യുകെയിലെ പ്രകൃതി സംരക്ഷകര്‍ കാലാവസ്ഥയിലെ ഈ വലിയ മാറ്റങ്ങളെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. ഇത് മറ്റ് ജീവജാലങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

യുകെയില്‍ ഒരു സംഘടന ജനങ്ങളോട് ചിത്രശലഭങ്ങളുടെ എണ്ണമെടുക്കുന്നതില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വര്‍ഷാവര്‍ഷം നടക്കുന്ന ഈ കണക്കെടുപ്പിന്‍റെ കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനവും അതേ തുടര്‍ന്നുള്ള പ്രശ്നങ്ങളും തന്നെ. ലോകത്തിലെ തന്നെ വലിയ ബട്ടര്‍ഫ്ലൈ സര്‍വേ ആയ ബിഗ് ബട്ടര്‍ഫ്ലൈ കൌണ്ടിന്‍റെ ഭാഗമായിട്ടാണ് ജനങ്ങളോട് പൂമ്പാറ്റകളുടെ വിവരം ശേഖരിക്കാനാവശ്യപ്പെട്ടിരിക്കുന്നത്. 

ഈ കണക്കെടുപ്പ് ചിത്രശലഭങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്ന് ടിവി നാച്ചുറലിസ്റ്റായ പാക്കം പറയുന്നു. ജനങ്ങള്‍ 15 മിനിറ്റ് വീടിന് പുറത്തിറങ്ങി നില്‍ക്കുകയും അവിടെ കാണുന്ന ചിത്രശലഭങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയുമാണ് ചെയ്യേണ്ടത്. ഈ വാര്‍ഷിക കണക്കെടുപ്പ് അടുത്ത മൂന്നാഴ്ച നീണ്ട് നില്‍ക്കും. 

നനഞ്ഞതും തണുത്തതുമായ ഈ വസന്തകാലം ചിത്രശലഭങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന് കണക്കെടുപ്പ് നടത്തുന്ന ചാരിറ്റിയായ ബട്ടര്‍ഫ്ലൈ കണ്‍സര്‍‌വേഷന്‍ പറയുന്നു. സാധാരണയായി കണ്ടുവരുന്ന ചിത്രശലഭങ്ങളില്‍ 10 വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ വലിയ കുറവുണ്ടായതായും ചാരിറ്റി പറയുന്നു. ഏപ്രിൽ മാസത്തിലെ ഏറ്റവും സൂര്യപ്രകാശം ഉണ്ടായിരുന്ന സമയത്തുപോലും മഞ്ഞ് ഉണ്ടായിരുന്നു. മെയ് മാസത്തിലാകട്ടെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഈര്‍പ്പമുള്ള കാലാവസ്ഥ ആയിരുന്നു. 

യുകെയിലെ പ്രകൃതി സംരക്ഷകര്‍ കാലാവസ്ഥയിലെ ഈ വലിയ മാറ്റങ്ങളെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. ഇത് മറ്റ് ജീവജാലങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ചിത്രശലങ്ങളില്‍ ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ച് മനസിലാക്കുന്നതിനാണ് ഈ കണക്കെടുപ്പ്. 

"അതിനാൽ, നിങ്ങളുടെ പൂന്തോട്ടത്തിലോ പ്രാദേശിക പാർക്കിലോ വിൻഡോ ബോക്സിലോ ഒരു ചിത്രശലഭത്തെ കാണുകയാണ് എങ്കില്‍ അവയെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നത് ഗുണം ചെയ്യും. ഈ ചെറിയതെന്ന് തോന്നുന്ന കാര്യം ഒരു വലിയ ആഗോള പ്രശ്‌നത്തെക്കുറിച്ചുള്ള സുപ്രധാന ഗവേഷണങ്ങളിൽ ഒരു പങ്കു വഹിക്കലാകും. ഇത് നിങ്ങള്‍ക്കേവര്‍ക്കും നല്‍കാനാവുന്ന വിലപ്പെട്ട സംഭാവനയാണ്" എന്നാണ് ബട്ടര്‍ഫ്ലൈ കണ്‍സര്‍വേഷന്‍ സീനിയര്‍ സര്‍‌വേയ്സ് ഓഫീസര്‍ ഡോ. സോ റാന്‍ഡില്‍ പറഞ്ഞത്. 

ഇതിനോടകം നടന്ന പല സര്‍വേകളും വ്യക്തമാക്കുന്നത് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ ഇതിനോടകം തന്നെ കുറവ് വന്നിട്ടുണ്ട് എന്നാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട് എന്നും അവര്‍ പറയുന്നു. 10 വര്‍ഷം മുമ്പാണ് ചാരിറ്റി ഈ കണക്കെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന കണക്കെടുപ്പില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണിച്ചത്.