ലൂസി ഇപ്പോഴും അന്നുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്നും മോചിതയായിട്ടില്ല. ലിയാം വെള്ളച്ചാട്ടത്തിന്റെ മുകളിൽ അപകടകരമായ രീതിയിൽ അറ്റത്തേക്ക് പോകുന്നതായി കണ്ടിരുന്നു എന്ന് ലൂസി പറയുന്നു.

സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾക്ക് പിന്നാലെ പോയി അപകടത്തിൽ പെടുന്ന അനേകം ആളുകളുണ്ട്. അതുപോലെ, ഇം​ഗ്ലണ്ടിൽ നിന്നുള്ള ഈ ദമ്പതികളും തായ്‍ലൻഡിൽ വലിയ അപകടത്തിലാണ് പെട്ടത്. ടിക്ടോക്കിൽ വൈറലായ ഒരു വെള്ളച്ചാട്ടം കാണാനാണ് ദമ്പതികൾ ചെന്നത്. എന്നാൽ, അതിന്റെ ഫലം ജീവൻ വരെ അപഹരിച്ചേക്കാവുന്നത്ര ​ഗുരുതരമായ ഒരു അപകടമായിരുന്നു. 

23 വയസ്സുള്ള സൈനികനായ ലിയാം ഭാര്യ ലൂസി എന്നിവരാണ് തായ്ലാൻഡിലെ ഈ വെള്ളച്ചാട്ടം സന്ദർശിക്കാനായി പോയത്. അവിടെ നിന്നും ലിയാം താഴേക്ക് വീഴുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തകർ എത്തിയത്. വീണ്ടും അവിടെ നിന്നും താഴേക്ക് വീഴാതിരിക്കാനായി ഈ രണ്ട് മണിക്കൂറും ലൂസി ലിയാമിനെ പിടിച്ച് നിർത്തുകയായിരുന്നത്രെ. 

​ഗുരുതരമായ പരിക്കും വലിയ സാമ്പത്തിക ബാധ്യതയുമാണ് ഇത് ഇവർക്ക് വരുത്തിവച്ചത്. ചികിത്സാ ചെലവുകൾക്കായി 100,000 പൗണ്ട് (ഏകദേശം 1.13 കോടി) യിലധികം ചെലവഴിക്കേണ്ടി വന്നതായി ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, കൂടുതൽ പരിചരണത്തിനായി ലിയാമിനെ യുകെയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. എന്നാൽ, ഇതിനും വലിയ ചിലവ് വരുമത്രെ. ഇവരുടെ മെഡിക്കൽ ഇൻഷുറൻസ് അനിശ്ചിതത്വത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ലൂസി ഇപ്പോഴും അന്നുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്നും മോചിതയായിട്ടില്ല. ലിയാം വെള്ളച്ചാട്ടത്തിന്റെ മുകളിൽ അപകടകരമായ രീതിയിൽ അറ്റത്തേക്ക് പോകുന്നതായി കണ്ടിരുന്നു എന്ന് ലൂസി പറയുന്നു. താൻ ഉറക്കെ വിളിച്ച് അപകടമാണ് എന്ന് പറഞ്ഞിരുന്നു. അപ്പോഴേക്കും ലിയാം വീണിരുന്നു. താൻ ഉറക്കെ സഹായത്തിനായി വിളിച്ചു. ഒരു തായ് ചെറുപ്പക്കാരനാണ് സഹായത്തിനെത്തിയത്. രണ്ട് മണിക്കൂർ താൻ ലിയാമിനെ ഇനിയും താഴേക്ക് പോകാതെ പിടിച്ചു നിർത്തി. ചുറ്റും രക്തമായിരുന്നു. കാലിന്റെ എല്ലും തലയോടും വരെ കാണാമായിരുന്നു എന്നും ലൂസി പറയുന്നു. 

ആശുപത്രിയിലെത്തിച്ചപ്പോൾ വളരെ ​ഗുരുതരമായ അവസ്ഥയിലായിരുന്നു ലിയാം എന്ന് അയാളെ ചികിത്സിച്ച ഡോക്ടർമാരും പറയുന്നു. 

ഇപ്പോൾ തായ്‍ലാൻഡിലെ മെഡിക്കൽ ബിൽ അടയ്ക്കാതെ ലിയാമിനെ കൂടുതൽ ചികിത്സക്കായും മറ്റും നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഈ കനത്ത തുക കുടുംബത്തിന് മുന്നിൽ ഒരു വലിയ ബാധ്യതയായി നിൽക്കുകയാണ്. അതിനാൽ, ക്രൗഡ് ഫണ്ടിങ്ങിലൂടെയും മറ്റും ധനശേഖരണം നടത്തുകയാണ് ലൂസിയും ലിയാമിന്റെ വീട്ടുകാരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം