കാഴ്ചയിൽ ഭയാനകമായി തോന്നുന്ന ഈ ജീവിക്ക് മനുഷ്യരുടേതിന് സമാനമായ കൈകളും കൂർത്ത പല്ലുകളും ഉണ്ട്. കൂടാതെ ഇതിൻറെ ശരീരത്തിന് ഏകദേശം ഒരു വലിയ കുരങ്ങിന്റെ വലിപ്പമുണ്ട്.

ചുപകാബ്ര എന്ന ജീവിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ജീവജാലങ്ങളെ അവയുടെ രക്തം വലിച്ചൂറ്റിക്കുടിച്ച് കൊല്ലുമെന്ന് പറയപ്പെടുന്ന ഒരു രാക്ഷസസമാന മൃഗമാണിത്. പക്ഷേ, അതിനെ ആരും കണ്ടിട്ടില്ല. അത് ഒരു മിത്താണ് എന്നാണ് എല്ലാവരും കരുതുന്നതും. എന്നാലിപ്പോൾ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബ്രസീലിലെ ഒരു കൂട്ടം വേട്ടക്കാർ പറയുന്നത് അവർ പിശാചിനെപ്പോലെ രക്തം കുടിക്കുന്ന ഒരു മൃഗത്തെ വെടിവച്ചുകൊന്നു എന്നാണ്. അത് ചുപകാബ്രയാണ് എന്നും അവർ അവകാശപ്പെടുന്നു.

അമേരിക്കയിലെയും ബ്രസീലിലെയും പല ഭാഗങ്ങളിലും നാടോടിക്കഥകളിൽ ഒരു പ്രധാന കഥാപാത്രമാണ് ഈ ജീവി. അങ്ങനെ ഒരു ജീവി ശരിക്കും ഉണ്ടെന്നതിന് യാതൊരു വിധത്തിലുള്ള തെളിവുകളും ഇല്ല. ബ്രസീലിലെ സാവോ പോളോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുയ ലോപ്സ് ഡ ലഗുണയിലെ വനത്തിൽ വച്ച് ഒരു ചുപകാബ്രയെ വെടിവെച്ചു കൊന്നുവെന്നാണ് വേട്ടക്കാർ ഇപ്പോൾ അവകാശപ്പെടുന്നത്. ഈ ജീവിയുടെ മൃതദേഹം കണ്ടെത്തി സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിന്റെ കൈകൾ മനുഷ്യന്റേത് പോലെയാണെന്ന് പറയപ്പെടുന്നു. ഈ ചത്ത മൃഗം നിരവധി കന്നുകാലികളെ അവയുടെ രക്തം കുടിച്ച് കൊന്നതായും പറയപ്പെടുന്നുണ്ട്. ഏറെക്കാലമായി കർഷകർക്കിടയിൽ ഇത് ഭീതി പടർത്തിയിരുന്നു.

അതേസമയം, ഈ ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്ന വീഡിയോ ഇപ്പോൾ ഇൻറർനെറ്റിൽ പ്രചരിക്കുകയാണ്. ചത്ത ജീവിയുടെ ഫോട്ടോകളും ഇതിൽ കാണാം. കാഴ്ചയിൽ ഭയാനകമായി തോന്നുന്ന ഈ ജീവിക്ക് മനുഷ്യരുടേതിന് സമാനമായ കൈകളും കൂർത്ത പല്ലുകളും ഉണ്ട്. കൂടാതെ ഇതിൻറെ ശരീരത്തിന് ഏകദേശം ഒരു വലിയ കുരങ്ങിന്റെ വലിപ്പമുണ്ട്. കാട്ടിൽ വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ജീവിയെ തങ്ങൾ കണ്ടതെന്നും വെടിവെച്ചതെന്നുമാണ് വേട്ടക്കാർ പറയുന്നത്.

YouTube video player

എന്നാൽ കൊന്ന ജീവിയുടേത് എന്ന് പറയപ്പെടുന്ന ജീവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട പലരും അഭിപ്രായപ്പെട്ടത് ഇത് ഹൗളർ മങ്കിയുടേതാകാം എന്നാണ്. ഈ ഇനം കുരങ്ങുകൾ സാധാരണയായി കാണപ്പെടുന്നത് തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ വനങ്ങളിലാണ്. റിപ്പോർട്ടുകൾ പ്രകാരം, 1995 -ൽ പ്യൂർട്ടോ റിക്കോയിലാണ് ചുപകാബ്രയെ ആദ്യമായി കണ്ടതായി പറയപ്പെടുന്നത്. വടക്ക് മെയിൻ, തെക്ക് ചിലി, റഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ സ്ഥലങ്ങളിലും ഈ ജീവിയെ കണ്ടതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല.

വായിക്കാം: റിയൽ ലൈഫ് ഹീറോ: രോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ബോൺമാരോ ദാനം ചെയ്ത് ഡോക്ടർ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player