കുടിച്ചു ബോധം കെട്ട് താന്‍ ഇവരുടെ മുറിയില്‍ കിടക്കുമ്പോള്‍, മറ്റൊരു കൗമാരക്കാരനെ ഇവര്‍ കൊണ്ടു വന്ന് അടുത്തു കിടത്തുകയും അവന്‍ തന്നെ ബലാല്‍സംഗം ചെയ്തതായും ഒരു പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. 

കൗമാരക്കാരായ കുട്ടികള്‍ക്കായി ലഹരി പാര്‍ട്ടി നടത്തുകയും ലൈംഗിക അതിക്രമങ്ങള്‍ നടത്താന്‍ സാഹചര്യം ഒരുക്കുകയും ചെയ്ത കേസില്‍ സിലിക്കണ്‍ വാലിയിലെ വന്‍തോക്കുകളിലൊരാളുടെ ഭാര്യ കുടുങ്ങി. ഇവര്‍ക്കെതിരായ കേസ് അമേരിക്കയിലെ സാന്റാ ക്ലാര കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 47-കാരിയായ ഷാനന്‍ ഒ കോനറിനെതിരായാണ് ലൈംഗിക അതിക്രമം, കുട്ടികള്‍ക്ക് മദ്യവിതരണം തുടങ്ങിയ കേസുകള്‍ ചുമത്തിയത്. സൈബര്‍ സുരക്ഷാ കമ്പനിയായ സലാഷ് നെക്‌സ്റ്റിന്റെ ചീഫ് റവന്യൂ ഓഫീസര്‍ റോബര്‍ട്ട് അമാറലിന്റെ ഭാര്യയാണ് ഇവര്‍. 

കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടിലാണ് കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ലഹരി പാര്‍ട്ടികള്‍ നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണിച്ചു വരുത്തുന്ന 14, 15 വയസ്സുകാര്‍ക്കു വേണ്ടിയാണ് മദ്യം വിളമ്പുന്ന പാര്‍ട്ടികള്‍ നടത്തിയിരുന്നത്. കുടിച്ച് ഫിറ്റായ കുട്ടികളെ മുറികളില്‍ അടുത്തു കിടത്തി ലൈംഗികാതിക്രമത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. നിരവധി കുട്ടികളെയാണ്, ഇവരുടെ പാര്‍ട്ടികള്‍ക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇതെല്ലാം കണ്ടു രസിക്കുകയും എല്ലാറ്റിനുമുള്ള സൗകര്യം ചെയ്തു കൊടുക്കുകയുമായിരുന്നു ഇവരെന്ന് കുറ്റകൃത്യത്തില്‍ പറയുന്നു. ഭര്‍ത്താവിന്റെ അറിവില്ലാതെയാണ് ഇവര്‍ വീട്ടില്‍ പാര്‍ട്ടികള്‍ നടത്തിയതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. 

47-കാരിയായ ഷാനന്‍ 2020-2021 കാലത്ത് നിരവധി ലഹരി പാര്‍ട്ടികളാണ് വീട്ടില്‍ നടത്തിയത്. വീട്ടില്‍ അറിയിക്കരുതെന്ന നിബന്ധനയിലാണ് ഇവര്‍ കൗമാരക്കാര്‍ക്കായി പാര്‍ട്ടികള്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ വിസ്‌കിയും വോഡ്കയുമാണ് വിളമ്പിയത്. കൗമാരക്കാര്‍ക്കിടയില്‍ കോണ്ടവും ഇവര്‍ വിതരണം ചെയ്തു. ഒരു കാരണവശാലും പാര്‍ട്ടിയുടെ കാര്യം വീട്ടില്‍ പറയരുതെന്ന നിബന്ധന ഉള്ളതിനാല്‍ ഇതുവരെ ഇക്കാര്യം പുറത്തറിയാതിരിക്കയായിരുന്നു. അതിനിടെയാണ് ഒരു കുട്ടിയുടെ അമ്മ ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. നിരവധി കൗമാരക്കാരാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പൊലീസിനു മുന്നില്‍ തുറന്നു പറഞ്ഞത്. അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഇവരുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ അനേകം കൗമാരക്കാരുണ്ടായിരുന്നു. 

ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുടിച്ചു ബോധം കെട്ട് താന്‍ ഇവരുടെ മുറിയില്‍ കിടക്കുമ്പോള്‍, മറ്റൊരു കൗമാരക്കാരനെ ഇവര്‍ കൊണ്ടു വന്ന് അടുത്തു കിടത്തുകയും അവന്‍ തന്നെ ബലാല്‍സംഗം ചെയ്തതായും ഒരു പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഒരു 14 കാരന്‍ 15 വയസ്സുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗിതിക്രമം നടത്തുമ്പോള്‍ ഇവര്‍ അടുത്തിരുന്ന് അത് കാണുകയും ഇവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തതായാണ് മറ്റൊരു പരാതി.