള്‍ കുറച്ചുകാലങ്ങളായി ചില പ്രത്യേക പുസ്‍തകങ്ങള്‍ ലൈബ്രറിയില്‍ കാണാനില്ല. അവ മറ്റുള്ളവര്‍ വായിക്കുന്നതിഷ്‍ടപ്പെടാത്ത ആരോ ഒളിച്ചുവച്ചിരിക്കുന്നതായാണ് കരുതുന്നത്. അത് ശരിയെന്ന് തെളിയിക്കുന്ന ചില സൂചനകളും കുറിപ്പിന്‍റെ രൂപത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

38,000 ചതുരശ്രയടിയുള്ള കെട്ടിടത്തിലെ ലൈബ്രറിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ വിമര്‍ശിക്കുന്ന പുസ്‍തകങ്ങള്‍, LGBTQ വിഷയങ്ങള്‍, മനുഷ്യാവകാശം, കുടിയേറ്റം, സ്ത്രീകളുടെ വോട്ടവകാശം എന്നിവ സംബന്ധിച്ച പുസ്‍തകങ്ങളാണ് കാണാതാവുന്നതെന്ന് ഡയറക്ടർ ബെറ്റ് അമ്മോൺ പറഞ്ഞു. ഏകദേശം ഇരുപതോളം പുസ്‍തകങ്ങള്‍ ഇങ്ങനെ കാണാതെ പോയി. അതില്‍ കാണാതെപോയ ഒരു പുസ്‍തകം കഴിഞ്ഞ ആഴ്‍ച ലഭിച്ചത് ഫിക്ഷന്‍ വിഭാഗത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പുസ്‍തകങ്ങളുടെ ഇടയില്‍നിന്നാണെന്നും അമ്മോണ്‍ പറയുന്നു. ഈ ഫിക്ഷന്‍ പുസ്‍തകങ്ങള്‍ വഴിയില്‍ നിന്നൊക്കെ മാറി ഒരു കോണിലാണെന്നും അമ്മോണ്‍ പറയുന്നു. 

2018 -ലെ വേനല്‍ക്കാലം മുതലാണ് അപരിചിതമായ ചില കാര്യങ്ങള്‍ ലൈബ്രറി ജീവനക്കാരുടെ കണ്ണില്‍ പെട്ടത്. ഓരോ പുസ്‍തകവും അവ സാധാരണയായി വെക്കുന്ന സ്ഥലങ്ങളില്‍ കാണുന്നില്ല. തൊട്ടുപിന്നാലെ ചില കാര്യങ്ങള്‍ കുറിച്ച ഒരു കാര്‍ഡും ലൈബ്രറി ജീവനക്കാര്‍ക്ക് കിട്ടി. അതില്‍ കുറിച്ചിരുന്നത് ഇപ്രകാരമായിരുന്നു: 'നമ്മുടെ പ്രസിഡണ്ടിനെ വിമര്‍ശിക്കുന്ന ധാരാളം പുസ്‍തകങ്ങള്‍ ഇവിടെയുള്ളതായി എന്‍റെ ശ്രദ്ധയില്‍ പെട്ടു. ആ പുസ്‍തകങ്ങള്‍ ആരും ശ്രദ്ധിക്കാത്ത എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കുന്നത് ഞാന്‍ തുടരും. അങ്ങനെ യുവമനസ്സുകളില്‍ അത്തരം പ്രചരണങ്ങളെത്തുന്നത് തടയും. നിങ്ങളുടെ ഈ പുരോഗമനപരമായ ഉത്കണ്ഠ എനിക്ക് വലിയ സന്തോഷം നല്‍കുന്നു.' 

ആരാണ് ഈ പുസ്‍തകങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നതെന്ന് കണ്ടെത്താന്‍ ലൈബ്രറി ജീവനക്കാര്‍ ചില ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. അതിനുശേഷം അവിടെയൊരു വെബ് കാമറയും സ്ഥാപിച്ചു. എന്നാല്‍, എല്ലായ്പ്പോഴും ആ ക്യാമറ ശ്രദ്ധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ പുസ്‍തകം തെരഞ്ഞെടുക്കാന്‍ ഒരു കുട്ടിയെ സഹായിക്കുകയോ മറ്റോ ചെയ്യുകയായിരിക്കും. പൊലീസിന് ഇതേക്കുറിച്ചറിയാമെന്നും ആളെ കണ്ടെത്തിയാല്‍ അനധികൃതമായി പ്രവേശിച്ചതിനും പുസ്‍തകങ്ങളൊളിപ്പിച്ചതിനും കുറ്റം ചുമത്താമെന്നും അമ്മോണ്‍ പറയുന്നുണ്ട്. പക്ഷേ, അതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ജീവനക്കാരന്‍ ആളെ കണ്ടെത്താനായി തന്‍റെ ഡ്രോണ്‍ വരെ ഉപയോഗിച്ചു. അപ്പോഴും പുസ്തക അലമാരികളുടെ മുകള്‍വശം മാത്രമാണ് കാണാനായത്.

ഏതായാലും പുസ്‍തകം ഒളിപ്പിച്ചു വയ്ക്കുന്നയാളുടെ ഉദ്ദേശ്യം അവ ലൈബ്രറിക്ക് വെളിയിലാക്കുക എന്നതാണെങ്കില്‍ നടക്കില്ലായെന്നും അമ്മോണ്‍ പറയുന്നുണ്ട്. വായനക്കാര്‍ ആവശ്യപ്പെടുന്ന പുസ്‍തകങ്ങള്‍ നമ്മളെത്തിച്ചിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ''ഇപ്പോള്‍ നമ്മുടെ കയ്യില്‍ മൈക്കല്‍ വോള്‍ഫിന്‍റെ ഫയര്‍ ആന്‍ഡ് ഫ്യൂരി എന്ന പുസ്‍തകത്തിന്‍റെ മൂന്ന് കോപ്പികളുണ്ട്. സാധാരണ ഒരു കോപ്പി മാത്രമേ ഞങ്ങള്‍ വാങ്ങുമായിരുന്നുള്ളൂ. അതുപോലെ തന്നെ April Ryan ബുക്കിന്‍റെയും മൂന്ന് കോപ്പികളുണ്ട് എന്നും അമ്മോണ്‍ പറയുന്നു. (ട്രംപിനെ വിമര്‍ശിക്കുന്ന പുസ്‍തകങ്ങളാണ് ഇവ രണ്ടും.)

അതുപോലെ തന്നെ ട്രംപ് വിമര്‍ശനമുള്ള മറ്റൊരു പുസ്‍തകമാണ് റിക്ക് റെയ്‍ലിയുടെ Commander in Cheat: How Golf Explains Trump. ലൈബ്രറിയില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ചറിഞ്ഞ റെയ്‍ലി നവംബര്‍ 21 -ന് ലൈബ്രറി സന്ദര്‍ശിക്കുമെന്നും തന്‍റെ പുസ്‍തകത്തിന്‍റെ 10 കോപ്പികള്‍ കൂടെ കരുതുമെന്നും ട്വീറ്റ് ചെയ്‍തു.

സംഭവത്തെ കുറിച്ചറിഞ്ഞ് ലോകത്താകെ നിന്ന് ആളുകള്‍ തങ്ങള്‍ക്ക് പുസ്‍തകവും പണവും സംഭാവന നല്‍കാന്‍ തയ്യാറാകുന്നുണ്ടെന്നും അമ്മോണ്‍ പറയുന്നു. ആളുകള്‍ക്ക് അവര്‍ക്കിഷ്‍ടമുള്ളതെന്തും വായിക്കാനുള്ള അധികാരമുണ്ട്. അതിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നും അമ്മോണ്‍ വ്യക്തമാക്കുന്നു.

ഏത് പുസ്‍തകങ്ങളാണ് വാങ്ങേണ്ടത് എന്നതില്‍ ലൈബ്രറി, വായനക്കാരുടെ നിര്‍ദ്ദേശം സ്വീകരിക്കാറുണ്ടായിരുന്നു. അതുപോലെ പുസ്‍തകം ഒളിപ്പിച്ചു വയ്ക്കുന്നയാളോടും എന്ത് പുസ്‍തകമാണ് വാങ്ങേണ്ടതെന്ന് അന്വേഷിച്ചിരുന്നതായും  അതിന് മറുപടി ലഭിച്ചില്ലായെന്നും അമ്മോണ്‍ പറയുന്നു.