Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍നിന്നും 11-കാരനെ ദത്തെടുത്തു, പാസ്‍പോര്‍ട്ട് ബ്രിട്ടനിലെത്തിച്ചശേഷം ക്വട്ടേഷന്‍ നല്‍കി കൊന്നു, എന്തിനുവേണ്ടി?

2015 -ൽ ദമ്പതികൾ ഇന്ത്യയിലേക്ക് വന്നു. ഗുജറാത്തിലാണ് അവർ തങ്ങളുടെ വലവിരിച്ചത്. അവർ പത്രത്തിൽ ഒരു പരസ്യം കൊടുത്തു. 'ബ്രിട്ടീഷ് പൗരത്വമുള്ള ദമ്പതികൾക്ക്, ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമുണ്ട്. വിദ്യാഭ്യാസത്തിനും, ഭാവിജീവിതത്തിനും വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിക്കുന്നതാണ്. കുടുംബത്ത് പരാധീനതകൾ ഉള്ളവരെയും പരിഗണിക്കും.'

british couple accused of plotting to murder adopted son
Author
Gujarat, First Published Oct 16, 2019, 5:00 PM IST

ഇത് വളരെ ആസൂത്രിതമായി നടന്ന ഒരു കൊലപാതകത്തിന്റെ കഥയാണ്. നമ്മുടെ നാട്ടിൽ പത്തുമുപ്പത്തഞ്ചു വർഷം മുമ്പുനടന്ന ഒരു ഗൂഢാലോചനയോട് ഏറെ സാമ്യമുള്ള ഒരു യഥാർത്ഥ സംഭവം. കേരളത്തിലെ കഥയിലെ നായകന്റെ പേര് സുകുമാരക്കുറുപ്പ് എന്നാണ്. കുറുപ്പ് 1984 -ൽ വളരെ സമർത്ഥമായി ഒരു കുറ്റകൃത്യം പ്ലാൻ ചെയ്ത് നടപ്പിലാക്കി. ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊലപ്പെടുത്തിയശേഷം ശവശരീരം ആസൂത്രിതമായി ഒരു കാറിലിട്ട് ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി അന്നത്തെ എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഈ കൊലയുടെ ഉദ്ദേശം. ലിഫ്റ്റുകൊടുക്കാം എന്നും പറഞ്ഞ് ചാക്കോയെ വിളിച്ചുകയറ്റിയ കുറുപ്പ്, തന്റെ അനുയായികൾക്കൊപ്പം ചേർന്ന് ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം വാഹനം കത്തിക്കുകയായിരുന്നു. എന്നാൽ, നാട്ടുകാരുടെ ജാഗ്രതയിൽ വണ്ടിക്കടുത്ത് കിടന്ന ഒരു ഗ്ലൗസ് പെട്ടതോടെ അവർ സംശയം പ്രകടിപ്പിക്കുകയും, വളരെ വിദഗ്ദ്ധമായി കേസന്വേഷിച്ച കേരളാ പൊലീസ് അതൊരു കൊലപാതകമാണ് എന്ന് തെളിയിക്കുകയുമായിരുന്നു. അന്ന് ആ ഇൻഷുറൻസ് പണം വാങ്ങാനുള്ള യോഗം കുറുപ്പിനുണ്ടായില്ല. കുറുപ്പിനെ പിടികൂടാനുള്ള യോഗം നമ്മുടെ പൊലീസിനും.

british couple accused of plotting to murder adopted son

ഇനി, ബ്രിട്ടനിലെ കഥയിലേക്ക്. അമ്പത്തഞ്ചു വയസ്സുള്ള ആരതി ധിർ. അവരുടെ മുപ്പതുകാരനായ ഭർത്താവ്. കംവൽജിത്ത് റൈജാഡ. അവരിരുവരും ചേർന്ന്  ഒരു വിദ്യാർത്ഥിയെ ദത്തെടുത്ത് അവന്റെ പേരിൽ തങ്ങളുടെ സർനെയിം വെച്ച് പാസ്‌പോർട്ടും ഉണ്ടാക്കി. അടുത്ത രണ്ടു വർഷത്തേക്ക് അവനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയില്ല അവർ. പക്ഷേ, പാസ്‌പോർടിലെ വിവരങ്ങൾ വെച്ച് അവിടെ ഇംഗ്ലണ്ടിൽ, അവന്റെ പേരിൽ 1.2 കോടിയുടെ ഇൻഷുറൻസ് അവർ എടുത്തു.  ആദ്യത്തെ  രണ്ടോ മൂന്നോ പ്രീമിയം കൃത്യമായി അടച്ചശേഷം, നാട്ടിലുള്ള തങ്ങളുടെ ദത്തുപുത്രനെ വാടകക്കൊലയാളികളെ ഏർപ്പെടുത്തി കൊന്ന്, ആ ഇൻഷുറൻസ് തുക കൈക്കലാക്കാൻ ശ്രമിച്ചു എന്നതാണ് അവർക്കെതിരെയുള്ള കേസ്. ഗുജറാത്ത് പൊലീസ്, പ്രഥമദൃഷ്ട്യാ തന്നെ വളരെ കൃത്യമായ തെളിവുകളോടെ തെളിയിച്ചു കഴിഞ്ഞ കേസ് പക്ഷേ, ബ്രിട്ടീഷ് കോടതികൾക്ക് വേണ്ടത്ര ബോധ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഈ കുറ്റത്തിന് ഇന്ത്യയിൽ കിട്ടിയേക്കാവുന്ന ശിക്ഷയും, ഇന്ത്യൻ ജയിലുകളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ആശങ്കകളും കാരണം  ഇരുവരെയും ഇന്ത്യയിലേക്ക് വിചാരണയ്ക്കായി നാടുകടത്താൻ കോടതി ഇതുവരെ സമ്മതിച്ചിട്ടുമില്ല.

കംവൽജിത്ത് എന്ന ചെറുപ്പക്കാരൻ ഉപരിപഠനാർത്ഥമാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. അവിടെ വെച്ചാണ് തന്നെക്കാൾ 25 വയസ്സ് മൂപ്പുള്ള, ബ്രിട്ടീഷ് പൗരത്വമുള്ള ആരതി ധിറിനെ അയാൾ പരിചയപ്പെടുന്നത്. ഇംഗ്ലണ്ടിൽ തന്നെ വേരുറപ്പിക്കാൻ ഒരു സുവർണ്ണാവസരം കണ്ണിൽപ്പെട്ട കംവൽജിത്ത് പിന്നെ ഒന്നും ആലോചിച്ചില്ല. അവരോട് വിവാഹാഭ്യർത്ഥന നടത്തി. ഇരുവരും വിവാഹിതരുമായി. ഇരുവരും ചേർന്നാണ് ഈ കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കുന്നത്. ആരുടേതാണ് പ്ലാൻ എന്ന കാര്യം ഇതുവരെ ഗുജറാത്ത് പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല എങ്കിലും, വളരെ വിശദമായ പ്ലാനിങ്ങ് ഈ കാര്യത്തിൽ ഉണ്ടായിട്ടുണ്ട് എന്നത് നിശ്ചയമാണ്. 

2015 -ൽ ദമ്പതികൾ ഇന്ത്യയിലേക്ക് വന്നു. ഗുജറാത്തിലാണ് അവർ തങ്ങളുടെ വലവിരിച്ചത്. അവർ പത്രത്തിൽ ഒരു പരസ്യം കൊടുത്തു. 'ബ്രിട്ടീഷ് പൗരത്വമുള്ള ദമ്പതികൾക്ക്, ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമുണ്ട്. വിദ്യാഭ്യാസത്തിനും, ഭാവിജീവിതത്തിനും വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിക്കുന്നതാണ്. കുടുംബത്ത് പരാധീനതകൾ ഉള്ളവരെയും പരിഗണിക്കും.' - ഈ പരസ്യം കണ്ട ഗോപാൽ എന്ന പതിനൊന്നുകാരന്റെ ചേച്ചി, പിന്നീട് കാര്യമായൊന്നും ആലോചിച്ചില്ല. തന്റെ അനുജന് വിദേശത്ത് നല്ല വിദ്യാഭ്യാസവും, സാമ്പത്തിക സുരക്ഷിതത്വവും ഒക്കെ കിട്ടുന്ന കാര്യമായതുകൊണ്ട്, അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്ന അവർ അവനെ ദത്തുകൊടുക്കാൻ തയ്യാറായി. വേണ്ട കടലാസ് പണികളെല്ലാം തന്നെ പൂർത്തിയാക്കി. ഗോപാൽ ആരതി ധിർ എന്ന പേരിൽ അവന് പാസ്‌പോർട്ടും എടുത്തുകൊടുത്തു. അടുത്ത ട്രിപ്പിൽ വരുമ്പോൾ മകനെ കൊണ്ടുപോകാം എന്ന് ഉറപ്പും കൊടുത്തിട്ടാണ് അവർ മടങ്ങുന്നത്. എന്നാൽ, തിരിച്ചു ചെന്നപാടെ ആ ദമ്പതികൾ ചെയ്തത്, തങ്ങളുടെ പുതിയ മകന്റെ പേരിൽ വമ്പിച്ച തുകയ്ക്ക് ( ഇന്‍ഷുറന്‍സ് തുക : 1.2 കോടി രൂപ) ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയാണ്.

 ആദ്യത്തെ രണ്ടുവർഷത്തെ പ്രീമിയം അവർ കൃത്യമായി അടച്ചു. അപ്പോഴും, അവർ തങ്ങളുടെ ദത്തുപുത്രനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയില്ല. ഓരോരോ സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് അവർ ആ യാത്ര നീട്ടിവെപ്പിച്ചു. ഒടുവിൽ, വളരെ യാദൃച്ഛികമെന്നോണം 2017 ഫെബ്രുവരി 18 -ന്, രാജ്‌കോട്ടിൽവെച്ച് ഗോപാലിന്‌ നേരെ ഒരു ആക്രമണമുണ്ടായി. അതിൽ ആ പതിനൊന്നുകാരൻ കൊല്ലപ്പെട്ടു.

കംവൽജിത്തിന്റെ  ബ്രിട്ടനിലെ സ്നേഹിതനും, അവിടെ വിദ്യാർത്ഥിയുമായിരുന്ന  നിതിൻ മുണ്ടിന്റെ കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. ഗോപാലിന്റെ ദത്തെടുപ്പ് മുതൽ  അവർക്ക് അറിയാവുന്ന ആളാണ് നിതിൻ. പാസ്പോർട്ടെടുക്കാൻ വേണ്ടി എല്ലാം ചെയ്തുകൊടുത്തത് നിതിൻ തന്നെയായിരുന്നു. ആ പരിചയത്തിന്റെ പുറത്ത്, നിതിന്റെ കാറിൽ, ഗോപാലും, സഹോദരീ ഭർത്താവ് ഹർസുഖും  കൂടി പോകുമ്പോൾ, ഇടക്ക് ഒരിടത്തുവെച്ച് നിതിൻ  കാർ നിർത്തി. മൂത്രമൊഴിക്കാൻ എന്നും പറഞ്ഞ് അയാൾ പുറത്തിറങ്ങി. അതേസമയം, ഒരു ബൈക്കിൽ മുഖംമൂടി ധാരികളായ രണ്ടുപേർ അവരെ അക്രമിക്കാനെത്തി. അവർ ഗോപാലിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. അതിനെ ചെറുക്കുന്നതിനിടെ ഹർസുഖിന് കുത്തേറ്റു. അക്രമികൾ ബൈക്കിൽ തട്ടിക്കൊണ്ടുപോയ ഗോപാലിനെ  പൊലീസ് പിന്നീട് കുറച്ചപ്പുറം മാറി കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹർസുഖ് മരണമൊഴി നൽകിയ ശേഷം ജീവൻ വെടിഞ്ഞു.

british couple accused of plotting to murder adopted son

ഹർസുഖിന്റെ മൊഴി പൊലീസിന് നിതിൻ എന്ന വിദ്യാർത്ഥിക്കുമേൽ സംശയങ്ങൾ ജനിപ്പിച്ചു. ആക്രമണം നടന്നപ്പോഴോ,  ഗോപാലിനെ തട്ടിക്കൊണ്ടു പോയപ്പോഴോ, തനിക്ക് കുത്തേറ്റപ്പോഴോ ഒന്നും നിതിൻ ഇടപെടുകയോ തങ്ങളെ രക്ഷിക്കുകയോ ചെയ്തില്ല എന്നായിരുന്നു മരണമൊഴിയിൽ ഹർ സുഖ് പറഞ്ഞിരുന്നത്. മാത്രവുമല്ല, ആളൊഴിഞ്ഞ, ഇരുട്ട് നിറഞ്ഞ ആ സ്പോട്ടിൽ വാഹനം നിർത്തിയത്  നിതിന് മൂത്രമൊഴിക്കണം എന്നുപറഞ്ഞതിന്റെ പേരിൽ മാത്രമാണ്.

എന്തായാലും, ആക്രമണത്തിന് പിന്നാലെ നിതിൻ അറസ്റ്റു ചെയ്യപ്പെട്ടു. പൊലീസിന്റെ കർക്കശമായ  ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കാൻ നിതിന് കഴിഞ്ഞില്ല. നിതിനാണ് ഈ അക്രമികൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകി അക്രമം പ്ലാൻ ചെയ്തത്. ആരതി നിതിന് പണം അയച്ചതിന്റെ തെളിവുകളും, അവർ തമ്മിലുള്ള ഇമെയിൽ വാട്ട്സാപ്പ് സന്ദേശങ്ങളും കൂടി പൊലീസിന്റെ കയ്യിൽ കിട്ടിയതോടെ പോലീസിന്റെ മുന്നിൽ വിട്ടുപോയ തെളിവുകളുടെ കണ്ണികളെല്ലാം തന്നെ കൂട്ടിയോജിപ്പിക്കപ്പെട്ടു. കേസ് പ്രഥമദൃഷ്ട്യാ തന്നെ തെളിഞ്ഞു എന്ന അവസ്ഥയായി.

british couple accused of plotting to murder adopted son

എന്നാൽ, അതുകൊണ്ടായില്ലല്ലോ. കേസ് തെളിഞ്ഞത് ഇങ്ങ് ഇന്ത്യയിൽ, ഗുജറാത്തിലെ രാജ്‌കോട്ടിലെ ആണ്. കുറ്റവാളികൾ എന്നുറപ്പിച്ച ദമ്പതികൾ ഇരിക്കുന്നത് അങ്ങ് ലണ്ടനിലും. അടുത്തത്, വെസ്റ്റ്മിൻസ്റ്ററിലെ കോടതിയിൽ കേസുപറയാനുള്ള ശ്രമങ്ങളായി. വാദങ്ങൾക്കും എതിർവാദങ്ങൾക്കും ഒടുവിൽ ആ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരതി-കംവൽജിത്ത് ദമ്പതികൾ തന്നെയാണ് എന്നത് ഏറെക്കുറെ  ബ്രിട്ടീഷ് കോടതിക്കും ബോധ്യപ്പെട്ടു. എന്നാൽ, അവിടെയാണ്, കുറ്റവാളികളെ കൈമാറ്റം ചെയ്യുമ്പോൾ സ്ഥിരമായി ഇടംകോലിടുന്ന മനുഷ്യാവകാശനിയമങ്ങൾ, ദമ്പതികൾക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കിയത്. ബ്രിട്ടനിലെ നിയമപ്രകാരം, നാളെ മാറിയേക്കാവുന്ന ഒരു സാഹചര്യത്തിൽ, ഇന്നു ശിക്ഷിക്കപ്പെട്ടവർക്ക് നാളെയൊരുദിവസം ശിക്ഷയിൽ ഇളവ് കിട്ടാനുള്ള വകുപ്പുണ്ടായിരിക്കണം എന്നാണ്. എന്നാൽ, നിലവിൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം പ്രകാരം, ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷകിട്ടാനും, അതിന്മേൽ യാതൊരു ഇളവും കിട്ടാതിരിക്കാനും സാധ്യതയുണ്ട്. ഈ വിഷയത്തിൽ, ഇന്ത്യൻ ക്രിമിനൽ നടപടിച്ചട്ടത്തെപ്പറ്റി, PUCL-ന്റെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകനായ വി സുരേഷ് വീഡിയോ കോൺഫറൻസിങ്ങിലൂടെ നൽകിയ സാക്ഷ്യമാണ് ദമ്പതികൾക്ക് ഗുണകരമായി ഭവിച്ചത്. ആ സാക്ഷ്യം, കൈമാറ്റത്തെ എതിർക്കാൻ കോടതിയെ പ്രേരിപ്പിച്ചു. 

british couple accused of plotting to murder adopted son

ഈ കേസിൽ വാദങ്ങൾ ഇപ്പോഴും തുടരുകയാണ്. വിജയ് മല്യയെയും നീരവ് മോദിയേയും ഇന്ത്യയിലേക്ക് വിടാൻ മടിക്കുന്ന ജസ്റ്റിസ് എമ്മ അർബുത്നോട്ട് എന്തായാലും ഈ ദമ്പതികൾക്കും ജാമ്യം അനുവദിച്ചു കൊടുത്തിരിക്കുകയാണ് തൽക്കാലം.  

Follow Us:
Download App:
  • android
  • ios