നിരവധിപ്പേരാണ് യെഹോറിന്റെ കുറിപ്പ് വായിച്ച് വേദനിച്ചത്. 'ഒരു മുതിർന്നയാൾക്ക് പോലും താങ്ങാനാവാത്ത വേദനയാണിത്. ഒരു കുട്ടി പിന്നെങ്ങനെയാണ് ഇത് താങ്ങുക' എന്നാണ് ഒരാൾ ചോദിച്ചത്.

എല്ലാ യുദ്ധ(war)ങ്ങളെയും എന്നതുപോലെ തന്നെ യുക്രൈനി(Ukraine)ലെ യുദ്ധവും ഏറ്റവുമധികം ബാധിച്ചത് അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയുമായിരിക്കും. ആദ്യത്തെ ആറാഴ്‌ചയ്‌ക്കുള്ളിൽ തന്നെ യുക്രൈയ്‌നിലെ കുട്ടികളുടെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് പേരും അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധമേൽപ്പിക്കുന്ന ആഘാതത്തിൽ തന്നെയാണ് ഇപ്പോഴും യുക്രൈനിലെ ജനങ്ങൾ കഴിയുന്നത്.

ഇപ്പോൾ റഷ്യൻ പട്ടാളക്കാരിൽ നിന്നും ഒളിച്ചിരിക്കുന്ന ഒരു എട്ട് വയസുകാരന്റെ കുറിപ്പാണ് വേദനയാവുന്നത്. തനിക്കുണ്ടായിരുന്നതിലേറെയും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഈ ബാലന്റെ കുറിപ്പ് പറയുന്നത്. കുട്ടിയുടെ കുറിപ്പിൽ ഒരാൾക്ക് ബാല്യത്തിലെന്തെല്ലാം ഉണ്ടായിരിക്കണമോ അതെല്ലാം നഷ്ടമാവുന്നതിന്റെ വേദന നിഴലിച്ചിരിക്കുന്നു. അവരുടെ കളിസ്ഥലങ്ങൾ, സുഹൃത്തുക്കളുമായി ചെലവഴിച്ചിരുന്ന സന്തോഷകരമായ നിമിഷങ്ങൾ, പ്രിയപ്പെട്ടവർ... ഇവയെല്ലാം നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള സങ്കടങ്ങളാണ് അതിൽ. 

യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ(Dmytro Kuleba)യാണ് കുട്ടിയുടെ ഡയറിക്കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. 'ഫെബ്രുവരി 24 മുതൽ, എന്റെ രണ്ട് നായ്ക്കൾ മരിച്ചു, എന്റെ മുത്തശ്ശി ഹല്യയും എന്റെ പ്രിയപ്പെട്ട മരിയുപോളും ഇല്ലാതെയായി' എന്നാണ് യെഹോർ എന്ന കുട്ടി തന്റെ ഡയറിയിൽ എഴുതിയത്. യെഹോറിന്റെ കുറിപ്പിനൊപ്പം റഷ്യൻ സൈന്യം യുക്രൈനിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. കുട്ടിക്ക് യുദ്ധത്തെ തുടർന്ന് അവന്റെ മുത്തച്ഛനെയും നഷ്ടപ്പെട്ടു. അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു എന്നും കുലേബ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും യുക്രൈനിലെ ജനങ്ങൾ പരാജയം സമ്മതിക്കില്ല എന്നും തളരില്ല എന്നും കൂടി കുലേബ പറയുന്നുണ്ട്. 

Scroll to load tweet…

നിരവധിപ്പേരാണ് യെഹോറിന്റെ കുറിപ്പ് വായിച്ച് വേദനിച്ചത്. 'ഒരു മുതിർന്നയാൾക്ക് പോലും താങ്ങാനാവാത്ത വേദനയാണിത്. ഒരു കുട്ടി പിന്നെങ്ങനെയാണ് ഇത് താങ്ങുക' എന്നാണ് ഒരാൾ ചോദിച്ചത്. 'ഇതുപോലെ ദശലക്ഷക്കണക്കിന് കുട്ടികളാണ് യുദ്ധത്തിന്റെ ദുരിതം പേറുന്നത്. എങ്ങനെയെങ്കിലും ഈ യുദ്ധം അവസാനിപ്പിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്' എന്നാണ് മറ്റൊരാൾ എഴുതിയത്. 

ഫെബ്രുവരി 24 -നാണ് റഷ്യ യുക്രൈനിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. രണ്ട് മാസം കൊണ്ടുതന്നെ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടു. 55 ലക്ഷത്തിലധികം പേർക്ക് ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. 70 ലക്ഷത്തിലധികം പേർ ആഭ്യന്തരമായി പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2022 മെയ് 1 വരെ, 5.5 ദശലക്ഷത്തിലധികം ആളുകൾ, അവരിൽ പകുതി കുട്ടികളാണ്, സുരക്ഷ തേടി പോളണ്ട്, മോൾഡോവ, റൊമാനിയ, ഹംഗറി, മറ്റ് അയൽ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് അതിർത്തി കടന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.