അടിസ്ഥാന ജീവിതസാഹചര്യങ്ങൾ മാത്രമേ ഉണ്ടാകൂവെങ്കിലും, അത് സുഖപ്രദമായിരിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. വൈദ്യുതി പരിമിതമായിരിക്കും. കൂടാതെ ടാപ്പ് വെള്ളമോ, ഇന്റർനെറ്റോ ഉണ്ടാകില്ല. അതായത് പുറംലോകവുമായി വളരെ കുറഞ്ഞ ആശയവിനിമയം മാത്രമാകും ഉണ്ടാവുക.
അധികം ജനസാന്ദ്രതയില്ലാത്ത അന്റാർട്ടിക്ക(Antarctica) ലോകത്തിലെ ഏറ്റവും വിദൂരമായ ഇടങ്ങളിൽ ഒന്നാണ്. നമ്മുടെ രാജ്യത്തിന്റെ നാലിരട്ടി വലിപ്പമുള്ള അന്റാർട്ടിക്കയിൽ മനുഷ്യരേക്കാൾ മഞ്ഞാണ്. അങ്ങനെയുള്ള അവിടത്തെ പോസ്റ്റ് ഓഫീസ്(post office) അഞ്ച് മാസം പ്രവർത്തിപ്പിക്കുന്നതിനായി ആളുകളെ തിരയുകയാണ് ഒരു ബ്രിട്ടീഷ് ചാരിറ്റി(British charity).
യുകെ അന്റാർട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റ് എന്നത് അന്റാർട്ടിക്കയിൽ എത്തുന്ന സന്ദർശകരെ ബോധവൽക്കരിക്കുകയും പ്രദേശത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ചാരിറ്റിയാണ്. പടിഞ്ഞാറ് പാമർ ദ്വീപസമൂഹത്തിലെ ഗൗഡിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് ലോക്ക്റോയ് ആണ് അവരുടെ താവളങ്ങളിലൊന്ന്. അവിടത്തെ ഗിഫ്റ്റ് ഷോപ്പിൽ ഷോപ്പ് മാനേജർ, ജനറൽ അസിസ്റ്റന്റ് എന്നീ തസ്തികയിലേക്കും, പോസ്റ്റോഫീസിലേക്കുമാണ് ആളുകളെ തിരയുന്നത്. 2022 നവംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമനം. അന്റാർട്ടിക്കയിലെ വേനൽക്കാലമായ അപ്പോൾ താപനില 50 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്താം. എന്നാൽ, തണുത്ത കാറ്റ് വീശുന്നതിനാൽ പലപ്പോഴും തണുത്ത് മരവിക്കുന്ന അവസ്ഥയുണ്ടാകാം.
പകർച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് സൈറ്റ് പൊതുജനങ്ങൾക്കായി തുറക്കുന്നത്. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റ്, സൈറ്റിലെ സീസണൽ പോസ്റ്റ്മാസ്റ്റർമാർക്കായി സാധാരണയായി വർഷം തോറും പരസ്യം ചെയ്യാറുണ്ട്. അന്റാർട്ടിക്കയിലെ ചരിത്രപരമായ കെട്ടിടങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ട്രസ്റ്റിനാണ്.
അന്റാർട്ടിക്കയിൽ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം ബ്രിട്ടീഷ് താവളമാണ് പോർട്ട് ലോക്ക്റോയ്. 1944 മുതൽ 1962 വരെയുള്ള കാലയളവിലാണ് അത് പ്രവർത്തിച്ചിരുന്നത്. എന്നാൽ, 2006 -ന് ശേഷം ഇത് ഒരു തപാൽ ഓഫീസായും മ്യൂസിയമായും ഉപയോഗിച്ചുവരുന്നു. ഉദ്യോഗാർത്ഥികൾക്ക് നല്ല ശാരീരിക ക്ഷമതയും, പരിസ്ഥിതി അവബോധവും ആവശ്യമാണ് എന്ന് ട്രസ്റ്റ് നിർദേശിക്കുന്നു. ബ്രിട്ടീഷ് അന്റാർട്ടിക്ക് ടെറിട്ടറി ഗവൺമെന്റിന്റെ കീഴിലുള്ളതാണ് തപാൽ ഓഫീസ്. സീസണിൽ ഏകദേശം 80,000 തപാലുകൾ വരെ അവിടെ ലഭിക്കുന്നുണ്ടെന്ന് പറയുന്നു. അവിടെയുള്ള പെൻഗ്വിൻ കൂട്ടത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പെൻഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പും പോസ്റ്റ് ഓഫീസും പ്രവർത്തിപ്പിക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ജോലികൾ. അവിടെയുള്ള പുരാവസ്തുക്കളും മ്യൂസിയവും ട്രസ്റ്റ് പരിപാലിക്കും.
ബ്രിട്ടീഷ് അന്റാർട്ടിക് സർവേയ്‌ക്കായി തൊഴിലാളികൾ പെൻഗ്വിനുകളെ കൂടാതെ, മറ്റ് വന്യജീവികളുടെ എണ്ണവും കണക്കാക്കേണ്ടതുണ്ട്. തുടർന്ന്, ജോലിയുടെ അവസാനത്തോടെ ഒരു റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. സാധാരണയായി വേനൽക്കാലത്ത് 18,000 -ത്തോളം പേർ സ്ഥലം സന്ദർശിക്കാറുണ്ടെങ്കിലും, കൊവിഡ് -19 കാരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രണ്ട് വർഷത്തിലേറെയായി ഇവിടെ ആരും വരാറില്ല. "ഇത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്" 2019 -ൽ ജോലിക്കായി പോർട്ട് ലോക്ക്റോയിലേക്ക് പോയ പോസ്റ്റ്മാസ്റ്റർമാരിൽ ഒരാളായ ലോറൻ എലിയട്ട് ബിബിസിയോട് പറഞ്ഞു. "ആ സമയം നല്ല രസമായിരുന്നു. മുട്ടകൾ വിരിഞ്ഞപ്പോൾ ഞങ്ങൾ പെൻഗ്വിനുകളെ എണ്ണിത്തിട്ടപ്പെടുത്തി. എപ്പോഴും എന്തെങ്കിലും ജോലികൾ കാണും. ഒരിക്കലും ബോറടിക്കാനുള്ള സമയമില്ല. എന്നാലും ഇത് ശരിക്കും രസകരമായിരുന്നു" അവർ പറഞ്ഞു.
അടിസ്ഥാന ജീവിതസാഹചര്യങ്ങൾ മാത്രമേ ഉണ്ടാകൂവെങ്കിലും, അത് സുഖപ്രദമായിരിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. വൈദ്യുതി പരിമിതമായിരിക്കും. കൂടാതെ ടാപ്പ് വെള്ളമോ, ഇന്റർനെറ്റോ ഉണ്ടാകില്ല. അതായത് പുറംലോകവുമായി വളരെ കുറഞ്ഞ ആശയവിനിമയം മാത്രമാകും ഉണ്ടാവുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 25-ആണ്. അന്തർദ്ദേശീയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർക്ക് യുണൈറ്റഡ് കിംഗ്ഡത്തിൽ ജോലി ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് 2022 ഒക്ടോബറിൽ കേംബ്രിഡ്ജിൽ ഒരാഴ്ചത്തെ പരിശീലനവും ഉണ്ടാകും.
