തന്റെ കടുത്ത ജോലിത്തിരക്കിനെക്കുറിച്ച് തകൈച്ചി സംസാരിക്കുന്നത് ഇതാദ്യമായല്ല. ജോലി സമ്മർദ്ദം കാരണം ദിവസവും രണ്ടോ നാലോ മണിക്കൂർ മാത്രമാണ് താൻ ഉറങ്ങാറുള്ളതെന്ന് അവർ മുൻപും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ കടുത്ത ജോലിത്തിരക്കുകളെക്കുറിച്ചും വീട്ടുജോലികൾക്കിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും പാർലമെന്റിൽ തുറന്നുപറഞ്ഞ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സാനേ തകൈച്ചി. പുരുഷന്മാരായ മുൻ മന്ത്രിമാരേക്കാൾ കൂടുതൽ സമയം തനിക്ക് വീട്ടുജോലികൾക്കായി മാറ്റിവെക്കേണ്ടി വരുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 'രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞു പാത്രങ്ങൾ കഴുകണം, ഒപ്പം മേക്കപ്പും ചെയ്യണം. ഇവയെല്ലാം ചെയ്യാൻ പുരുഷ പ്രധാനമന്ത്രിമാരേക്കാൾ മൂന്നോ നാലോ മണിക്കൂർ അധികം സമയം ഞാൻ ചെലവഴിക്കുന്നതായി എനിക്ക് തോന്നുന്നു' എന്നാണ് മന്ത്രി പറഞ്ഞത്.

തന്റെ കടുത്ത ജോലിത്തിരക്കിനെക്കുറിച്ച് തകൈച്ചി സംസാരിക്കുന്നത് ഇതാദ്യമായല്ല. ജോലി സമ്മർദ്ദം കാരണം ദിവസവും രണ്ടോ നാലോ മണിക്കൂർ മാത്രമാണ് താൻ ഉറങ്ങാറുള്ളതെന്ന് അവർ മുൻപും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 'ഞാൻ ഇപ്പോൾ ഏകദേശം രണ്ട് മണിക്കൂറാണ് ഉറങ്ങുന്നത്, പരമാവധി നാല് മണിക്കൂർ. ഇത് എന്റെ ചർമ്മത്തിന് ദോഷം ചെയ്തേക്കാം' എന്നും ഒരു പാർലമെന്ററി സമിതിയോഗത്തിൽ എം.പിമാരോട് അവർ തമാശരൂപേണ പറഞ്ഞു.

കഴിഞ്ഞ വർഷം ജീവനക്കാരെ പുലർച്ചെ 3 മണിക്ക് മീറ്റിംഗിനായി വിളിപ്പിച്ചത് വലിയ കോലാഹലങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ജീവനക്കാരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന ആശങ്ക. എന്നാൽ, ജീവനക്കാരുടെ ജോലി സാഹചര്യങ്ങളിൽ മാറ്റം വരുത്തുമ്പോൾ അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകുമെന്നാണ് അന്ന് അവർ വ്യക്തമാക്കിയത്.

ഓഫീസിൽ നിന്നും വീട്ടിൽ കൊണ്ടുവരുന്ന ഔദ്യോഗിക രേഖകളും ഫയലുകളും പരിശോധിച്ച് പുലർച്ചെ വരെ താൻ ഉറക്കമൊഴിയാറുണ്ടെന്നും ജൂലൈയിലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ വ്യക്തമാക്കിയിരുന്നു. 'പാതിരാത്രിയിൽ ഇത്തരം ഫയലുകൾ വായിക്കാൻ എനിക്ക് ഇഷ്ടമാണ്. എങ്കിലും, രാജ്യത്തിന്റെ ഭാവി ദിശയെക്കുറിച്ചോ അതിനായുള്ള എന്റെ വലിയ കാഴ്ചപ്പാടുകളെക്കുറിച്ചോ വ്യക്തമായ മനസ്സോടെ ചിന്തിക്കാനും സമയം കണ്ടെത്താനും എനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്' എന്നും അവർ പറഞ്ഞു.

ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ സാനേ തകൈച്ചി, 2025 ഒക്ടോബറിലാണ് പാർട്ടി പ്രസിഡന്റായും തുടർന്ന് ജപ്പാന്റെ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാന്റെ ചരിത്രത്തിൽ ഈ രണ്ട് പദവികളിലെയും ആദ്യ വനിതയാണ് അവർ.