വൈനുണ്ടാക്കിയെടുക്കുക എന്നത് വളരെ സര്‍ഗാത്മകവും ക്രിയാത്മകവുമായ ഒരു ജോലി തന്നെയാണ്. വീഞ്ഞിന് ഈ വീര്യവും അതുണ്ടാക്കുന്ന രീതിയില്‍നിന്നും കിട്ടുന്നതാണ്. പുളിപ്പിച്ച മുന്തിരിച്ചാറിന്‍റെയും മറ്റും കഥകള്‍ പുരാണകാലത്തുനിന്നും തൊട്ടിങ്ങോട്ട് എത്രയെത്ര കേട്ടിരിക്കുന്നു! എന്നാല്‍, ബഹിരാകാശത്തുവെച്ച് വൈന്‍ പഴകാന്‍വെച്ചാലെങ്ങനെയായിരിക്കും എന്ന പുതിയ പരീക്ഷണത്തിലേക്കാണ് ഇപ്പോള്‍ ലോകം കടന്നുകൊണ്ടിരിക്കുന്നത്. 

ഇതിനായി, ഒരു ഡസൻ ഫ്രഞ്ച് വൈനിന്‍റെ കുപ്പികളാണ് തിങ്കളാഴ്ച ഭൂമിയില്‍നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചേര്‍ന്നത്.  ഈ ചുവന്ന ബോര്‍ഡോ വൈന്‍ ഭൂമിയിലേക്ക് മടങ്ങുന്നതിനി ഒരു വര്‍ഷം കഴിഞ്ഞിട്ടാകും. ഭാരക്കുറവും ബഹിരാകാശ വികിരണവും പഴക്കമാകല്‍ പ്രക്രിയയെ എങ്ങനെ ബാധിക്കുമെന്നാണ് ഗവേഷകർ ഈ വൈനില്‍നിന്നും പഠിക്കുക. ഭക്ഷ്യവ്യവസായത്തിനുതന്നെ പുതിയ മണവും ഗുണവും വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ പുതിയ വൈന്‍ പരീക്ഷണത്തിന്‍റെ ലക്ഷ്യം.

നോർത്രോപ്പ് ഗ്രുമ്മൻ എന്ന പേടകത്തിലേറി വീഞ്ഞുകുപ്പികൾ വിർജീനിയയിൽ നിന്ന് ശനിയാഴ്‍ചയോടെ പറന്നുയർന്നു. അവ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തിങ്കളാഴ്ച എത്തിച്ചേർന്നു. ഉടഞ്ഞുപോകാതിരിക്കാൻ വേണ്ടി സശ്രദ്ധം ഒരു ലോഹകവചത്തിനുള്ളിൽ അടക്കം ചെയ്താണ് ഓരോ വീഞ്ഞുകുപ്പിയും  ഭൂമിയിൽ നിന്ന് അയച്ചത്. ലക്സംബർഗ് സ്റ്റാർട്ടപ്പായ സ്‌പേസ് കാർഗോ അൺലിമിറ്റഡിൽ നിന്നുള്ള പരീക്ഷണത്തിൽ ഫ്രാൻസിലെ ബോര്‍ഡോ, ജർമനിയിലെ ബവേറിയ എന്നിവിടങ്ങളിലെ സർവകലാശാലകളും പങ്കെടുക്കുന്നുണ്ട്. ബഹിരാകാശത്തുനിന്നുള്ള പഴകിയ വൈനും ഭൂമിയിലെ അത്രതന്നെ പഴക്കമുള്ള വൈനുമായി താരതമ്യപ്പെടുത്തുകയാണ് ചെയ്യുക. 

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടത്താന്‍ കമ്പനി ആസൂത്രണം ചെയ്യുന്ന ആറ് ബഹിരാകാശ ദൗത്യങ്ങളിൽ ആദ്യത്തേതാണ് ഇത്. ''ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സാഹസികതയാണ്'' എന്നാണ് ഇതിനെക്കുറിച്ച്  സ്‌പേസ് കാർഗോ അൺലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവും സഹസ്ഥാപകനുമായ നിക്കോളാസ് ഗൗം ഒരു പ്രസ്താവനയിൽ പറഞ്ഞത്. ഇതുപോലുള്ള കൂടുതൽ ബിസിനസ്സ് അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നതിന്‍റെ തുടക്കം മാത്രമാണിത്. പിന്നീട്, നാസ, സ്വകാര്യ ബഹിരാകാശ യാത്രികർക്കുപോലും പരീക്ഷണങ്ങള്‍ക്ക് പ്രാപ്യമായ തരത്തിലേക്ക് ഇത് മാറ്റുമെന്നാണ് പറയുന്നത്.

വൈന്‍ മാത്രമല്ല,  ബഹിരാകാശത്തേക്ക് അയച്ചതില്‍ പെടുന്നത്. ചോക്ലേറ്റ് ചിപ്പ് കുക്കികൾ ബേക്ക് ചെയ്യുന്നതിനുള്ള ഒരു അടുപ്പ്, ഇറ്റലിയുടെ ലംബോർഗിനി അതിന്റെ സ്പോർട്‍സ് കാറുകളിൽ ഉപയോഗിക്കുന്ന കാർബൺ ഫൈബറിന്റെ സാമ്പിളുകൾ എന്നിവയെല്ലാം ഒപ്പമുണ്ടായിരുന്നു. നേരത്തെയും ഇത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. 2015 -ല്‍ ഒരു ജപ്പാന്‍ കമ്പനി വിസ്‍കി അടക്കം മദ്യങ്ങള്‍ സാമ്പിളുകളായി അയച്ചിരുന്നു. മറ്റൊരു പരീക്ഷണത്തിനായി സ്കോച്ചും ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. തീര്‍ന്നില്ല, ഒരു ഫ്രഞ്ച് ബഹിരാകാശയാത്രികൻ 1985-ൽ പരീക്ഷണത്തിനായി ഒരു കുപ്പി വൈൻ കൊണ്ടുപോയിരുന്നു. ഈ കുപ്പി ഭ്രമണപഥത്തിൽ തുടരുകയായിരുന്നു. 

ഇന്ന്, ബഹിരാകാശനിലയത്തില്‍ മൂന്ന് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ഇറ്റാലിയനുമാണ് യാത്രികരായിട്ടുള്ളത്. അവരായിരിക്കും ഈ വൈന്‍ പഴകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുക.