എറണാകുളത്ത് പ്രളയസമാനമായ സാഹചര്യമുണ്ടായപ്പോൾ എറണാകുളം എംപി ഹൈബി ഈഡന്‍റെ ഭാര്യ  അന്ന ലിൻഡ ഈഡൻ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 'വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്നു'മായിരുന്നു അന്നയുടെ പോസ്റ്റ്.  എന്നാൽ ഈ താരതമ്യം വിവാദമായതോടെ, താൻ അത് പണ്ട് ABCL തകർന്നു നിന്ന അവസരത്തിൽ അമിതാഭ് ബച്ചൻ പറഞ്ഞുകേട്ട ഒന്നാണെന്നും, ബലാത്സംഗം എന്ന സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയെ ലഘൂകരിച്ചുകാണാൻ ആഗ്രഹിച്ചിരുന്നില്ലെന്നുമുള്ള വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ, അറിഞ്ഞോ അറിയാതെയോ  അന്ന ലിൻഡ ഈഡൻ അമിതാഭ് ബച്ചനിൽ നിന്നുകേട്ട് ആവർത്തിച്ചു എന്നു പറയുന്ന ആ സ്ത്രീവിരുദ്ധമായ താരതമ്യം ശരിക്കും അമിതാഭ് ബച്ചന്റെ സൃഷ്ടിയാണോ..? അങ്ങനെ മറ്റെന്തെങ്കിലും ദുരിതാനുഭവത്തോട് എളുപ്പത്തിൽ ഉപമിച്ചുപോകാവുന്ന ഒന്നാണോ ബലാത്സംഗം..? 

എന്താണ് അമിതാഭ് ബച്ചൻ പറഞ്ഞത് ?

അമിതാഭ് ബച്ചൻ അങ്ങനെ പറഞ്ഞത് 1990 ഫെബ്രുവരി മാസം ഇറങ്ങിയ മൂവീ മാസികയ്ക്കു നൽകിയ ഒരു അഭിമുഖത്തിലാണ്. അന്ന് ആ മാസികയുടെ മുഖചിത്രത്തോടൊപ്പം അമിതാഭിന്റെ ആ വാക്കുകളും അച്ചടിച്ചുവന്നു. എന്നാൽ അന്ന് അദ്ദേഹം അതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടില്ല. ഇന്ന് അങ്ങനെ ഒരു മാസിക ഇറങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ, അങ്ങനെ എളുപ്പം ഊരിപ്പോരാൻ പറഞ്ഞത് ആരായിരുന്നാലും സാധിക്കില്ല. 

എന്നാൽ ആ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശം, അത് അമിതാഭ് ബച്ചന്റെ സ്വന്തം സൃഷ്ടിയാണോ..? അല്ല..! വിദേശരാജ്യങ്ങളിൽ വളരെയധികം പേർ എടുത്തുദ്ധരിച്ച് പലപ്പോഴും ഊരാക്കുടുക്കിൽ പെട്ടിട്ടുള്ള ആ ഉദ്ധരണിയുടെ പിതൃത്വം സാധാരണ ആരോപിക്കപ്പെടാറുള്ളത് ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റെ മേലാണ്. പലരും സന്ദർഭം നോക്കാതെ ഈ താരതമ്യം എടുത്തുവീശുമ്പോൾ പോലും പറയുക, " കൺഫ്യൂഷ്യസ്‌  പണ്ട് പറഞ്ഞത് ഓർമയില്ലേ.. " എന്നാണ്. എന്നാൽ അതും ശരിയല്ല. 

തുടക്കം കാലാവസ്ഥയെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെ  

ഇതേ ശൈലിയിൽ ഒരു താരതമ്യം ആദ്യം കേൾക്കുന്നത് അമേരിക്കയിലെ ടെക്‌സാസിൽ  1940-കളിലും 50-കളിലുമാണ്. ഇന്ന് അന്ന ലിൻഡ ഈഡൻ പറഞ്ഞ, അതേ കാലാവസ്ഥയെപ്പറ്റി തമാശപറയാനാണ് അത് ആദ്യം ഉപയോഗിച്ച് തുടങ്ങിയത്.  . " ചൂട്/തണുപ്പ്  ഒഴിവാക്കാനാകില്ലെങ്കിൽ, പിന്നെ ആസ്വദിക്കുന്നതാണ് നല്ലത്.." എന്ന് പാശ്ചാത്യർ പറഞ്ഞു. അധികം താമസിയാതെ അത് 'തോൽവി'യുമായി ബന്ധിപ്പിക്കപ്പെട്ടു. " തോൽവി ഒഴിവാക്കാനാകില്ല എങ്കിൽ ആസ്വദിക്കുന്നതാണ് നല്ലത്" എന്നായി.

എന്നാൽ, 1950-കൾ ആയപ്പോഴേക്കും ഏതോ മദ്യപാനസദസ്സുകളിൽ മെല്ലെ ഈ ശൈലിയെ തോൽ‌വിക്ക് പകരം ബലാത്സംഗത്തോടുള്ള താരതമ്യം വെച്ച് പരിഷ്കരിച്ച് " ബലാത്സംഗം അനിവാര്യമെന്ന് വന്നാൽ ആസ്വദിക്കുകയാവും ഭേദം.." എന്നായി.  അത് പിന്നെ ടെക്‌സാസ് ഉൾപ്പെടെയുള്ള അമേരിക്കൻ സ്റ്റേറ്റുകളിൽ കൺഫ്യൂഷ്യസിന്റെ പേരിലുള്ള  കുപ്രസിദ്ധമായൊരു'ബാർ റൂം തമാശ' യായി മാറി. 

 എന്നാൽ, റേപ്പ് അടങ്ങുന്ന ഈ പരാമർശം ആദ്യമായി ഓൺ എയറിൽ ആവർത്തിക്കപ്പെട്ടത് 1976-ലാണ്. ന്യൂയോർക്ക് സിറ്റിയിലെ  എബിസി ടെലിവിഷൻ എന്ന ചാനലിലെ കാലാവസ്ഥാവിദഗ്ദ്ധനായ ടെക്സ് അന്റോയിൻ ആണ്. ടെക്‌സാസിൽ ജനിച്ചു വളർന്ന ടെക്സ് അവിടത്തെ ബാറിൽ നിന്ന് കേട്ടതായിരുന്നു ഈ തമാശ.  ഒരു ബലാത്സംഗത്തെപ്പറ്റിയുള്ള റിപ്പോർട്ടിന് ശേഷമായിരുന്നു  ടെക്സിന് കാലാവസ്ഥ റിപ്പോർട്ട്  അവതരിപ്പിക്കാനുണ്ടായിരുന്നത്. കാലാവസ്ഥാ ഏറെ മോശമായിരുന്നു അപ്പോൾ ന്യൂയോർക്കിൽ. തൊട്ടുമുമ്പത്തെ വാർത്ത കേട്ട ഹാങോവറിൽ ടെക്സ് ഈ തമാശ ഓൺ എയർ പറയുന്നു. അങ്ങനെ അത് അമേരിക്കയിൽ മൊത്തം പ്രക്ഷേപണം ചെയ്യപ്പെടുന്നു. ആദ്യം സസ്‌പെൻഡ് ചെയ്യപ്പെടുന്ന ടെക്സ്, അന്വേഷണാനന്തരം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്നു. 

ചരിത്രത്തിൽ പിന്നീട് ഇങ്ങനെ ഒരു സംഭവം രേഖപ്പെടുത്തപ്പെടുന്നത് 1990-ലാണ്. അന്നും വിഷയം കാലാവസ്ഥ തന്നെ. അന്നത്തെ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥിയായിരുന്ന  ക്ലേറ്റൺ വില്യംസ് ജൂനിയർ ഒരു സംവാദത്തിനിടെ ടെക്‌സാസിലെ കാലാവസ്ഥയെ ബലാത്സംഗത്തോട് ഉപമിച്ചു. "റേപ്പ് അനിവാര്യമാണെന്ന് വന്നാൽ പിന്നെ മലർന്നുകിടന്ന് ആസ്വദിക്കുക." അന്ന് വില്യംസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ പരാമർശം അന്ന് ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഒടുവിൽ വില്യംസ്‌ എതിർ സ്ഥാനാർഥിയായ ആൻ റിച്ചാർഡ്സിനോട് തോൽക്കുകയും ചെയ്തു. 

2013-ൽ സിബിഐ ഡയറക്ടറായ രഞ്ജിത്ത് സിൻഹയും ഇതുപോലെ ബലാത്സംഗത്തെയും വാതുവെപ്പിനെയും താരതമ്യം ചെയ്തുകൊണ്ട് ഇതേ തമാശ ആവർത്തിച്ച് പ്രശ്നത്തിലായി. ബെറ്റിങ്ങ് നിരോധിക്കാനാവില്ല, പറയാറില്ലേ.. ' റേപ്പ് അനിവാര്യമെന്ന് വരുകയാണെങ്കിൽ, കിടന്ന് ആസ്വദിക്കുന്നതാണ് നല്ലതെന്ന്.." എന്നാണ് അദ്ദേഹം പറഞ്ഞത്. രഞ്ജിത്ത് സിൻഹയ്ക്കും പിന്നീട് മാപ്പുപറയേണ്ടി വന്നു.

പിന്നീട് 2014-ൽ ടോറിയിലെ 77  കാരിയായ ഒരു വനിതാ കൗൺസിലർ, ബാർബറാ ഡ്രൈവർ, ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്ന പുതിയ നിർമാണങ്ങളെപ്പറ്റി പറയാൻ ഇതേ താരതമ്യം ഉപയോഗിച്ചു. അന്ന് അവരും നിരുപാധികം മാപ്പുചോദിച്ചാണ് തടിതപ്പിയത്. 

ഇത്തരത്തിലുള്ള ശ്രദ്ധക്കുറവ് പലരിൽ നിന്നും സ്ഥിരമായി കണ്ടുവരുന്നുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ ഒരു ദുരിതത്തെപ്പോലും ബലാത്സംഗം എന്ന നരകാനുഭവവുമായി സമീകരിച്ചുകൊണ്ട് സംസാരിക്കുന്നവർ. പലരും ഇന്നും ബലാത്സംഗം എന്നത് ഒരു തമാശയാക്കാൻ ഒട്ടും മടിക്കാത്തവരാണ്. കഴിഞ്ഞ വര്ഷം പേരൻപ് എന്ന ചിത്രത്തിന്റെ റിലീസ് വേളയിൽ 'മമ്മൂട്ടി ഒരു പെണ്ണായിരുനെങ്കിൽ താൻ റേപ്പ് ചെയ്തേനെ' എന്ന് തമാശപറഞ്ഞ മിഷ്‌കിനും ഏറെ വിമർശനങ്ങൾക്ക് പാത്രമായിരുന്നു. അന്ന് അതിനെ പരസ്യമായി വിമർശിച്ചുകൊണ്ട് നടൻ പ്രസന്നയുടക്കമുള്ളവർ രംഗത്തുവന്നിരുന്നു. 

ഇത്തരത്തിലുള്ള റേപ്പ് താരതമ്യങ്ങൾക്ക് നമ്മുടെ ഹ്യൂമർ സെൻസുമായി യാതൊരു ബന്ധവുമില്ല. ആകെ ബന്ധമുള്ളത് സമൂഹത്തിൽ 'റേപ്പ്' അഥവാ 'ബലാത്സംഗം' എന്ന നീചവൃത്തിയെ സാധാരണവൽക്കരിക്കാൻ(normalize) ചെയ്യാനുള്ള പരിശ്രമത്തോടാണ്. ബലാത്സംഗം ഒരു സ്ത്രീയുടെ സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യലാണ്. അവളുടെ ആത്മാഭിമാനത്തെ തച്ചുതകർക്കലാണ്.  എന്നെന്നേക്കുമായി അവളെ വ്രണപ്പെടുത്തലാണ്. അങ്ങനെയൊന്നിനെ നോർമലൈസ് ചെയ്യുന്നത്  എന്തുവിലകൊടുത്തും തടയേണ്ട ഒരു സാമൂഹിക അപചയമാണ്..!