റൂമിലെത്തി ഇരുവരും അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു. ശേഷം, പുറത്ത് പോയി. തിരികെ വരുമ്പോഴേക്കും അവരെയും കാത്ത് ഒരു കത്തിരിപ്പുണ്ടായിരുന്നു.
സിംഗപ്പൂർ സന്ദർശിച്ച ചൈനീസ് വിനോദസഞ്ചാരിക്ക് ഹോട്ടലിൽ നിന്ന് 200 സിംഗപ്പൂർ ഡോളർ പിഴ. ഇന്ത്യൻ രൂപയിൽ ഏകദേശം 13,000 രൂപ വരും ഇത്. എന്നാൽ, ആ പിഴ ചുമത്തിയത് എന്തിനാണ് എന്ന് അറിയുമ്പോഴാണ് കൂടുതൽ ഞെട്ടുക. ഡ്യൂറിയന്‍ പഴം ഹോട്ടലിൽ കൊണ്ടുപോയതിനാണത്രെ ഇവരിൽ നിന്നും പിഴ ഈടാക്കിയത്. ഈ പഴം കൊണ്ടുപോകുന്നത് ഹോട്ടലിന്റെ നിയമം ലംഘിക്കുന്നതാണ് എന്ന് പറഞ്ഞാണ് പിഴ ഈടാക്കിയത്. അതിരൂക്ഷ ഗന്ധത്തിന് പേരുകേട്ട പഴമാണ് ഇത്.
യുവതി പിന്നാലെ ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ തന്റെ അനുഭവം പങ്കുവയ്ക്കുകയും തനിക്ക് പറ്റിയ അബദ്ധം മറ്റാർക്കും പറ്റരുത് എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സിംഗപ്പൂർ സന്ദർശിക്കുന്നതിനിടയിൽ യുവതിയും സുഹൃത്തും കൂടി റോഡരികിലുള്ള ഒരു ഡ്യൂറിയന്‍ സ്റ്റാളിൽ കയറുകയായിരുന്നു. അവിടെ ഇരുന്ന് പഴം കഴിക്കാൻ പറ്റാത്തതിനാൽ അത് ഒരു ബോക്സിലാക്കി വാങ്ങി ഹോട്ടലിലേക്ക് വന്നു. ഹോട്ടലിൽ എത്തി അത് ആസ്വദിച്ച് കഴിക്കാം എന്നായിരുന്നു ഇരുവരും കരുതിയത്.
ഹോട്ടലിലേക്ക് പോകാൻ കാറിൽ കയറിയപ്പോൾ തന്നെ ഡ്യൂറിയന്‍ പഴത്തിന്റെ രൂക്ഷമായ ഗന്ധം ബോക്സിൽ നിന്നും പുറത്തേക്ക് എത്തി തുടങ്ങിയിരുന്നു. ഡ്രൈവർ അതിൽ പ്രതികരിക്കുമോ എന്ന് തോന്നിയതിനാൽ അവർ അത് വീണ്ടും പൊതിഞ്ഞു പിടിച്ചു.
പിന്നീട്, റൂമിലെത്തി ഇരുവരും അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു. ശേഷം, പുറത്ത് പോയി. തിരികെ വരുമ്പോഴേക്കും അവരെയും കാത്ത് ഒരു കത്തിരിപ്പുണ്ടായിരുന്നു. അതിൽ പറഞ്ഞിരുന്നത് ഡ്യൂറിയൻ പഴത്തിന്റെ മണം കാരണം മുറിയിൽ പ്രൊഫഷണൽ ക്ലീനിംഗ് ആവശ്യമായി വന്നുവെന്നും അതിനാൽ പിഴ ഈടാക്കുമെന്നും ആയിരുന്നു.
യുവതി ഹോട്ടൽ സ്റ്റാഫിനോട് സംസാരിച്ചു. മനപ്പൂർവമല്ലെന്നും ഹോട്ടലിൽ അങ്ങനെ ഒരു നിയമം ഉള്ളതായി ശ്രദ്ധിക്കാതിരുന്നത് തന്റെ തെറ്റാണ് എന്നും അവൾക്ക് മനസിലായി എന്നും പറഞ്ഞു. എന്നാൽ, യുവതിക്ക് പണം അടക്കേണ്ടി വന്നു. സിംഗപ്പൂർ സന്ദർശിക്കുന്ന മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് യുവതി പോസ്റ്റിട്ടിരിക്കുന്നത്.
ഡ്യൂറിയന്‍ പഴം അറിയപ്പെടുന്നത് പഴങ്ങളുടെ രാജാവ് എന്നാണ്. വൻവിലയാണ് എങ്കിലും രൂക്ഷഗന്ധം കൊണ്ട് പേരുകേട്ട പഴം കൂടിയാണ് ഇത്.


