ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ പ്രശ്നം വൈകിട്ട് നാലുമണിയായിട്ടും പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ അടുത്ത ദിവസം മാത്രമേ ഫോൺ തിരികെ നൽകാനാകൂവെന്ന് ഡ്രൈവർ അറിയിച്ചതോടെ യാത്രക്കാർ ചിക്കജാല പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി.

കാറിൽ മറന്നുവെച്ച മൊബൈൽ ഫോൺ തിരികെ നൽകാൻ 4,000 രൂപ ആവശ്യപ്പെട്ട് റാപ്പിഡോ ഡ്രൈവർ. സംഭവത്തിൽ ഇടപെട്ട് ബെംഗളൂരു പൊലീസ്. ചിക്കജാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഫോൺ തിരികെ ലഭിച്ചത്. പൊലീസിന്റെ ഇടപെടലിനെ പ്രശംസിച്ച് യാത്രക്കാരിലൊരാൾ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ജോലി സംബന്ധമായ ആവശ്യത്തിനായി ബെംഗളൂരുവിലെത്തിയതായിരുന്നു ഇവർ. ഭക്ഷണം കഴിക്കാൻ പോകുന്നതിനായി യെലഹങ്കയിലേക്ക് റാപ്പിഡോ വിളിച്ചു. യാത്രയ്ക്കിടെ ഇവരിലൊരാൾ മൊബൈൽ ഫോൺ കാറിൽ മറന്നുവെക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്തെത്തിയ ശേഷമാണ് ഫോൺ നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഡ്രൈവറെ ബന്ധപ്പെട്ടെങ്കിലും ആദ്യം ഫോൺ കൈവശമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. പിന്നീട് ഫോൺ തന്റെ പക്കലുണ്ടെന്ന് സമ്മതിച്ചു.

ഫോൺ തിരികെ എത്തിച്ചുനൽകാൻ ന്യായമായ തുക നൽകാമെന്ന് യാത്രക്കാർ അറിയിച്ചെങ്കിലും ഡ്രൈവർ സഹകരിച്ചില്ലെന്നാണ് ആരോപണം. മറ്റൊരു യാത്രയിലാണെന്നും ഇവിടെനിന്ന് മാറാൻ കഴിയില്ലെന്നും ഇയാൾ പറഞ്ഞതോടെ സ്വിഗ്ഗി ജെനി വഴി ഫോൺ എത്തിക്കൂവെന്ന് യാത്രക്കാർ നിർദേശിച്ചു. എന്നാൽ ഈ നിർദേശവും ഡ്രൈവർ നിരസിച്ചു.

തന്റെ 4,000 രൂപയുടെ ഓട്ടം നഷ്ടമാകുമെന്നു ചൂണ്ടിക്കാട്ടി ഫോൺ എത്തിച്ചുനൽകാൻ പണം വേണമെന്നാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. തുക നൽകാൻ തയ്യാറായിരുന്നെങ്കിലും ആവശ്യപ്പെട്ട തുക അമിതമാണെന്നും ഡ്രൈവറുടെ പെരുമാറ്റം മോശമായിരുന്നെന്നും അവർ വ്യക്തമാക്കി. കുറഞ്ഞത് 3000 രൂപയെങ്കിലും തനിക്ക് വേണമെന്നായിരുന്നു ഡ്രൈവറുടെ നിലപാട്.

ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ പ്രശ്നം വൈകിട്ട് നാലുമണിയായിട്ടും പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ അടുത്ത ദിവസം മാത്രമേ ഫോൺ തിരികെ നൽകാനാകൂവെന്ന് ഡ്രൈവർ അറിയിച്ചതോടെ യാത്രക്കാർ ചിക്കജാല പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി. കന്നഡ അറിയാത്തതിനാൽ ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും പൊലീസിന്റെ സമീപനം തങ്ങളെ ആശ്വസിപ്പിച്ചെന്ന് യാത്രക്കാർ പറഞ്ഞു. പൊലീസിന്റെ ഇടപെടലിനു പിന്നാലെ ഡ്രൈവർ യാത്രക്കാരെ വിളിച്ച് ഫോൺ കൈമാറാൻ തയ്യാറായി. പോസ്റ്റ് ശ്രദ്ധ നേടിയതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പൊലീസിനെ അഭിനന്ദിച്ചു.