ഇറാനും അമേരിക്കയും ഒരു യുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പരസ്പരം പോർവിളികളും ഭീഷണികളും മുഴങ്ങുന്നുണ്ട്. അതൊക്കെ ചങ്കിടിപ്പോടെ കേട്ടിരിക്കുകയാണ് മധ്യപൂർവ്വേഷ്യ. കാരണം, ഈ രണ്ടു രാജ്യങ്ങൾക്കുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അത് ബാധിക്കുന്നത് ഇറാനെയോ അമേരിക്കയെയോ മാത്രമായിരിക്കില്ല. 11,651 കിലോമീറ്റർ ദൂരമുണ്ട് ഇറാനിൽ നിന്ന് അമേരിക്കയിലേക്ക്. അതുകൊണ്ട്, നേരിട്ട് അമേരിക്കൻ മണ്ണിൽ ഒരു ആക്രമണം നടത്തുക പ്രയാസമാകും. അപ്പോൾ പിന്നെ എന്തുചെയ്യാനാകും ഇറാന്? മധ്യപൂർവേഷ്യയിലെ അമേരിക്കൻ സൈനിക ബേസുകൾ ആക്രമിക്കുക. അങ്ങനെ അമേരിക്കയുമായി മുട്ടാൻ തീരുമാനിച്ചാൽ എത്ര ദിവസം പിടിച്ചു നിൽക്കാനാകും ഇറാന്? ഒരു യുദ്ധത്തിൽ ഇറാനുമായി മുട്ടുന്നതിൽ നിന്ന് അമേരിക്കയെ തടയാനും മാത്രം പോന്ന എന്തെങ്കിലും വജ്രായുധമുണ്ടോ ഇറാന്റെ ആവനാഴിയിൽ? അമേരിക്കയുടെയും ഇറാന്റെയും സൈനികബലം ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.

ഇറാൻ Vs അമേരിക്ക - അംഗബലവും ആയുധത്തികവും

ആളെണ്ണവും പടക്കോപ്പുകളുടെ ബാഹുല്യവും വെച്ച് നോക്കിയാൽ അമേരിക്കയ്ക്ക് ഒരു ഇരയേ അല്ല ഇറാൻ. എന്നാൽ, ഉള്ള ആയുധബലം വെച്ചുപോലും 'അത്താഴം മുടക്കാൻ നീർക്കോലി മതി' എന്ന രീതിയിലുള്ള ഒരു ഭീതി സൃഷ്ടിക്കാൻ ഇറാന് കഴിഞ്ഞേക്കും. രണ്ടു രാജ്യങ്ങളുടെയും കയ്യിൽ എന്തുണ്ട് എന്തില്ല എന്ന് പരിശോധിക്കാം.

ആഗോള ആയുധബല പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കൻ സൈന്യം. രണ്ടാമത് റഷ്യൻ, മൂന്നാമത് ചൈനയും. ടർക്കിക്കും ഈജിപ്തിനും ഒക്കെ താഴെയായി പതിനാലാം സ്ഥാനത്താണ് ഇറാൻ. 2018 -ൽ ഇറാൻ 13.2 ബില്യൺ ഡോളർ സൈനികാവശ്യങ്ങൾക്കായി ചെലവിട്ടപ്പോൾ അമേരിക്ക അതിന്റെ അമ്പതിരട്ടിയോളം, അതായത് 648.8 ബില്യൺ ഡോളറാണ് തങ്ങളുടെ സൈന്യത്തിനായി നീക്കിവെച്ചത് എന്നാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയ ചെലവിട്ടത് 26.7 ബില്യൺ ഡോളറായിരുന്നു എന്ന് ഒരു താരതമ്യത്തിന് വേണ്ടി ഓർക്കാം.

അമേരിക്ക കണക്കുകൂട്ടുന്നത് ഇറാന്റെ പക്കൽ ആറുലക്ഷത്തോളം സജീവസൈനികരുണ്ടെന്നാണ്. അഞ്ചു മുതൽ പത്തുലക്ഷം വരെ റിസർവ് സൈനികരും ഇറാനുണ്ടാകാം എന്ന് അമേരിക്ക ഊഹിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയ്ക്ക്, പതിമൂന്നു ലക്ഷം സൈനികരുണ്ട്. എട്ടുലക്ഷത്തിൽ അധികം പേര് അവിടെ റിസർവിലുമുണ്ട്. എന്നാൽ ഇറാനിൽ പതിനെട്ടുവയസ്സുകഴിഞ്ഞ എല്ലാവരും നിർബന്ധിതമായും സൈനികസേവനം അനുഷ്ഠിച്ചുകൊള്ളണം എന്ന്  ചട്ടമുള്ളതിനാൽ എത്രപേരുണ്ട് ഇറാന്റെ റിസർവ് സൈന്യത്തിൽ എന്ന് കണക്കാക്കുക പ്രയാസമാകും. ഇറാന്റെ സൈന്യം രണ്ടായി ഭാഗിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗത സേനയായ ആർട്ടെഷ്, പിന്നെ റെവലൂഷനറി ഗാർഡ് കോർപ്സ്. 1979 -ലെ ഭരണഘടന പ്രകാരം രാജ്യസുരക്ഷയ്ക്ക് മാത്രമല്ല, ഈ ഭൂഗോളത്തിൽ ദൈവത്തിന്റെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തവുമുണ്ട് ആർട്ടെഷിന്. റെവലൂഷനറി ഗാർഡ്‌സ് എന്ന സൈന്യം ജനങ്ങളുടെ ദൈനംദിനകാര്യങ്ങൾ തൊട്ട്, മധ്യപൂർവേഷ്യയിലെ മിക്ക സംഘർഷങ്ങളിലും നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒരു സൈനിക ശക്തിയാണ്.


ഇറാന്റെ ശക്തിയും ദൗർബല്യവും എന്താണ്?

യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വിൻസന്റ് സ്റ്റിവാർട്ട് ഇറാനെ അമേരിക്കക്ക് ഭീഷണിയായ അഞ്ചു സൈനിക ശക്തികളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഇറാന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ദീർഘദൂര മിസൈലുകളുടെ വൻ ശേഖരമാണ്. വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പറയുന്നത് ഇറാന്റെ കയ്യിലുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസൈൽ ശേഖരങ്ങളിൽ ഒന്നാണ് എന്നാണ്. നിലവിലുള്ള മിസൈലുകൾ ഇറാനിൽ നിന്ന് രണ്ടായിരം മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ എന്ന അമേരിക്ക അനുകൂല രാഷ്ട്രത്തിലേക്ക് എത്താൻ പോന്നതാണ്. വേണമെങ്കിൽ തെക്കു കിഴക്കൻ യൂറോപ്പിലും ആക്രമണങ്ങൾ നടത്താൻ ഇറാനാകും. ഇറാന്റെ നേരിട്ടുള്ള അക്രമണങ്ങളെക്കാൾ അമേരിക്ക ഭയക്കുന്നത് അവരുടെ നിഴൽ യുദ്ധങ്ങളെയാകും.

ഇപ്പോൾ കൊല്ലപ്പെട്ട ജനറൽ സൊലേമാനിയുടെ ഖുദ്സ് ഫോഴ്‌സ് എന്ന റെവലൂഷനറി ഗാർഡ്‌സ് വിഭാഗം, മുൻകാലങ്ങളിൽ ലബനനിലെ ഹിസ്ബുള്ള, യമനിലെ ഹൂതി, സിറിയയിലെ ബഷർ അൽ ആസദ് എന്നിവരെ സഹായിച്ചിട്ടുണ്ട്. ജനറൽ സൊലേമാനിക്ക് പകരം സ്ഥാനമെടുത്ത ജനറൽ ഘാനി, അമേരിക്കയോട് പകരം ചോദിക്കുമെന്ന പ്രതിജ്ഞയോടെയാണ് സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഈ ഒരു ആക്രമണത്തിന് ശേഷം ആണവായുധങ്ങൾ നിർമിക്കാനുള്ള ഗവേഷണങ്ങൾ നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഇറാന്റെ കയ്യിൽ അണ്വായുധങ്ങൾ ഒന്നുമില്ല. ചാവേർ ഡ്രോണുകൾ അടക്കമുള്ള ആളില്ലാ വിമാനങ്ങൾ ഇറാന്റെ കയ്യിലുണ്ട്.

അമേരിക്കയുടെ സൈനിക ശക്തി എത്രമാത്രം

അമേരിക്ക എന്നത് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ്. ശത്രുക്കൾക്കുമേൽ ആണവായുധങ്ങൾ വരെ പ്രയോഗിച്ച ചരിത്രമുണ്ട് അവർക്ക്. ലോകത്തിന്റെ പലഭാഗങ്ങളിലായി എണ്ണൂറിലധികം സൈനിക ബേസുകളാണ് അമേരിക്കയ്ക്കുള്ളത്. മധ്യപൂർവേഷ്യയിൽ സൗദി അറേബ്യ, യുഎഇ, ടർക്കി, ഈജിപ്ത്, ഇസ്രായേൽ തുടങ്ങിയ നിരവധി രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്. അതിൽ പല രാജ്യങ്ങളിലും അമേരിക്കയ്ക്ക് സൈനിക താവളങ്ങളുമുണ്ട്. ഈ മേഖലയിൽ ആകെ അണ്വായുധമുള്ളത് ഇസ്രായേലിന്റെ പക്കലാണ്. ഏകദേശം എൺപതോളം അണ്വായുധങ്ങളുണ്ട് ഇസ്രായേലിന്റെ ആവനാഴിയിൽ. അമേരിക്കയ്ക്കുള്ളതോ 6185 അണ്വായുധങ്ങളും. ഈ അമേരിക്കൻ സഖ്യകക്ഷികൾക്കാണ് അമേരിക്കയിലേക്കുള്ള എണ്ണ കൊണ്ടുപോകുന്ന സൂയസ് കനാലിന്മേലുള്ള നിയന്ത്രണം. ഇറാന് മധ്യപൂർവേഷ്യയിൽ ആകെയുള്ള പിന്തുണ ലെബനൻ, സിറിയ, കുവൈറ്റ് എന്നീ രാജ്യങ്ങൾ മാത്രം.

പടക്കോപ്പുകളുടെ താരതമ്യം 

അമേരിക്കയുടെ പക്കൽ 6393 ടാങ്കുകളുള്ളപ്പോൾ, ഇറാന്റെ പക്കലുള്ളത് 2531 എണ്ണമേയുള്ളൂ.  അമേരിക്കയ്ക്ക് ആകെ 41760 കവചിത വാഹനങ്ങൾ ഉള്ളപ്പോൾ, ഇറാന് ആകെയുള്ളത് 1625 എണ്ണം മാത്രമാണ്. എന്നാൽ അകെ ആർട്ടിലറിയുടെ എന്നതിൽ ഇറാനാണ് മേൽക്കൈ. അവർക്ക് 4096 എണ്ണമുള്ളപ്പോൾ അമേരിക്കയ്ക്ക് ആർട്ടിലറി 3269 എണ്ണമേ ഉള്ളൂ. എന്നാൽ സെൽഫ്‌ പ്രോപ്പൽഡ് ആർട്ടിലറിയുടെ കാര്യത്തിൽ അമേരിക്കയാണ് മുന്നിൽ. 950 എന്നുമുണ്ട് അമേരിക്കയുടെ കയ്യിൽ. ഇറാന്റെ പക്കൽ ആകെ 570 എണ്ണമേയുള്ളൂ. റോക്കറ്റ് ആർട്ടിലറിയുടെ കാര്യത്തിലും ഇറാന് നേരിയ മേൽക്കൈ ഉണ്ട്. 

എന്നാൽ ഇറാന്റെ പ്രധാന ദൗർബല്യം അതിന്റെ വ്യോമ, നാവിക സേനകളിലെ കുറവാണ്. അമേരിക്കയ്ക്ക് 12304  വിമാനങ്ങളുണ്ട്. ഇറാന്റെ പക്കൽ ആകെ 850 വിമാനങ്ങളേ ഉള്ളൂ. അമേരിക്കയ്ക്ക് ഇറാന്റെ മൂന്നിരട്ടി പോർവിമാനങ്ങളുമുണ്ട്. ഇറാന്റെ പതിനഞ്ചിരട്ടി അസാൾട്ട് ചോപ്പറുകളും അമേരിക്കയുടെ പക്കലുണ്ട്. അമേരിക്കയുടെ പക്കൽ ഇരുപതോളം വിമാനവാഹിനിക്കപ്പലുകൾ ഉള്ളതും ഇറാനുമേൽ മേൽക്കൈ നൽകുന്ന ഒരു ശക്തിയാണ്. സൈനിക ശക്തികൊണ്ടും, അംഗബലം കൊണ്ടും എങ്ങനെ നോക്കിയാലും അമേരിക്കയ്ക്ക് തന്നെയാണ് മേൽക്കൈ. അതുകൊണ്ട് ജയിക്കാൻ സാധ്യതയില്ലാത്ത ഒരു യുദ്ധം ഇറാൻ തുടങ്ങാനുള്ള സാധ്യത കുറവാണ്. എന്നാൽ, അതേസമയം ഹിസ്ബുള്ള, ഹൂതി തുടങ്ങിയ തങ്ങളുടെ പ്രോക്സി ഭീകരസംഘടകളെ ഉപയോഗിച്ചുകൊണ്ടുള്ള നിഴൽ യുദ്ധങ്ങളും, ഭീകരാക്രമണങ്ങളും ഒക്കെ നടത്തി ഇപ്പോഴല്ലെങ്കിൽ, ഇനിയങ്ങോട്ട് എന്നെങ്കിലുമൊക്കെ അമേരിക്കയെ ഞെട്ടിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.