കൊവിഡിന് ശേഷം പല രാജ്യങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നപ്പോൾ ബ്രസീൽ പുതിയ തൊഴിലാളി സൗഹൃദ നിയമം പാസാക്കി. ആഴ്ചയിൽ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം ശമ്പളത്തോടെയുള്ള അവധിയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ മാറ്റം 1.47 കോടി തൊഴിലാളികൾക്ക് ഗുണകരമാകും.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോകത്തെ പലരാജ്യങ്ങളും തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിൽ പലതും തൊഴിലാളിവിരുദ്ധമാണെന്ന പരാതികളും അന്ന് തന്നെ ഉയർന്നിരുന്നു. ഇന്ത്യയിലും ഇക്കാലത്ത് ഉത്തർപ്രദേശ് അടക്കം എൻഡിഎ ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളും ഇതേ പാത പിന്തുടർന്നതും വലിയ വാർത്തായായിരുന്നു. എന്നാൽ, അതിന് വിരുദ്ധമായൊരു തൊഴിൽ നിയമ പരിഷ്ക്കാരുവുമായി ബ്രസീൽ സർക്കാർ രംഗത്ത്. തൊഴിലാളികളെ ഏറെ പരിഗണിച്ച് കൊണ്ടുള്ളതാണ് പുതിയ തൊഴിൽ നിയമമാണിതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും പ്രകീർത്തിക്കുന്നു. ബ്രസീൽ പ്രസിഡന്‍റ് ലുല ഡി സൽവയുടെയും വർക്കേഴ്സ് പാർട്ടിയുടെയും രാഷ്ട്രീയ വിജയങ്ങളിലൊന്നായി പുതിയ തൊഴിൽ നിയമം വ്യാഖ്യാനിക്കപ്പെടുന്നു.

ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 5 ദിവസം ജോലി!

പുതിയ തൊഴിൽ നിയമം അനുസരിച്ച് ഇനി ബ്രസീലിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്താൽ മതി. അതായത് ദിവസം 8 മണിക്കൂർ വച്ച്. കൂടാതെ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള വിശ്രമവും പുതിയ നിയമം അനുവദിക്കുന്നു. തൊഴിലാളികൾക്ക് കൂടുതൽ വിശ്രമസമയം ഉറപ്പാക്കുന്ന സുപ്രധാന തൊഴിൽ പരിഷ്കാരത്തിനാണ് ബ്രസീൽ അംഗീകാരം നൽകിയത്. ആഴ്ചയിൽ ആറ് ദിവസം ജോലിയും ഒരു ദിവസം മാത്രം അവധിയുമുള്ള നിലവിലെ രീതിക്ക് പകരം അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം വിശ്രമവുമുള്ള തൊഴിലാളി സൗഹൃദ സംവിധാനത്തിലേക്കാണ് രാജ്യം മാറുന്നത്.

നിയമം പ്രാബല്യത്തിൽ വരാൻ 1 വർഷവും 2 മാസവും

ഓക്ടോബർ 14 -ന് ബ്രസീൽ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 75 -നെതിരെ 1 വോട്ടിനാണ് നിയമം പാസയത്. ഒക്ടോബർ 16 -ന് ബ്രസീൽ കോൺഗ്രസ് ഭരണഘടനാ ഭേദഗതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഴ്ചയിലെ പരമാവധി തൊഴിൽസമയം 44 മണിക്കൂറിൽനിന്ന് 40 മണിക്കൂറായി കുറയ്ക്കുന്നതിനൊപ്പം ശമ്പളം കുറയ്ക്കാതെ രണ്ട് ദിവസത്തെ പ്രതിവാര വിശ്രമവും പുതിയ നിയമം ഉറപ്പാക്കുന്നു. 1988 -ന് ശേഷമുള്ള പ്രധാന തൊഴിൽ പരിഷ്കാരങ്ങളിലൊന്നായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.

Scroll to load tweet…

അതേസമയം പുതിയ നിയമം പൂർണമായി നടപ്പിലാക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. ഭേദഗതി പ്രഖ്യാപിച്ച് രണ്ട് മാസം കഴിയുമ്പോൾ ആഴ്ചയിലെ പരമാവധി തൊഴിൽസമയം 42 മണിക്കൂറായി കുറയും. ഈ ഘട്ടത്തിൽത്തന്നെ ആഴ്ചയിൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള വിശ്രമത്തിനുള്ള അവകാശവും പ്രാബല്യത്തിൽ വരും. തുടർന്ന് 12 മാസത്തിന് ശേഷം തൊഴിൽസമയം 40 മണിക്കൂറായി ചുരുങ്ങും. അതായത്, പൂർണമായ മാറ്റത്തിന് ഏകദേശം 14 മാസത്തെ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്.

Scroll to load tweet…

1.47 കോടി തൊഴിലാളികൾക്ക് ഉപകാരം

ബ്രസീലിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, തൊഴിൽ കരാറുള്ള 4.45 കോടി ജീവനക്കാരിൽ 1.47 കോടിയോളം പേർ ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുന്ന രീതിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുതിയ പരിഷ്കാരം ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിശ്രമസമയം, മെച്ചപ്പെട്ട ജീവിതനിലവാരം, തൊഴിൽ - കുടുംബ ജീവിതങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയാണ് പരിഷ്കാരത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. അതേസമയം, തൊഴിൽച്ചെലവ് വർധിക്കുമെന്ന ആശങ്ക ചില വ്യവസായ മേഖലകൾ നിന്നുയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.