അതേ സമയം കുട്ടി താൻ സോയാ സോസിന്റെ കുപ്പി നുണഞ്ഞതായി സമ്മതിച്ചു. ഒപ്പം അതിൽ മാപ്പഭ്യർത്ഥിക്കുകയും കേസ് റദ്ദാക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു.

ഓരോ റെസ്റ്റോറന്റിനും ഓരോ നിയമം കാണും. ആ നിയമം തെറ്റിച്ചാൽ ചിലപ്പോൾ അവർ ദേഷ്യപ്പെട്ടു എന്നിരിക്കും. അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ കുട്ടികൾ എങ്ങനെ ആയിരിക്കും പെരുമാറുക എന്നത് നമുക്ക് പറയാൻ സാധിക്കില്ല അല്ലേ? എന്നാലും കുട്ടികളല്ലേ എന്ന് കരുതി ചിലപ്പോൾ നാം അത് ക്ഷമിച്ചെന്നിരിക്കും. എന്നാൽ, സോയ സോസിന്റെ കുപ്പി നുണഞ്ഞതിന് ഒരു കുട്ടിയോട് ജപ്പാനിലെ ഒരു സുഷി ശൃംഖല നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഏകദേശം നാല് കോടി രൂപയാണ്. 

ജപ്പാനിലെ ഒരു പ്രധാന സുഷി ശൃംഖലയായ സുഷിറോയാണ് തങ്ങളുടെ ഔട്ട്‌ലെറ്റുകളിലൊന്നിൽ വച്ച് സോയ സോസ് കുപ്പി നുണഞ്ഞ ഒരു ആൺകുട്ടിക്കെതിരെ കേസ് ഫയൽ ചെയ്തത്. റസ്റ്റോറന്റ് ശൃംഖല നടത്തുന്ന കമ്പനിയായ അകിന്ദോ സുഷിറോയാണ് മാർച്ച് 22 -ന് ഒസാക്ക ജില്ലാ കോടതിയിൽ കുട്ടിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ വർഷം ജനുവരിയിലാണ് കുട്ടി ഒരു സുഹൃത്തിനോടൊപ്പം ഗിഫു പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത റസ്റ്റോറന്റ് സന്ദർശിച്ചത്. ആ ദിവസമാണ് കുട്ടി സോയാ സോസിന്റെ കുപ്പി നുണഞ്ഞതും. 

തുറന്നുവച്ചിരിക്കുന്ന സോസിന്റെ കുപ്പിയും ഒരു പുതിയ ചായക്കപ്പും കുട്ടി നുണഞ്ഞു നോക്കി. പിന്നീട് ഉമിനീര് പറ്റിയ വിരൽ കൊണ്ട് സുഷി പ്ലേറ്റിൽ സ്പർശിച്ചുവെന്നുമാണ് കുട്ടിക്കെതിരെ പരാതി. ഇതെല്ലാം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു. ജനുവരി 29 -ന് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ തകർച്ചയാണ് തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് എന്നും അത് വലിയ നഷ്ടത്തിന് കാരണമായിത്തീർന്നു എന്നുമാണ് കമ്പനി പറയുന്നത്. 

മദർ കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 16 ബില്യൺ യെൻ ആയി കുറയാനും വീഡിയോ കാരണമായി എന്നും കമ്പനി കൊടുത്ത കേസിൽ പറയുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാക്രമീകരണങ്ങളൊരുക്കിയതിന്റെ പേരിൽ കമ്പനിക്ക് 90 മില്ല്യൺ യെന്നിന്റെ നഷ്ടമുണ്ടാക്കി എന്നാണ് മറ്റൊരു ആരോപണം. 

അതേ സമയം കുട്ടി താൻ സോയാ സോസിന്റെ കുപ്പി നുണഞ്ഞതായി സമ്മതിച്ചു. ഒപ്പം അതിൽ മാപ്പഭ്യർത്ഥിക്കുകയും കേസ് റദ്ദാക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. കുട്ടിയും സുഹൃത്തും തന്നെയാണ് പ്രാങ്ക് എന്ന നിലയിൽ ഇത് ചിത്രീകരിച്ചത്. എന്നാൽ, അത് ഇങ്ങനെ വൈറലാകുമെന്നോ ഇത്തരത്തിൽ ഒരു ഫലമുണ്ടാക്കുമെന്നോ ഇരുവരും കരുതിയിരുന്നില്ല.