Asianet News MalayalamAsianet News Malayalam

പവിത്രമായി കണക്കാക്കുന്ന പർവതത്തിൽവച്ച് ന​ഗ്നനൃത്തം, വിനോദസഞ്ചാരിയെ നാടുകടത്തുമെന്ന് ബാലി

പർവതത്തോട് അനാദരവ് കാണിച്ചാൽ രോഗമോ, ഭൂമികുലുക്കമോ പോലുള്ള ദുരന്തങ്ങൾ അവിടത്തെ ആളുകളെ തേടിയെത്തുമെന്ന് ബാലിനീസുകാർ വിശ്വസിക്കുന്നു. എന്നാൽ, പർവ്വതം ഒരു പുണ്യസ്ഥലമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജെഫ്രി അഭിപ്രായപ്പെട്ടു.  

Canadian actor dancing naked at sacred mountain
Author
Bali, First Published Apr 28, 2022, 3:54 PM IST

പവിത്രമായി കണക്കാക്കപ്പെടുന്ന ബാലി പ്രവിശ്യയിലെ ഒരു പർവതത്തിൽ(sacred mountain) വച്ച് നഗ്നനായി നൃത്തം (dancing naked) ചെയ്തതിനെ തുടർന്ന് ഒരു കനേഡിയൻ(Canadian) വിനോദസഞ്ചാരിയെ നാടുകടത്താൻ ഒരുങ്ങുകയാണ് ഇന്തോനേഷ്യ. കനേഡിയൻ നടനും സ്വയം പ്രഖ്യാപിത വെൽനസ് ഗുരുവുമായ ജെഫ്രി ക്രെയ്‌ജനെ(Jeffrey Craigen)യാണ് ബാലിദ്വീപിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചത്.  

ന്യൂസിലൻഡിലെ മാവോറി സംസ്കാരത്തിലെ ആചാരനൃത്തമായ ഹക്ക ചെയ്യുന്ന വീഡിയോ അദ്ദേഹം അടുത്തിടെ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ ബാലിനീസ് മതമൂല്യങ്ങളെ അനാദരിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴയായി. കാര്യങ്ങൾ കൈവിട്ടു പോകുമെന്നതായതോടെ തിങ്കളാഴ്ച അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഭാവിയിൽ ബാലിയിൽ പ്രവേശിക്കുന്നത് തടയാൻ അദ്ദേഹത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നൃത്തം ചെയ്തതല്ല, മറിച്ച് പവിത്രമായി കണക്കാക്കപ്പെടുന്ന ബത്തൂർ പർവതത്തിന് മുകളിൽ നിന്ന് നഗ്‌നനായി നൃത്തം ചെയ്തതാണ് വിവാദമായത്. നിരവധി ആളുകൾ പവിത്രമായി കാണുന്ന ഒരു അഗ്നിപർവ്വതമാണ് ബാംഗ്‌ളി ജില്ലയിലെ ബത്തൂർ.

നിലവിൽ നാടുകടത്തലിനായി കാത്തിരിക്കുകയാണ് ജെഫ്രി. എന്നാൽ, അദ്ദേഹം ഇതുവരെ കൊവിഡ് -19 നെതിരെ വാക്‌സിൻ എടുക്കാത്തത് നടപടികളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രണ്ടാഴ്ചയെടുക്കും നടപടികൾ പൂർത്തിയാക്കാൻ. ബാലിനീസ് ആളുകൾ ബത്തൂർ പർവതത്തെ, ദൈവങ്ങളുടെയും ദേവതകളുടെയും ആലയമായാണ് കാണുന്നതെന്ന് ഏപ്രിൽ 26 -ന് യുസിഎ ന്യൂസിനോട് സംസാരിച്ച ഇന്തോനേഷ്യൻ ഹിന്ദു റിലീജിയസ് കൗൺസിലിന്റെ ബാലി ചാപ്റ്ററിന്റെ തലവൻ ഐ ഗുസ്തി എൻഗുറാ സുദിയാന പറഞ്ഞു. ആളുകൾ ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ മലയിൽ പരമ്പരാഗത ആചാരാനുഷ്‌ഠാനങ്ങൾ നടത്തിപ്പോരുന്നു. പർവതത്തോട് അനാദരവ് കാണിച്ചാൽ രോഗമോ, ഭൂമികുലുക്കമോ പോലുള്ള ദുരന്തങ്ങൾ അവിടത്തെ ആളുകളെ തേടിയെത്തുമെന്ന് ബാലിനീസുകാർ വിശ്വസിക്കുന്നു. എന്നാൽ, പർവ്വതം ഒരു പുണ്യസ്ഥലമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജെഫ്രി അഭിപ്രായപ്പെട്ടു.  

തുടർന്ന് ഏപ്രിൽ 26 -ന് ഇൻസ്റ്റാഗ്രാമിൽ ആളുകളോട് ക്ഷമ ചോദിക്കുന്ന 18 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. ബാലിനീസ് ജനതയെ അനാദരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അതിൽ അദ്ദേഹം പറഞ്ഞു. എല്ലാ തെറ്റിനും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 അവസാനം മുതൽ ജെഫ്രി ഇന്തോനേഷ്യയിലുണ്ട്. ഒരു വിനോദസഞ്ചാരിയായും എല്ലുതേയ്മാനത്തിനുള്ള ബദൽ ചികിത്സകൾ പഠിക്കുന്നതിനുമായാണ് അദ്ദേഹം ഇവിടെ എത്തിയതെന്ന് ബാലിയുടെ ഇമിഗ്രേഷൻ ഓഫീസ് മേധാവി ജമറുലി മണിഹുറുക് പറഞ്ഞു. “ഞങ്ങളുടെ നിയമത്തെയും ബാലിനീസ് സാംസ്കാരിക മൂല്യങ്ങളെയും മാനിച്ചുകൊണ്ട് അതിനനുസരിച്ച് പ്രവർത്തിക്കണമെന്ന് ബാലി സന്ദർശിക്കുന്ന എല്ലാ വിദേശികളോടും ഞങ്ങൾ അപേക്ഷിക്കുന്നു” മണിഹുറുക് പറഞ്ഞു.

മോശമായി പെരുമാറുന്ന വിനോദസഞ്ചാരികളോട് ഒട്ടും ദാക്ഷിണ്യം കാണിക്കുന്ന പതിവില്ല ബാലിയ്ക്ക്. നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലും, മോശം പെരുമാറ്റം കാഴ്ചവച്ചതിന്റെയും പേരിലും കഴിഞ്ഞ വർഷം 200 ഓളം പേരെ ദ്വീപിൽ നിന്ന് നാടുകടത്തിയിരുന്നു. അവരിൽ ചിലർ കൊവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെട്ടത്. അതേസമയം, പകർച്ചവ്യാധി മൂലം കഴിഞ്ഞ രണ്ട് വർഷമായി ബാലിയിലെ വിനോദസഞ്ചാര മേഖല ആകെ തകർന്നിരിക്കയായിരുന്നു. എന്നാൽ, വാക്സിനേഷൻ എടുത്ത വിനോദസഞ്ചാരികൾക്കുള്ള ക്വാറന്റൈനുകൾ ദ്വീപ് ഒഴിവാക്കുകയും നിരവധി രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഓൺ അറൈവൽ പുനരാരംഭിക്കുകയും ചെയ്തതിന് ശേഷം ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios