ഹെബ്രോൺ പീസ് ക്യാമ്പിലേക്ക് വരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് നാല് സൈൻബോർഡുകളുണ്ട് ഗേറ്റിൽ തന്നെ. 'സ്വാഗതം', 'ഐഡി കാർഡ് കാണിക്കുക', 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നാഗാലിം സർക്കാരിന്റെ ഹെബ്രോൺ കൗൺസിൽ ആസ്ഥാനം' എന്നിങ്ങനെ മൂന്നു ബോർഡുകൾ. പിന്നെ, അകത്തേക്ക് പോകുംവഴി തിരിഞ്ഞു നോക്കിയാൽ പിന്നിൽ 'സ്വാതന്ത്ര്യം എല്ലാ രാഷ്ട്രങ്ങളുടെയും ജന്മാവകാശമാകുന്നു' എന്നൊരു ബോർഡും.

നാഗാലാൻഡിലെ ഹൃദയഭൂമിയായ ദീമാപ്പൂരിൽ നിന്ന് 35  കിലോമീറ്റർ സഞ്ചരിച്ചുചെന്നാൽ ഹെബ്രോൺ ക്യാംപിലെത്തും. ഏറെ ദുഷ്കരമാണ് ആ പ്രയാണം. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലെ കുണ്ടിലും കുഴിയിലുമിറങ്ങി എല്ലുവെള്ളമാക്കി അങ്ങെത്തുമ്പോഴേക്കും ഏറ്റവും ചുരുങ്ങിയത് രണ്ടുമണിക്കൂർ നേരമെങ്കിലുമെടുക്കും. പാതിവഴിയെത്തുമ്പോൾ രംഗപഹാർ സൈനിക സ്റ്റേഷനിലേക്ക് തിരിഞ്ഞുപോകുന്ന വഴി കാണാം. ആ വഴി തിരിയാതെ, ഹൈവേയോട് തൊട്ടുകിടക്കുന്ന ഗ്രാമങ്ങൾ താണ്ടി പിന്നെയും ചെന്നാൽ ഹെബ്രോണിലെ പച്ചപ്പുപുതച്ച മലനിരകളിലെത്തും. ഒരു വശത്ത് ധൻസിരി നദി. മറുവശത്ത് ഇൻടാങ്കി വന്യജീവിസങ്കേതം. സൂക്ഷിച്ചുനോക്കിയാൽ, അങ്ങുദൂരെ ചക്രവാളത്തിനരികിലായി മണിപ്പൂർ മലനിരകളും കാണാം.

1997 -ൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ( National Socialist Council of Nagaland (Isak-Muivah)) എന്ന NSCM(IM)-ലെ പോരാളികൾ വെടിനിർത്തൽ കരാറിൽ ഒപ്പിടാനായി കാടിറങ്ങി വന്നപ്പോൾ ആ വിമതനേതാക്കളെ പാർപ്പിക്കാൻ വേണ്ടി സർക്കാർ വനം വകുപ്പിന്റെ ചില ഓഫീസുകൾ ഒഴിഞ്ഞുകൊടുത്തു. അവിടേക്ക് ചേക്കേറിയ NSCM സ്വന്തമായും പല കെട്ടിടങ്ങളും അതേ കാമ്പസിൽ ഉണ്ടാക്കി. ഇപ്പോൾ, നാഗാലാൻഡിലെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ ഹെബ്രോൺ ക്യാംപിനുള്ളിൽ നിന്ന് ഒരു സമാന്തര ഗവണ്മെന്റുതന്നെ പ്രവർത്തിച്ചുപോരുന്നുണ്ട്.

ക്യാമ്പിനുള്ളിൽ വൃത്തിക്കും വെടിപ്പിനും പരിപാലിച്ചിരിക്കുന്ന നിരവധി കോട്ടേജുകളിലായി ഈ സർക്കാരിന്റെ വിവിധ വകുപ്പുകൾ പ്രവർത്തിച്ചു പോരുന്നു. കൃഷി വകുപ്പ്, പരിസ്ഥിതി വകുപ്പ്, നികുതി വകുപ്പ്, ഇന്ത്യൻ സർക്കാരുമായി ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പ്, ക്യാമ്പിലേക്ക് സന്ദർശനത്തിനെത്തുന്നവരെ സഹായിക്കുന്ന വാർത്താവിതരണ വകുപ്പ് ഒക്കെ ഇതിലുൾപ്പെടും. ഒരു ഗവണ്മെന്റിന്റേതായ എല്ലാ വള്ളിക്കെട്ടുകളും ആ ക്യാമ്പിനകത്തുണ്ട്. ചുവപ്പുനാട, അധികാര ശ്രേണികൾ, പ്രോട്ടോക്കോളുകൾ അങ്ങനെ പലതും. ക്യാമ്പിനുള്ളിലേക്ക് പിന്നെയും സഞ്ചരിച്ചാൽ നാഗാ ആർമിയുടെ പരിശീലനകേന്ദ്രം കാണാം. അവിടെ സായുധപരിശീലനത്തിലേർപ്പെട്ടിരിക്കുന്ന പുതുറിക്രൂട്ടുകളെയും കാണാം.

ഓഗസ്റ്റ് 3 -ന് NSCN(IM) പ്രതിനിധികളുമായി കേന്ദ്രം ഒരു കരാർ ഒപ്പിട്ടുകഴിഞ്ഞു. അത് നാഗാ പ്രശ്നം പരിഹരിക്കാനുള്ള ഒരു കരാറിന്റെ കരടുരൂപമാണ്. വിഭജനം പോലെ വളരെ നിർണായകമായ ഒരു വിഷയമായിരുന്നു നാഗാലാൻഡുകാരുടെ വംശീയസ്വത്വവും. സ്വതന്ത്രഇന്ത്യയുടെ രൂപീകരണകാലം തൊട്ടുതന്നെ നമ്മൾ കേട്ടുവരുന്ന പ്രശ്നങ്ങളാണ് നാഗാലാൻഡിലേത്. സ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ടുള്ള അവരുടെ പോരാട്ടങ്ങൾ ചൊരിഞ്ഞ ചോരയ്ക്കും കയ്യും കണക്കുമില്ല.

1918 -ൽ ഒന്നാം ലോകമഹായുദ്ധാനന്തരം, യുദ്ധത്തിൽ പങ്കെടുത്ത നാഗാ ഭടന്മാർ ചേർന്ന് നാഗാ ക്ലബ്ബ് ഉണ്ടാക്കി. അവർ സൈമൺ കമ്മീഷന് തങ്ങളുടെ ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. 1947 ഓഗസ്റ്റ് 14 -ന് രൂപീകരിക്കപ്പെട്ട നാഗാ നാഷണൽ കൗൺസിൽ തങ്ങളുടെ നാടിൻറെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാൽ, ആ പ്രഖ്യാപനം അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യയും ബർമയും രൂപീകൃതമായപ്പോൾ നാഗാലാ‌ൻഡ് എന്ന് അവർ അവകാശപ്പെട്ടിരുന്ന പ്രദേശങ്ങളത്രയും ആ രണ്ടു രാജ്യങ്ങളിലേക്കും കൂട്ടിച്ചേർക്കപ്പെട്ടു. ഇന്ത്യയിലാണെങ്കിൽ, സംസ്ഥാനങ്ങളുടെ രൂപീകരണ സമയത്ത് നാഗാലാൻഡിന്റെ ഭാഗങ്ങൾ വീണ്ടും പല സംസ്ഥാനങ്ങളിലായി വിഭജിക്കപ്പെട്ടു. നാഗാ നാഷണൽ കൗൺസിൽ തങ്ങളുടെ പരമാധികാരം പുനരാർജ്ജിക്കാനായി രാഷ്ട്രീയ സമരങ്ങൾ തുടങ്ങി. 1951 -ൽ അവർ ഒരു ജനഹിതപരിശോധന നടത്തി. അത് ഏകകണ്ഠമായി സ്വാതന്ത്ര്യപ്രഘോഷണം നടത്തി. ഇന്ത്യൻ ഗവണ്മെന്റ് ഈ മുന്നേറ്റങ്ങളെ സായുധമായി നേരിടാൻ തീരുമാനിച്ചതോടെ നാഗാലാൻഡ് കലാപഭൂമിയായി മാറി. നാഗാലിം എന്ന സ്വതന്ത്രഭൂമിക്കു വേണ്ടിയുള്ള നാഗന്മാരുടെ കടുംപിടുത്തത്തെ കൂടുതൽ രൂഢമൂലമാക്കാനേ അത് സഹായിച്ചുള്ളൂ.

വിഷയം രമ്യമായി പരിഹരിക്കാൻ കാലാകാലങ്ങളിൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ സർക്കാരുകളുമായി പലവുരു സന്ധിസംഭാഷണങ്ങൾ നടന്നു എങ്കിലും, 1975 -ലെ ഷിംല കരാർ പോലെ എങ്ങുമെത്താതെ പോയ ചില ഉടമ്പടികൾ മാത്രമാണ് ഉരുത്തിരിഞ്ഞുവന്നത്. ശാശ്വതമായ ഒരു പരിഹാരം ഈ വിഷയത്തിലുണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രഹസ്യസംഭാഷണങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്. ഹെബ്രോൺ നേതാക്കളുമായി നേരിട്ടാണ് ഈ സന്ധിസംഭാഷണങ്ങൾ നടക്കുന്നത്. നാഗാലാൻഡ് ഗവണ്മെന്റിനെപ്പോലും ഉൾപ്പെടുത്താതെ തികച്ചും രഹസ്യസ്വഭാവത്തോടെ നാഗന്മാരുടെ പ്രതിനിധികളുമായി നേരിട്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഷിംലാ കരാറിന്റെ ഗതി ഇത്തവണത്തെ ഉടമ്പടിക്ക് വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട് എന്നും നയതന്ത്രജ്ഞർ പറയുന്നു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 'നാഗാ' ഭൂമിയിൽ നാഗന്മാരുടെ പ്രതിനിധികളെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സമിതിക്ക് അധികാരം നൽകിക്കൊണ്ടുള്ള പ്രശ്നപരിഹാരമാണ് ആലോചിക്കുന്നത്. ആദ്യം ഒരു ഇടക്കാല ഉടമ്പടി നിലവിൽ വരും. താമസിയാതെ തന്നെ അന്തിമ ഉടമ്പടിയും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിന്റെ കരടുരൂപം അവതരിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് കേന്ദ്രം.

ഈ ഇടക്കാല ഉടമ്പടിയിൽ, പ്രദേശത്ത് സൈന്യത്തിന് സവിശേഷാധികാരങ്ങൾ നൽകുന്ന AFSPA എന്ന നിയമം എടുത്തു കളയുന്നതിനെപ്പറ്റിയുള്ള പരാമർശങ്ങൾ പ്രതീക്ഷിക്കാം. നാഗാകലാപങ്ങളുടെ പേരിൽ തടവിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികളുണ്ടായേക്കാം. നാഗാലാൻഡിന്റെ സംസ്ഥാനാതിർത്തികൾ വരെ, നാഗന്മാരുടെ താത്പര്യത്തിനനുസരിച്ച് ചെറുതായി മാറ്റിയെന്നുവരാം. പക്ഷേ, കേന്ദ്രസർക്കാർ നാഗന്മാരുടെ താത്പര്യങ്ങൾക്ക് പരിഗണന നൽകിക്കൊണ്ട്, ഇത്രയൊക്കെ ചെയ്യുമ്പോൾ അതിനു പകരമായി അവരുടെ സംഘടനയായ NSCN(IM) ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന നിലയിലേക്ക് വരുന്നു എന്നർത്ഥമില്ല.

സായുധസമരത്തിന്റെ വഴി ഉപേക്ഷിച്ച് രാഷ്ട്രീയത്തിന്റെ പാതയിലേക്ക് ഇറങ്ങിവന്നിട്ടുള്ള NSCN(IM) ആണ് ഇപ്പോൾ നാഗന്മാരുടെ ഇടയിൽ ഏറ്റവും സ്വാധീനമുള്ള കക്ഷി. അവരുടെ നേതാവായ തുയിൻഗലാങ് മുയിവാ ദില്ലിയിൽ തന്നെ തമ്പടിച്ച് കേന്ദ്രവുമായുള്ള നടത്തിക്കൊണ്ടിരുന്ന കൊണ്ടുപിടിച്ചുള്ള ചർച്ചകളെത്തുടർന്നാണ് ഇത്തരത്തിൽ ഒരു ഒത്തുതീർപ്പു ഫോർമുല ഉടലെടുത്തുവന്നുകൊണ്ടിരിക്കുന്നത്. പല ഗോത്രങ്ങളായി ചിതറിക്കിടക്കുന്ന നാഗന്മാരെ ഒരു കൊടിക്കീഴിൽ നിർത്തുക ശ്രമകരമായ ജോലിയാണ്. അതുകൊണ്ടുതന്നെ നാഗന്മാരുടെ താത്പര്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു സംഘടനയെ കണ്ടെത്തുന്നതും അസാധ്യമായ കാര്യമാണ്.

എന്തായാലും കേന്ദ്രത്തിൽ രണ്ടാം വട്ടവും ബിജെപി അധികാരത്തിലേറിയപ്പോൾ, അവർ എടുത്ത ശക്തമായ തീരുമാനങ്ങളിൽ ഒന്ന് പതിറ്റാണ്ടുകളായി നാഗാലാൻഡിൽ തുടരുന്ന വിഘടനവാദത്തിനും അശാന്തിക്കും അക്രമത്തിനും പരിഹാരമുണ്ടാക്കുക എന്നതായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് ഈ ചർച്ചകളും, അടുത്തുതന്നെ പ്രഖ്യാപിക്കപ്പെടാൻ പോകുന്ന ഒരു ഉടമ്പടിയും. ആ ഉടമ്പടിയിൽ ധാരണകൾ എന്തൊക്കെയാകും എന്നും അവ ഇന്ത്യൻ രാഷ്ട്രീയത്തിൽ, വിശിഷ്യാ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന അനുരണനങ്ങൾ എന്തൊക്കെയാകും എന്ന് കാത്തിരുന്നു തന്നെ കാണാം.