Asianet News MalayalamAsianet News Malayalam

അലക്സ ചതിച്ചാശാനേ! അലക്സാ റെക്കോർഡിങ് സംവിധാനത്തിലൂടെ കാമുകന്റെ അവിഹിതം പിടികൂടി യുവതി

കാമുകനെ കാണാൻ എത്തിയ യുവതി അലക്സയോട് മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെടുന്നത് അടക്കമുള്ള റെക്കോർഡിങ്ങുകളാണ് ജസിക്ക കണ്ടെത്തിയത്.

boyfriend cheating on woman she catches it with the help of Alexa
Author
First Published Oct 3, 2022, 11:02 AM IST

‌ആമസോണിന്റെ അലക്സാ റെക്കോർഡിങ് ആപ്പിലൂടെ പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. അലക്സാ ആപ്പിന്റെ സഹായത്തോടെ തന്റെ  അവിഹിതം കാമുകി കൈയോടെ പിടികൂടിയതിന്റെ അങ്കലാപ്പിലാണ് യുവാവ് ഇപ്പോൾ. അലക്സാ ആപ്പ് തല്ലി പൊട്ടിച്ചു കളയാൻ ഉള്ള ദേഷ്യം യുവാവിൽ ഉണ്ടെങ്കിലും കാമുകി ജെസിക്കാ ലോമാന് അലക്സാ ആപ്പാണ് ഇപ്പോൾ എല്ലാം. അലക്സ തന്നെ കാമുകന്റെ ചതിയിൽ നിന്നും രക്ഷിച്ചതിലുള്ള സന്തോഷത്തിലാണ് യുവതി ഇപ്പോൾ. 

ആമസോൺ അലക്സായുടെ റെക്കോർഡിങ് സംവിധാനമാണ് കാമുകന്റെ കള്ളത്തരം പിടികൂടാൻ ജെസിക്കയെ സഹായിച്ചത്. ജെസിക്കയും കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസം. എന്നാൽ ഇതിനിടയിൽ കാമുകൻ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. ജെസിക്ക വീട്ടിൽ ഇല്ലാതിരിക്കുമ്പോൾ അയാൾ ആ യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായിരുന്നു. 

എന്നാൽ, ഇരുവർക്കും അറിയില്ലായിരുന്നു അലക്സയ്ക്ക് നൽകുന്ന കമാൻഡുകൾ അലക്സ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന്. ഇതിനിടയിൽ ഒരു ദിവസം ജെസിക അലക്സയുടെ ഹിസ്റ്ററി സെക്ഷൻ പരിശോധിച്ചു. അപ്പോൾ അതിൽ തന്റെയും തന്റെ കാമുകന്റേതുമല്ലാത്ത നിരവധി ശബ്ദത്തിന്റെ കമാൻഡുകൾ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തി. സംശയം തോന്നി ജസിക്കാ ഓരോ റെക്കോർഡുകളും പരിശോധിച്ചപ്പോഴാണ് കാമുകന്റെ ചതി മനസ്സിലായത്. 

കാമുകനെ കാണാൻ എത്തിയ യുവതി അലക്സയോട് മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെടുന്നത് അടക്കമുള്ള റെക്കോർഡിങ്ങുകളാണ് ജസിക്ക കണ്ടെത്തിയത്. ജസിക്കാ അലക്സയിൽ നിന്നും താൻ കണ്ടെടുത്ത റെക്കോർഡിങ്ങുകൾ അടക്കം ടിക്ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിമിഷനേരം കൊണ്ടാണ് ജെസിക്കയുടെ പോസ്റ്റ് വൈറലായത്. 

കാമുകന്റെ ചതി പിടികൂടാൻ സഹായിച്ച അലക്സയ്ക്ക് നന്ദി എന്നാണ് നിരവധി പേർ ജെസിക്കയുടെ പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. കാമുകന്മാരുടെ കള്ളത്തരം പിടികൂടാൻ എല്ലാ കാമുകിമാർക്കും ഇത് ഉപയോഗിക്കാമെന്നും ചിലർ രസകരമായി കുറിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios