കാമുകിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ കുറ്റക്കാരനെന്ന് ഹോങ്കോങ്ങ് കോടതി കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനിടെ ഉറങ്ങിപ്പോയ കാമുകിയെ മർദ്ദിച്ചെന്നും ഇത് മരണത്തിൽ കലാശിച്ചെന്നുമായിരുന്നു ഇയാളുടെ വാദം. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
കാമുകന്‍റെ അടിയേറ്റ് കൊല്ലപ്പെട്ട കാമുകിക്ക് ഒടുവിൽ നീതി. കാമുകൻ കുറ്റക്കാരനെന്ന് ഹോങ്കോങ്ങ് കോടതി കണ്ടെത്തി. തന്‍റെ ശരീര ഭാരം കുറയ്ക്കുന്നതിനായി സഹായിക്കുന്നതിനിടെ കാമുകി ഉറങ്ങിപ്പോയി, ഈ സമയം അവളെ താൻ തല്ലി. പക്ഷേ, ഭാര കുറവുള്ള കാമുകി പിന്നാലെ മരണപ്പെടുകയായിരുന്നെന്നുമാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. പക്ഷേ. കാമുകന്‍റെ വാക്കുകളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ലെന്നും ഹോങ്കോങ്ങ് കോടതി വിചാരണ വേളയിൽ പറഞ്ഞു.
കുറ്റസമ്മതം നാല് വർഷത്തിന് ശേഷം
29 -കാരനും തൊഴിൽരഹിതനുമായ എൻജി കാ-സിംഗ്, തന്‍റെ 30 -കാരിയായ കാമുകിയെ കൊലപ്പെടുത്തിയെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി. കാമുകിയെ കൊലപ്പെടുത്തിയ കേസിൽ 2022 - മുതൽ ഇയാൾ വിചാരണ നേരിടുകയായിരുന്നു. ഹൈക്കോടതിയിൽ നടന്ന വിചാരണയ്ക്കിടെ , 2022 -ൽ തങ്ങളുടെ ഫ്ലാറ്റിൽ വെച്ച് എൻജി കാ-സിംഗ് തന്‍റെ പങ്കാളിയെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. താൻ കുറ്റം സമ്മതിക്കുകയാണെന്ന് പ്രതി കോടതിയെ അറിയിച്ചു.
റിപ്പോർട്ട് അനുസരിച്ച് എൻജിയുടെ കാമുകി യിപ്പിന്‍റെ ശരീരത്തിൽ 55 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാൽ യിപ്പിന്‍റെ ശരീരത്തിലെ പൊള്ളലുകൾക്കും മുറിവുകൾക്കും വിചിത്രമായ പല മറുപടികളാണ് എൻജി വിചാരണ വേളയിൽ പറഞ്ഞത്. "പ്രതി മുഴുവൻ സത്യവും പറഞ്ഞതായി പ്രോസിക്യൂഷൻ അംഗീകരിക്കുന്നില്ല," എന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ഓഡ്രി പർവാനി കോടതിയെ അറിയിച്ചു. കാമുകിയെ കൊലപ്പെടുത്തിയതായി എൻജി സമ്മതിച്ചെങ്കിലും അത് ഒരു കൈയബദ്ധമാണെന്നും അയാൾ അവകാശപ്പെട്ടു.
ഉറങ്ങാതിരിക്കാൻ വടി കൊണ്ട് കുത്തി
തന്‍റെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനിടയിൽ അവൾ ഉറങ്ങുന്നത് തടയാൻ, ഒരു വടികൊണ്ട് ആവർത്തിച്ച് കുത്തിയതായി അയാൾ കോടതിയിൽ പറഞ്ഞു. ഇടയ്ക്ക് താൻ അത് നിർത്താൻ ആഗ്രഹിച്ചെന്നും എന്നാൽ തങ്ങളോടൊപ്പം താമസിച്ചിരുന്ന സഹോദരി അത് തുടരാൻ ആവശ്യപ്പെടുകയായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു. പിറ്റേന്നും ഇയാൾ കാമുകയെ മർദ്ദിച്ച് കൊണ്ടിരുന്നു. എന്നാൽ, ഒരിക്കൽ പോലും യിപ്പ്, തന്നോട് കുത്തുന്നത് നിർത്താൻ ആവശ്യപ്പെട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഒപ്പം യിപ്പ് ഒരു കുപ്പി ഡ്രൈ ക്ലീനർ തറയിൽ ഒഴിച്ചെന്നും അതിൽ ചവിട്ടി അവൾ പലതവണ തറയിൽ വീണെന്നും തല ചുമരിൽ അടിച്ചെന്നും ഇയാൾ അവകാശപ്പെട്ടു. ഒടുവിൽ 2022 ഏപ്രിൽ 28 ന് പുലർച്ചെ 5 മണിയോടെ തനിക്ക് വലിയ വേദനയുണ്ടെന്നും ജീവൻ രക്ഷിക്കണമെന്നും യിപ്പ്, തന്നോട് പറഞ്ഞെന്നും ഇയാൾ കോടിയിൽ പറഞ്ഞു.
മൃതദേഹം ഒളിപ്പിക്കാൻ ശ്രമം
അതേസമയം യിപ്പിന്‍റെ മരണ ശേഷം എൻജി, മൃതദേഹം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒരു ഉന്തുവണ്ടിയിൽ കയറ്റി കൊണ്ട് പോകവെ യിപ്പിന്‍റെ കാൽ പുറത്തായി. ഇത് കണ്ട വഴിയാത്രക്കാരാണ് സംശയം തോന്നി പോലീസിൽ അറിയിച്ചത്. ഇതിന് പിന്നലെ ഏൻജി അറസ്റ്റിലായെങ്കിലും ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ, മൂന്ന് വർഷത്തിലേറെ നീണ്ട് നിന്ന വിചാരണയ്ക്കിടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. അടുത്ത് തന്നെ ഹോങ്കോങ് കോടതി ഇയാൾക്കുള്ള ശിക്ഷ വിധിക്കും.


