സ്ത്രീധനം തരേണ്ടതില്ലെന്നും അതിന്‍റെ ഭാഗമായി ഒന്നും വാങ്ങില്ലെന്നും സൂര്യന്‍കാന്ത് ആദ്യമേ വധുവിന്‍റെ വീട്ടുകാരെ അറിയിച്ചിരുന്നു. പക്ഷെ, വിവാഹവേദിയിലെത്തിയ സൂര്യന്‍കാന്തും സംഘവും ഒന്നു ഞെട്ടി. 

ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുകയാണെങ്കിലും പല രൂപത്തിലും രീതിയിലും ഇന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം നിലനില്‍ക്കുന്നുണ്ട്. 

പശ്ചിമബംഗാളില്‍ നിന്നുള്ള സൂര്യന്‍കാന്ത് ബാരിക്കിന് വിവാഹവേദിയില്‍ വെച്ച് വധുവിന്‍റെ കുടുംബം നല്‍കിയത് 1000 പുസ്തകങ്ങളാണ്. ഒരുലക്ഷം രൂപ വില വരുന്നതാണ് പുസ്തകങ്ങള്‍. സൂര്യന്‍കാന്ത് ബാരിക്കിന്‍റേയും പ്രിയങ്ക ബേജിന്‍റെയും വിവാഹത്തിനാണ് ഈ വ്യത്യസ്തമായ സമ്മാനം നല്‍കലുണ്ടായത്. 

സ്ത്രീധനം തരേണ്ടതില്ലെന്നും അതിന്‍റെ ഭാഗമായി ഒന്നും വാങ്ങില്ലെന്നും സൂര്യന്‍കാന്ത് ആദ്യമേ വധുവിന്‍റെ വീട്ടുകാരെ അറിയിച്ചിരുന്നു. പക്ഷെ, വിവാഹവേദിയിലെത്തിയ സൂര്യന്‍കാന്തും സംഘവും ഒന്നു ഞെട്ടി. കാരണം, അവിടെ അയാളെ കാത്തിരുന്നത് ആയിരം പുസ്തകങ്ങളാണ്. ''സ്ത്രീധനം നിയമവിരുദ്ധമാണ്. അതിനാല്‍ത്തന്നെ അത് വാങ്ങില്ലെന്ന് നേരത്തേ വധുവിന്‍റെ വീട്ടുകാരെ അറിയിച്ചിരുന്നു. വേദിയിലെത്തി പുസ്തകക്കെട്ട് കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടു''വെന്ന് സൂര്യന്‍കാന്ത് പറഞ്ഞു. 

സൂര്യന്‍കാന്തിന്‍റെ പുരോഗമനപരമായ നിലപാടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയങ്കയുടെ വീട്ടുകാരും പറയുന്നു. പുസ്തകപ്രേമിയായ പ്രിയങ്ക പറയുന്നതിങ്ങനെയാണ്, ''സ്ത്രീധനം നല്‍കി ഒരു വിവാഹത്തോട് എതിര്‍പ്പായിരുന്നു. അത് വീട്ടുകാര്‍ക്കും അറിയാം. എന്നെപ്പോലെ തന്നെ ചിന്തിക്കുന്ന ഒരാളെ ഭര്‍ത്താവായി കിട്ടിയതില്‍ സന്തോഷമുണ്ട്. വായിക്കാനുള്ള എന്‍റെ ഇഷ്ടം അച്ഛനും അറിയാം. അതുകൊണ്ടാകാം അച്ഛന്‍ നമുക്കായി ഇങ്ങനെയൊരു സമ്മാനം കരുതിയത്...''