ജോലി സമയം കഴിഞ്ഞാലുടനെ ഓഫീസിലേക്ക് മാത്രമായി ഉപയോഗിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ തുടങ്ങി. പിന്നാലെ ആ ഫോൺ അങ്ങനെ തന്നെ ബാഗിലേക്ക് വയ്ക്കും. പിന്നെ ഓഫീസിൽ നിന്നുള്ള ഒരു കാര്യങ്ങളും അറിയേണ്ട എന്ന് അർത്ഥം.
സോഷ്യൽ മീഡിയയും സാങ്കേതിക വിദ്യയും ഇത്രയേറെ വളർന്ന കാലത്ത് ജോലിസമയം കഴിഞ്ഞാലും ജോലി തീരില്ല എന്ന അവസ്ഥയാണ്. ഫോൺകോളായും വാട്ട്സാപ്പ് മെസ്സേജായും ഇമെയിലായും ഓൺലൈൻ മീറ്റിംഗുകളായും ഒക്കെ ജോലി ഇടയ്ക്കിടെ നമ്മളിലേക്ക് കയറിവരും. ഇത് നമ്മുടെ സ്വകാര്യജീവിതത്തിലെ സമയവും സന്തോഷവും അപഹരിക്കും. ചിലപ്പോഴാകട്ടെ നമ്മുടെ മാനസികാവസ്ഥ തന്നെ വളരെ മോശമാക്കി തീർക്കും. അതില്ലാതിരിക്കാൻ ഒരു വഴി കണ്ടെത്തിയതിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം തന്നെ ആങ്സൈറ്റിയും വിഷാദവും കീഴടക്കിയപ്പോഴാണ് താൻ ജീവിതത്തിൽ ഒരു ഒരു മാറ്റം വരുത്തിയത്. അത് എല്ലാം മാറ്റിമറിച്ചു എന്നാണ് പോസ്റ്റിൽ യുവാവ് പറയുന്നത്. യുവാവ് വരുത്തിയ മാറ്റം എന്താണെന്നല്ലേ? തന്റെ പഴയ ഫോൺ നമ്പർ ഓഫീസിലേക്ക് മാത്രമായി ഉപയോഗിച്ചു, അതിനായി ഒരു വിലകുറഞ്ഞ സ്മാർട്ട്‌ഫോണും യുവാവ് വാങ്ങി. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി ഒരു പുതിയ നമ്പറും എടുത്തു.
അങ്ങനെ ജോലി സമയം കഴിഞ്ഞാലുടനെ ഓഫീസിലേക്ക് മാത്രമായി ഉപയോഗിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ തുടങ്ങി. പിന്നാലെ ആ ഫോൺ അങ്ങനെ തന്നെ ബാഗിലേക്ക് വയ്ക്കും. പിന്നെ ഓഫീസിൽ നിന്നുള്ള ഒരു കാര്യങ്ങളും അറിയേണ്ട എന്ന് അർത്ഥം.
ഇത് തന്റെ ജീവിതത്തിൽ വളരെ വലിയ മാറ്റമുണ്ടാക്കിയതായിട്ടാണ് യുവാവ് പറയുന്നത്. ഇടയ്ക്കിടെയുള്ള നോട്ടിഫിക്കേഷനുകളില്ല, സമ്മർദ്ദങ്ങളില്ല, ജോലി തീരുമ്പോൾ താനൊരു മനുഷ്യനായി തീരുന്നതായി തനിക്ക് തോന്നുന്നു എന്നും യുവാവ് കുറിക്കുന്നു.
ചില സമയത്ത് നമ്മൾ ജെൻ സീയിൽ നിന്നും കാര്യങ്ങൾ സ്വീകരിക്കണമെന്നും അവർ ഇത്തരം അതിർവരമ്പുകൾ സൂക്ഷിക്കുന്നവരാണ് എന്നുമാണ് യുവാവിന്റെ അഭിപ്രായം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇതൊരു നല്ല ഐഡിയ തന്നെയാണ് എന്നാണ് മിക്കവരുടേയും അഭിപ്രായം.
