വിംഗ്‌സ്റ്റോപ്പ് യുകെ വിഭാഗത്തിന്‍റെ സഹസ്ഥാപകനായ ടോം ഗ്രോഗൻ, തന്‍റെ ബിസിനസ് വിറ്റ് ശതകോടീശ്വരനായ ശേഷം ജീവിതം മടുത്തുവെന്നും ശൂന്യത അനുഭവപ്പെടുന്നുവെന്നും വെളിപ്പെടുത്തി. പണത്തിന് ഈ ശൂന്യത നികത്താനാകില്ലെന്നും ജീവിതത്തിലൊരു ലക്ഷ്യം വേണം.
ഒരു സംരംഭകനെന്ന നിലയിലെ വന്‍ വിജയത്തിന് ശേഷമുള്ള ജീവിതത്തില്‍ തനിക്ക് ജീവിതം ബോറടിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ശതകോടീശ്വരന്‍, വീണ്ടും ജോലിക്ക് പോകാന്‍ തീരുമാനിച്ചു. ഒരു നിർമ്മാണ തൊഴിലാളിയായി മണിക്കൂറിൽ 5 പൗണ്ട് സമ്പാദിക്കുകയും പിന്നീട് വിജയിച്ച ബ്രിട്ടീഷ് സംസ്ഥാപകനുമായ, ടോം ഗ്രോഗൻ ആണ് തന്‍റെ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചിക്കൻ വിംഗുകൾക്കും കൾട്ട് ഫോളോവേഴ്‌സിനും പേരുകേട്ട ജനപ്രിയ അമേരിക്കൻ റെസ്റ്റോറന്‍റ് ശൃംഖലയായ വിംഗ്‌സ്റ്റോപ്പിന്‍റ യുകെ വിഭാഗത്തിന്‍റെ സഹസ്ഥാപകനായിരുന്നു ടോം ഗ്രോഗൻ.
തൊഴിലാളിയിൽ നിന്നും ശതകോടീശ്വരനിലേക്ക്
ടോം ഗ്രോഗന്‍റെ കഥ സംരംഭക കഥ വളരെ പ്രശസ്തമാണ്. വിംഗ്‌സ്റ്റോപ്പിന്‍റെ യുകെ വിഭാഗത്തിന്‍റെ സഹസ്ഥാപകനാകാൻ അദ്ദേഹം ഏറെ കഷ്ടപ്പാടുകൾ സഹിച്ചിരുന്നു. ഹെർമൻ സഹോട്ട, സോൾ ലെവിൻ എന്നിവർക്കൊപ്പം, ടോം പുതിയ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചു. എന്നാല്‍ ഏതാണ്ട് 50 നിക്ഷേപകരാണ് ടോമിനെ നിരസിച്ചത്. എന്നാല്‍ പിന്നീട് ബ്രിട്ടനിലുടനീളം 57 റെസ്റ്റോറൻറുകളുടെ ഒരു വലിയ ശൃംഖല തന്നെ പണിതുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
പക്ഷേ, ശൂന്യത മാത്രം
എന്നാല്‍, 2023-ൽ, അവർ ബിസിനസിലെ ഭൂരിഭാഗം ഓഹരികളും 532 മില്യൺ ഡോളറിന് (ഏതാണ്ട് 4,717 കോടി ഇന്ത്യന്‍ രൂപയ്ക്ക്) വിറ്റു. പക്ഷേ. ഇന്ന ടോം പറയുന്നത്, 'ആ ശൂന്യത തനിക്ക് പണം കൊണ്ട് നികത്താൻ കഴിയില്ലെന്നാണ്'. ഏഴ് വർഷത്തോളം അത് മാത്രമായിരുന്നു ചിന്ത. അത് നേടിയപ്പോൾ അവിശ്വസനീയമായിരുന്നു. പക്ഷേ, ഇന്ന് ഇനി എന്തെന്ന് ചോദിക്കുമ്പോൾ ശൂന്യതയാണ് അനുഭവപ്പെടുന്നത്. പണത്തിന് ആ ശൂന്യത നികത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതുകളില്‍ വെറുമൊരു നിർമ്മാണ തൊഴിലാളിയായിരുന്ന താൻ വളരെ പെട്ടെന്നാണ് ശതകോടീശ്വരനിലേക്ക് ഉയർന്നത്. പക്ഷേ, സംരംഭകനിൽ നിന്ന് നിക്ഷേപകനിലേക്കുള്ള തന്‍റെ വളർച്ച വളരെ പതുക്കെയാണെന്നും ടോം കൂട്ടിചേര്‍ക്കുന്നു. അപ്രതീക്ഷിതമായി പണം സമ്പാദിച്ചെങ്കിലും താൻ ഇപ്പോഴും വാടകയ്ക്കാണ് താമസിക്കുന്നതെന്നും ഒരു മാളികയോ കാറുകളുടെ കൂട്ടം തുടങ്ങിയ ആഡംബരങ്ങൾക്കായി പണം ചെലവഴിച്ചിട്ടില്ല. പകരം, ഇപ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്ന ആലോചനയിലാണെന്നം ടോം ഫോർച്യൂണിനോട് പറയുന്നു. താനിപ്പോൾ മറ്റൊന്നിനെ കുറിച്ച് ആലോചിക്കുകയാണെന്നും ഇനിയും ഭക്ഷണ രംഗത്തേക്ക് മുതൽ മുടക്കാനില്ലെന്നും ടോം പറയുന്നു. പക്ഷേ, ഒരു ജോലി വേണം. വെറുതെ ഇരുന്ന് സൂര്യാസ്തമനം കാണാന്‍ പറ്റില്ല, എഴുന്നേൽക്കുമ്പോൾ ജീവിതത്തില്‍ ഒരു ലക്ഷ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


