ഏതായാലും സഹോദരന്മാരെയും സുഹൃത്തിനെയും സഹായിക്കാനായി ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. 13,000 -ത്തിലധികം പേര്‍ ഒപ്പിട്ട ഒരു നിവേദനവും തയ്യാറാക്കിയിട്ടുണ്ട്.

സഹോദരങ്ങളായ രണ്ട് ആൺകുട്ടികൾ(Brothers) ചേര്‍ന്ന് തങ്ങളുടെ രണ്ടാനച്ഛനെ(Stepfather) മർദ്ദിച്ചു കൊലപ്പെടുത്തി. അര്‍ദ്ധസഹോദരിയെ രണ്ടാനച്ഛൻ ഉപദ്രവിക്കുന്നത് കണ്ടതാണ് സഹോദരന്മാരെ കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിപ്പിച്ചത് എന്ന് കരുതുന്നു. അമേരിക്കയിലെ ടെക്‌സാസി(Texas)ലാണ് സംഭവം നടന്നത്.

ഗബ്രിയേൽ ക്വിന്റാനില്ല(Gabriel Quintanilla)യുടെ മരണവുമായി ബന്ധപ്പെട്ട് 18 -കാരനായ അലജാൻഡ്രോ ട്രെവിനോ, 17 -കാരനായ ക്രിസ്റ്റ്യൻ ട്രെവിനോ, 18 -കാരനായ സുഹൃത്ത് ജുവാൻ എഡ്വാർഡോ മെലെൻഡെസ് എന്നിവരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഗബ്രിയേലിന്റെ മൃതദേഹം ജനുവരി 20 -ന് ടെക്സാസിലെ മക്അല്ലെനിലെ ഒരു തുറസ്സായ മൈതാനത്താണ് കണ്ടെത്തിയത്. 

ജനുവരി 20- നാണ് സംഭവം. സഹോദരങ്ങളും രണ്ടാനച്ഛനായ ​ഗബ്രിയേലും തമ്മിലാണ് ആദ്യം അടിപിടിയുണ്ടായത്. ഹാരിസ് കൗണ്ടിയിലെ അപാർട്ട്മെന്റിലെത്തിയ സഹോദരന്മാര്‍ രണ്ടാനച്ഛനുമായി വാക്കുതർക്കമുണ്ടായി. ഇതേ തുടർന്ന് അത് അടിപിടിയിലെത്തി. ശേഷം, ഗബ്രിയേല്‍ ഇവിടെ നിന്നും ഓടി മറ്റൊരു കോംപ്ലക്‌സിലെത്തി. പക്ഷേ, സഹോദരങ്ങൾ പിന്നാലെ ചെല്ലുകയായിരുന്നു.

അടിയേറ്റ് ഗബ്രിയേൽ നിലത്തുവീണു. പിന്നാലെ, ഇയാളെ ഉപേക്ഷിച്ച് മൂന്നുപേരും വീണ്ടും അപ്പാര്‍ട്ട്‌മെന്റിനു സമീപമെത്തി. എന്നാൽ, പിന്നാലെ തന്നെ ഗ​ബ്രിയേലും അവിടെ എത്തുകയായിരുന്നത്രെ. ഇതോടെ, സഹോദരങ്ങളും സുഹൃത്തും ചേര്‍ന്ന് ഗബ്രിയേലിനെ വീണ്ടും മർദിച്ചു. ശേഷം, ഒരു വാഹനത്തിലിട്ട് സമീപത്തെ ആളൊഴിഞ്ഞ മൈതാനത്ത് ഉപേക്ഷിച്ചു. പരിക്കേറ്റ ഗബ്രിയേല്‍ അവിടെക്കിടന്ന് മരിക്കുകയായിരുന്നു. പിന്നാലെ, മൂവരെയും അറസ്റ്റ് ചെയ്തു.

ഏതായാലും സഹോദരന്മാരെയും സുഹൃത്തിനെയും സഹായിക്കാനായി ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. 13,000 -ത്തിലധികം പേര്‍ ഒപ്പിട്ട ഒരു നിവേദനവും തയ്യാറാക്കിയിട്ടുണ്ട്. സഹോദരങ്ങൾ, സഹോദരിയെ ഇയാൾ ഉപദ്രവിച്ചതിലുള്ള പ്രകോപനമായിട്ടായിരിക്കാം ​ഗബ്രിയേലിനെ മർദ്ദിച്ചത് എന്ന് നിവേദനം നൽകുന്നവർ പറയുന്നു. നിലവിൽ രേഖകൾ പ്രകാരം, അലെജാൻഡ്രോയ്ക്കെതിരെ ക്രൂരമായ ആക്രമണത്തിനും സംഘടിത ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്രിസ്റ്റ്യൻ, മെലെൻഡെസ് എന്നിവർക്കെതിരെ കൊലക്കുറ്റം, ക്രൂരമായ ആക്രമണം, സംഘടിത ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

​ഗബ്രിയേലിനെതിരെയാവട്ടെ നേരത്തെ തന്നെ പീഡനപരാതി ഉണ്ടായിരുന്നു. 2019 -ല്‍, 2014 -നും 2016 -നും ഇടയിൽ ഇയാള്‍ തന്നെ ആക്രമിച്ചിരുന്നു എന്ന് പ്രായപൂർത്തിയാകാത്ത ഒരാൾ ആരോപിച്ചിരുന്നു.