ഇപ്പോൾ ജെറ്റിൽ പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മണിക്കൂറിന് 1,000 പൗണ്ടിൽ കൂടുതൽ നൽകേണ്ടിവരും.
വെറും 1 പൗണ്ടിന് (100 രൂപയ്ക്ക്) വാങ്ങിയ ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഒരു ഐക്കണിക് വിമാനം(British Airways Plane) ആഡംബര പ്ലെയിൻ പാർട്ടികൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു വലിയ ആഡംബര ബാറാക്കി(Luxury Bar)മാറ്റിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കോട്‌സ്‌വോൾഡ്‌സ് എയർപോർട്ടിലാണ് ബിഎ നെഗസ് 'പാർട്ടി വിമാനം'. സ്വകാര്യ ജന്മദിന പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഇവന്റുകൾ വരെ ഹോസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഇത് ഇപ്പോൾ വാടകയ്‌ക്കെടുക്കാൻ ലഭ്യമാണ്.
വിമാനം കൊവിഡ് പാൻഡെമിക്കിനെ തുടർന്ന് പ്രവർത്തിക്കാതായതോടെയാണ് എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് സുസന്ന ഹാർവി 2020 -ൽ വെറും 1 പൗണ്ടിന് വിമാനം വാങ്ങിയത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. "ഞാൻ അത് വാങ്ങാനായി ഒരു പൗണ്ട് നൽകി. പൊതു ഉപയോഗത്തിന് പറ്റും വണ്ണം അത് പരിപാലിക്കാൻ ഞങ്ങൾക്ക് ഒരു നിശ്ചിത ബാധ്യതയുണ്ട്. അവളെ ഇവിടെ ഇങ്ങനെ തയ്യാറാക്കാൻ കമ്പനിക്ക് ഏകദേശം 500,000 പൗണ്ട് (5 കോടി രൂപ) ചെലവഴിക്കേണ്ടി വന്നു. പക്ഷേ, അത് നന്നായി ചെലവഴിച്ചുവെന്ന് ഞാൻ കരുതുന്നു” എന്ന് സൂസന്ന പറഞ്ഞു.
വിമാനത്തിന്റെ ഒറിജിനൽ ഘടനയിൽ ഭൂരിഭാഗവും അതേപടി നിലനിർത്തിയിരിക്കുന്നു. എന്നാൽ, ഇവന്റുകൾക്കായി കൂടുതൽ ഇടം സൃഷ്‌ടിക്കാൻ ഇക്കോണമി വിഭാഗത്തെ നീക്കം ചെയ്യുകയും ഗാലറി ഒരു ബാറാക്കി മാറ്റുകയും ചെയ്‌തു. "ഇതൊരു നീണ്ട പ്രവർത്തനമായിരുന്നു. 2020 ഒക്ടോബറിലാണ് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അടുത്ത ഈസ്റ്ററിന് ഞങ്ങൾ അവളെ ഉയിർത്തെഴുന്നേൽപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നു. എല്ലാവരിൽ നിന്നും ഞങ്ങൾക്ക് മികച്ച പിന്തുണ കിട്ടി. ഒടുവിൽ, അവളിതാ തയ്യാറാണ്" സൂസന്ന കൂട്ടിച്ചേർത്തു.
ഇപ്പോൾ ജെറ്റിൽ പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മണിക്കൂറിന് 1,000 പൗണ്ടിൽ കൂടുതൽ നൽകേണ്ടിവരും. അതായത് ഒരു ലക്ഷത്തിലധികം. എന്നാൽ, ഈ തുക ആയിട്ട് പോലും തങ്ങൾക്ക് നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് സൂസന്ന പറയുന്നു.
