പ്രധാനമന്ത്രി സ്വകാര്യമായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ 15 വര്‍ഷമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് വിവാദം. 

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്വകാര്യ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനെ ചൊല്ലി ബ്രിട്ടനില്‍ തര്‍ക്കം മുറുകുന്നു. പ്രധാനമന്ത്രി സ്വകാര്യമായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ 15 വര്‍ഷമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് വിവാദം. പ്രധാനമന്ത്രിയോട് അടിയന്തിരമായി ഫോണ്‍ നമ്പര്‍ മാറ്റാന്‍ നിര്‍ദ്ദേശമുണ്ടായെന്ന് വാര്‍ത്തയുണ്ട്. മൊബൈല്‍ നമ്പര്‍ പരസ്യമായ വിവരം വാര്‍ത്തയായെങ്കിലും സംഭവത്തെ കുറിച്ച് ഇതുവരെപ്രധാനമന്ത്രി കാര്യാലയം പ്രതികരിച്ചിട്ടില്ല. 

2006-ല്‍ ഒരു പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അന്ന് ഹെന്‍ലേ എംപിയായിരുന്ന ബോറിസ് ജോണ്‍സന്റെ നമ്പര്‍ ഉണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കമന്റിനായി ഈ നമ്പറില്‍ ബന്ധപ്പെടാമെന്നു വിശദീകരിക്കുന്ന പത്രക്കുറിപ്പ് ഇതുവരെ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു. ആര്‍ക്കും ഇന്റര്‍നെറ്റില്‍നിന്ന് എടുത്തുപയോഗിക്കാന്‍ കഴിയുന്ന വിധം നമ്പര്‍ പരസ്യമായതായി കഴിഞ്ഞ ദിവസമാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഒരു വാര്‍ത്താ ഏജന്‍സി ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും സ്വിച്ചോഫ് ആണെന്നായിരുന്നു വിവരം. 

പ്രധാനമന്ത്രിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതായാണ് പ്രതിപക്ഷ വിമര്‍ശനം. നമ്പര്‍ ഉപയോഗിച്ച് വന്‍കിട ബിസിനസുകാര്‍ക്ക് പ്രധാനമന്ത്രിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ബ്ലാക്ക്‌മെയില്‍ ചെയ്യാനും ഇത് ഉപയോഗിക്കപ്പെടാമെന്ന് ലേബര്‍ എംപി റേച്ചല്‍ ഹോപ്കിന്‍സ്പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും റേച്ചല്‍ ബിബിസിയോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളും സൈബര്‍ അക്രമികളും നമ്പര്‍ ദുരുപയോഗപ്പെടുത്തിയിരിക്കാമെന്ന ആശങ്കയാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിക്കറ്റ്‌സ് പ്രഭു ഉയര്‍ത്തുന്നത്. അതേ സമയം, പ്രധാനമന്ത്രിയുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുള്ള ഏജന്‍സികള്‍ക്ക് നല്‍കാതിരിക്കേണ്ടത് അത്യാവശ്യമാണെന്ന നിര്‍ദേശം സര്‍ക്കാറിനുള്ളില്‍ തന്നെ ഉയര്‍ന്നതായി വിവരമുണ്ട്.