വരുന്ന ഞായറാഴ്ച, ജൂലൈ 26  കാർഗിൽ വിജയ് ദിവസ് ആണ്. രാജ്യത്തിന്റെ അതിർത്തി കടന്നുനടന്ന നുഴഞ്ഞുകയറ്റത്തെ അതിശക്തമായി പ്രതിരോധിച്ച് വിജയം കൊയ്ത ആ യുദ്ധത്തിന്റെ സ്മരണകൾ നമ്മുടെ ഹൃദയങ്ങളിലേക്ക് ഒരിക്കൽ കൂടി വന്നെത്തുമ്പോൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന 'കാർഗിൽ വീരസ്മരണ' പുതുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. 1999 -ൽ രണ്ടുമാസവും രണ്ടാഴ്ചയും മൂന്നു ദിവസവും നീണ്ടുനിന്ന ആ പോരാട്ടത്തിലൂടെ നമ്മുടെ സൈനികർ ഈ നാടിന്റെ അതിർത്തി സംരക്ഷിച്ചു. അവസാനത്തെ നുഴഞ്ഞുകയറ്റക്കാരനെപ്പോലും തിരികെ ഓടിച്ചുവിട്ട ശേഷമാണ് നമ്മൾ 1999 ജൂലൈ 26 -ന് ആദ്യത്തെ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചത്. ആ ദിവസം നമ്മൾ ഇക്കൊല്ലം ഓർക്കുന്നത് ആ ദിവസത്തിലേക്ക് നയിച്ച സുദീർഘമായ പോരാട്ടത്തിൽ നമ്മുടെ നാടിനെ നയിച്ച, ആ പോർമുഖത്ത് ജീവത്യാഗം ചെയ്ത നമ്മുടെ ധീര സൈനിക ഓഫീസർമാരെയും ജവാന്മാരെയും കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ടാണ്. അവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ്. ഇനിയങ്ങോട്ടുള്ള ദിനങ്ങളിൽ അവരുടെ പോരാട്ടങ്ങളുടെ വീരകഥകൾ ഒരു പരമ്പരയായി വായിക്കാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ- 'കാർഗിൽ ഡയറി' - ഇന്ന് പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയെ ഓര്‍ക്കാം... 

കാർഗിലിന്റെ വീരകഥകൾ അനുസ്മരിക്കുമ്പോൾ ഒരു കാരണവശാലും വിസ്മരിച്ചുകൂടാത്ത ഒരു പേരാണ് പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയുടേത്. ഹിമാചൽ പ്രദേശിലെ പാലംപൂരിൽ 1974 സെപ്റ്റംബർ 9 -ന് ഗവണ്മെന്റ് സ്‌കൂൾ പ്രിൻസിപ്പൽ ആയിരുന്ന ഗിർധാരിലാൽ ബത്രയുടെയും സ്‌കൂൾ ടീച്ചർ ആയിരുന്ന കമൽകാന്തിന്റെയും ഇരട്ടമക്കളിൽ നിമിഷങ്ങൾ മാത്രം മൂത്തവനായിട്ടാണ് വിക്രം പിറന്നുവീഴുന്നത്. കടുത്ത ശ്രീരാമ ഭക്തയായിരുന്ന അമ്മ കമൽ കാന്തിന് മക്കൾ ലവകുശമാരായിരുന്നു. മൂത്തവൻ വിക്രം ലവനും, ഇളയവൻ വിശാൽ കുശനും. 


പഠനത്തിലും സ്പോർട്സിലും ഒരുപോലെ മിടുക്കനായിരുന്ന വിക്രം അധ്യാപകരുടെയും സഹപാഠികളുടെയും ഓമനയായിരുന്നു. പഠിക്കുന്നകാലത്ത് ഉത്തരേന്ത്യയിലെ ഏറ്റവും മികച്ച എൻസിസി കേഡറ്റിനുള്ള മെഡൽ നേടിയ വിക്രം റിപ്പബ്ലിക് ഡേ പരേഡിലും പങ്കെടുത്തു. പിന്നീട് കരാട്ടെയിലും, ടേബിൾ ടെന്നിസിലും ദേശീയ അംഗീകാരങ്ങളും നേടി. 

സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാനുള്ള ത്വര നന്നേ ചെറുപ്പത്തിൽ തന്നെ വിക്രമിനെ പ്രവേശിച്ചിരുന്നു. അതുകൊണ്ടുതന്നെ 1995 -ൽ ബിരുദപഠനം പൂർത്തിയാക്കിയ വിക്രം, ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദപഠനത്തിനൊപ്പം കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയപ്പോൾ കുടുംബത്തിന് ഒട്ടും അത്ഭുതം തോന്നിയിരുന്നില്ല. ഏതാണ്ട് അതേ സമയത്തുതന്നെ ഹോങ്കോങ്ങിലെ ഒരു ഷിപ്പിങ്ങ് കമ്പനി വിക്രമിനെ മർച്ചന്റ് നേവിയിൽ ഓഫീസറായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും വിക്രം ആ ഓഫർ നിരസിച്ചു. ചെറിയ വായിൽ വലിയ വാക്കുകളായിരുന്നു അന്ന് അവന്, "പൈസ അല്ലമ്മാ ജീവിതത്തിൽ എല്ലാം, എനിക്ക് എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യണമെന്നുണ്ട്. മറ്റാരും ചെയ്യാത്തത് എന്തെങ്കിലും നമ്മുടെ നാടിനുവേണ്ടി ചെയ്യണം എനിക്ക്..."

ആ പറഞ്ഞതിന് ഒരു ദശാബ്ദം ഇപ്പുറം ഇന്ത്യൻ ഓയിൽ കമ്പനി ഒരു പ്രിന്റ് കാമ്പയിൻ നടത്തുകയുണ്ടായി. അതിൽ അവർ ഇങ്ങനെ കുറിച്ചിരുന്നു. "അപൂർവം ചില സന്ദർഭങ്ങൾ ഇങ്ങനെയുമുണ്ട്. ഒരു സാധാരണക്കാരന് 1,20, 000  കോടിയുടെ ആസ്തിയുള്ള ഒരു കമ്പനിയെ അയാൾക്കു മുന്നിൽ ശിരസ്സുനമിച്ച് നിൽക്കാൻ പ്രേരിപ്പിക്കാൻ സാധിക്കും. ഞങ്ങളുടെ ഓരോ കാൽവെപ്പിനും ഈ ഇന്ത്യൻ പൗരൻ ഞങ്ങൾക്ക് പ്രചോദനമാകുന്നു.. "ആ പരസ്യത്തിൽ അവർ കൊടുത്തിരുന്നത് ക്യാപ്റ്റൻ വിക്രം ബത്രയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു.

അങ്ങനെ വിക്രം ആഗ്രഹിച്ചതുപോലെ തന്നെ 1996 -ൽ അദ്ദേഹം സിഡിഎസ് ക്ലിയർ ചെയ്തു, ഇംഗ്ലീഷ് പിജി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സൈനികസേവനത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം ലെഫ്റ്റനന്റ് ആയി ഇന്ത്യൻ കരസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. തുടർന്ന് റജിമെന്റൽ ട്രെയിനിങ്ങിനായി മധ്യപ്രദേശിലെ ജബൽപൂരിൽ കുറച്ചുകാലം. കന്നി പോസ്റ്റിങ്ങ് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ. 13  ജമ്മു കശ്മീർ റൈഫിൾസിലായിരുന്നു ആദ്യ നിയമനം.  

സോപ്പോറിൽ വെച്ച് തീവ്രവാദികളുമായുള്ള പോരാട്ടങ്ങൾക്കിടെ നിരവധിതവണ ബത്ര മരണത്തെ മുഖാമുഖം കണ്ടു. ഒരിക്കൽ വിക്രമിന്റെ തോളിൽ ഉരഞ്ഞുകൊണ്ട് കടന്നുപോയ വെടിയുണ്ട തൊട്ടുപിന്നിൽ നിന്നിരുന്ന ഒരു ജവാന്റെ ജീവനെടുത്തു. അന്ന് ബത്ര തന്റെ ചേച്ചിയെ ഫോൺ ചെയ്തു പറഞ്ഞു, "ദീദി... ആ വെടിയുണ്ട എനിക്കുള്ളതായിരുന്നു. പാവം, എന്റെ ജവാൻ മരിച്ചു, അത് ചെന്നുകൊണ്ട്..." 

1999  - കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബത്ര ബെൽഗാമിൽ ഒരു കമാൻഡോ കോഴ്സ് പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. ഹോളിയുടെ അവധി തുടങ്ങിയിരുന്നു. ട്രെയിനിങ്ങിനു ശേഷം ഡ്യൂട്ടിക്ക് ചേരും മുമ്പ് ബത്ര കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കാനായി അവധിക്ക് അപേക്ഷിച്ചിരുന്നു. അത് അനുവദിക്കപ്പെടുകയും ചെയ്തു. 

അങ്ങനെ ആറ്റുനോറ്റ് പാലംപൂരിലെ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ചെലവിടാൻ വന്ന വിക്രം നേരെ പോയത് അവിടത്തെ പ്രസിദ്ധമായ ന്യൂഗൽ കഫേയിലേക്കായിരുന്നു. തന്റെ സുഹൃത്തിനൊപ്പം കാപ്പിയും മൊത്തിക്കൊണ്ട്  നടുനീർത്തിയ വിക്രമിനോട് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു, "യുദ്ധം തുടങ്ങിയിട്ടുണ്ട് കാർഗിലിൽ. നിനക്ക് എപ്പോഴാണ് വിളി വരുന്നത് എന്നറിയാൻ പറ്റില്ല... ശ്രദ്ധിക്കണേടാ നീ അങ്ങ് ചെന്നാൽ... "

അപ്പോൾ വിക്രം പറഞ്ഞു, "ഡോണ്ട് വറി, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അല്ല അതേ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ഞാൻ വന്നിരിക്കും. തിരികെ... ഉറപ്പായും... ഡോണ്ട് വറി..." 

വിക്രമിന്റെ ആ കളിവാക്കുകൾ അറം പറ്റുമെന്ന് ആരും കരുതിയിരുന്നില്ല. അധികം താമസിയാതെ വിക്രമിന് അവധി പാതിവഴിയിൽ അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാനുള്ള ഓർഡർ കിട്ടി. ജൂൺ ഒന്നിന് വിക്രം കാർഗിലിൽ റിപ്പോർട്ട് ചെയ്തു. അവിടെ ചെന്ന് പതിനെട്ടാംദിവസം ഏറെ നിർണ്ണായകമായ ഒരു ദൗത്യത്തിന് നേതൃത്വം നൽകാൻ ലെഫ്റ്റനന്റ് വിക്രം ബത്ര നിയോഗിക്കപ്പെട്ടു.

പോയിന്റ് 5140. പാക്കിസ്ഥാനി സൈനികർ കയ്യടക്കിവെച്ചിരിക്കുന്ന ആ പോസ്റ്റിൽ നിന്നും അവരെ ഒഴിപ്പിച്ച് അവിടെ ഇന്ത്യയുടെ വെന്നിക്കൊടി പാറിക്കണം. അതായിരുന്നു ആ ദൗത്യം. കാർഗിൽ യുദ്ധത്തിലെ എല്ലാ പോരാട്ടങ്ങളിലും ആദ്യം മുതൽക്കു തന്നെ പാക് സൈനികർ ഒരു 'അഡ്വാന്‍റേജ് പൊസിഷനി'ൽ ആയിരുന്നു. കാരണം, അവർ നേരത്തേ തന്നെ മലമുകളിലെ പോയിന്റുകൾ കയ്യടക്കി ഇരിക്കുകയായിരുന്നല്ലോ.  

രണ്ടു കമ്പനികൾ ചേർന്നുള്ള ഒരു സംയുക്ത ഓപ്പറേഷനായിരുന്നു അത്. ലെഫ്റ്റനന്റ് സഞ്ജീവ് സിംഗ് ജംവാളിന്റെ നേതൃത്വത്തിലുള്ള ബ്രാവോ കമ്പനിയും, വിക്രം ബത്രയുടെ നേതൃത്വത്തിലുള്ള ഡെൽറ്റാ കമ്പനിയും. മുൻ നിശ്ചയിച്ച പ്രകാരം ഹമ്പ് കോംപ്ലക്സിലുളള ആർട്ടിലറി ഗണ്ണുകൾ പ്രാഥമിക ബൊംബാർഡ്മെന്റ് തുടങ്ങി. അതിന്റെ കവറിൽ ലെഫ്റ്റനന്റ് വിക്രമും സംഘവും മലകയറ്റം തുടങ്ങി. ഏതാണ്ട് 80  ഡിഗ്രി ചെങ്കുത്തായ, മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളാണ് മുന്നിൽ. ഡെൽറ്റാകമ്പനി തങ്ങളുടെ ലക്ഷ്യസ്ഥാനത്തിന്, അതായത് പോയിന്റ് 5140 -ന് ഇരുനൂറ് മീറ്റർ അകലെ എത്തുമ്പോൾ ആർട്ടിലറി ഫയറിങ്ങ് നിർത്തും എന്നായിരുന്നു ധാരണ. 

എല്ലാം പ്ലാൻ പ്രകാരം തന്നെ നടന്നു. പക്ഷേ, ആർട്ടിലറി ഫയറിങ്ങ് നിന്നതും, പാക് സൈനികർ ബങ്കർ വിട്ടിറങ്ങി വന്ന് യന്ത്രത്തോക്കുകളാൽ തലങ്ങും വിലങ്ങും വെടിവെക്കാൻ തുടങ്ങി. അതോടെ ആർട്ടിലറി ഫയർ വീണ്ടും തുടങ്ങി.  ബത്രയും അഞ്ചുപേരും ചേർന്ന്  ചെങ്കുത്തായ മലയിടുക്കുകളിലൂടെ ശത്രുബങ്കറിന് കുറേകൂടി അടുത്തേക്ക് നീങ്ങി. പിന്നെ ശത്രുസൈനികരുമായി നേർക്കുനേർ പോരാടി ബത്രയും സംഘവും ആ പോയന്റിലെ ബങ്കറുകൾ പിടിച്ചെടുത്തു.  എട്ടു പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാർ അന്ന് ബത്രയുടെയും സംഘത്തിന്റെയും ആക്രമണത്തിൽ വധിക്കപ്പെട്ടു. ശേഷിച്ച പാക് സൈനികർ ഓടി രക്ഷപ്പെട്ടു.
 
പുലർച്ചെ നാലരയോടെ  വിക്രം ബത്രയും സംഘവും പോസ്റ്റ് 5140  പിടിച്ചെടുത്ത് അവിടെ ഇന്ത്യൻ പതാക പാറിച്ചു.  ദൗത്യം പൂർത്തിയാക്കിയ ശേഷം അദ്ദേഹം റേഡിയോ കയ്യിലെടുത്ത് ബേസിലേക്ക് വിളിച്ചു. അദ്ദേഹം പറഞ്ഞു. "യേ ദിൽ മാംഗേ മോർ..." - അത് അദ്ദേഹത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട വിജയകാഹളമായിരുന്നു. ഇത്തവണയും അദ്ദേഹം അത് മുടക്കിയില്ല. 

ആ ആക്രമണത്തിൽ പാക്ക് സൈന്യത്തിൽ നിന്നും പിടികൂടിയ ഒരു ആന്റി എയർക്രാഫ്റ്റ് ഗണ്ണിനൊപ്പമുള്ള ലെഫ്റ്റനന്‍റ് ബത്രയുടെയും സംഘത്തിന്റെയും ചിത്രം കാർഗിൽ യുദ്ധത്തിലെ ഏറ്റവും ഐക്കോണിക്ക് ആയ ചിത്രങ്ങളിൽ ഒന്നാണ്. ആ പോരാട്ടത്തിൽ ബ്രാവോ, ഡെൽറ്റാ കമ്പനികളിൽ ആർക്കും തന്നെ ജീവാപായമുണ്ടായില്ല.

അന്നുരാത്രി വിക്രം അച്ഛനെ വിളിച്ചു, "ഡാഡി... ഞാൻ അവരുടെ പോസ്റ്റ് പിടിച്ചെടുത്തു. ഞാൻ ഓക്കെയാണ്. എനിക്ക് കുഴപ്പമൊന്നുമില്ല."  
"അയാം പ്രൗഡ് ഓഫ് യു മൈ ബോയ്... മേ ഗോഡ് ബ്ലസ്‌ യൂ. കാര്യങ്ങളൊക്കെ നടക്കട്ടെ." എന്നും പറഞ്ഞ് അച്ഛൻ ഫോൺ വെച്ചു. ഒമ്പതു ദിവസങ്ങൾക്കപ്പുറം ബേസ് ക്യാമ്പിൽ നിന്നും വിക്രം അവസാനമായി ഒരിക്കൽ കൂടി അമ്മയെ വിളിച്ചു. "എനിക്ക് ഒരു കുഴപ്പവുമില്ല മമ്മീ, അയാം ഓക്കേ... ഏക് ദം ഫിറ്റ്... വിഷമിക്കണ്ട..." അത് അവരോടുള്ള അദ്ദേഹത്തിന്റെ അവസാനത്തെ സംഭാഷണമായിരുന്നു. 

ആദ്യ ദൗത്യത്തിൽ പ്രകടിപ്പിച്ച അസാമാന്യ ധീരത വിക്രമിന് ക്യാപ്റ്റൻ ആയി സ്ഥാനക്കയറ്റം നേടിക്കൊടുത്തു.  അതിന്റെ വിജയത്തിന് ശേഷം കുറേക്കൂടി പ്രയാസമുള്ള മറ്റൊരു ദൗത്യം വിക്രമിനെ തേടിയെത്തി. സമുദ്രോപരിതലത്തിൽ നിന്നും 17,000  അടി ഉയരത്തിലുള്ള, ഒരു പോയിന്റുണ്ട്. പീക്ക് 4875. 'ഏരിയ ഫ്ലാറ്റ് ടോപ്പ്' എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ക്യാപ്റ്റൻ എൻ എ നാഗപ്പയുടെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം ജൂലൈ 5 -ന് ഫ്ലാറ്റ് ടോപ്പ് കീഴടക്കി അവിടെ ഇന്ത്യൻ പതാക പാറിച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാനികളും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവർ ആ പീക്ക് തിരിച്ചുപിടിക്കാൻ ഒരു 'കൗണ്ടർ അറ്റാക്ക് ' സംഘത്തെ അയച്ചു. 
അവർക്കുമേൽ ഉയരത്തിന്റെ മേൽക്കൈ ഉണ്ടായിരുന്ന നാഗപ്പയും സംഘവും ആ സംഘത്തിനെ വെടിവെച്ചു തുരത്തി. പാക് സൈന്യം റീ-എൻഫോഴ്‌സ്‌മെന്റ് അയച്ച് പരിശ്രമം തുടർന്നുകൊണ്ടിരുന്നു. ആ പോരാട്ടം പുരോഗമിക്കെ, ഒരു പാകിസ്ഥാനി ഷെൽ, ഫ്ലാറ്റ് ടോപ്പിൽ വന്നുവീണു പൊട്ടിത്തെറിച്ചു. ക്യാപ്റ്റൻ നാഗപ്പയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അദ്ദേഹം ബോധരഹിതനായി. അതോടെ ഇന്ത്യൻ സംഘം പരിഭ്രാന്തരായി. ഈ അനുകൂല സാഹചര്യം മുതലെടുത്ത് പാക് കൗണ്ടർ അറ്റാക്ക് സംഘം വേഗത്തിൽ മല കയറാൻ തുടങ്ങി. 

കുറച്ചപ്പുറമുള്ള ബേസിൽ ഇരുന്നുകൊണ്ട് ബൈനോക്കുലറിലൂടെ മലമുകളിലെ ആക്ഷൻ നിരീക്ഷിക്കുകയായിരുന്നു ക്യാപ്റ്റൻ ബത്ര. അദ്ദേഹം നേരെ കമാന്‍ഡിങ് ഓഫീസറെ ചെന്ന് കണ്ടു പറഞ്ഞു, "ഐ വിൽ ഗോ അപ്പ് സാർ..." കഴിഞ്ഞ പോരാട്ടത്തിൽ ഏറ്റ പരിക്കുകൾ പൂർണമായും ഭേദപ്പെട്ടിരുന്നില്ല ബത്രയ്ക്ക്. ആ അവസ്ഥയിൽ അദ്ദേഹത്തെ പറഞ്ഞയക്കാൻ കമാൻഡിങ് ഓഫീസർക്ക് മനസ്സുവന്നില്ല. എന്നാൽ, ആ മലമുകളിൽ ശത്രുക്കളാൽ ചുറ്റപ്പെട്ട് ജീവൻ അപകടത്തിലായിരിക്കുന്ന തങ്ങളുടെ സഹപ്രവർത്തകരെ രക്ഷിക്കാൻ പോകണം എന്ന് അദ്ദേഹവും സംഘവും വാശിപിടിച്ചു. ഒടുവിൽ മിഷന് അനുമതി കിട്ടി. 

പുറപ്പെടും മുമ്പ്, ബേസില്‍നിന്നും ആ സന്തോഷവാർത്ത റേഡിയോയിലൂടെ ക്യാപ്റ്റൻ നാഗപ്പയ്ക്ക് കൈമാറി, "ഷേർഷാ ഈസ് കമിങ്ങ്..." ഷേർഷാ എന്നതായിരുന്നു യുദ്ധമുഖത്ത് ക്യാപ്റ്റൻ വിക്രം ബത്ര അറിയപ്പെട്ടിരുന്നത്. ഷേർ എന്നുവെച്ചാൽ സിംഹം. ഷാ എന്നാൽ രാജാവ്. ഷേർഷാ എന്നാൽ ലയൺ കിങ്ങ്. 

വിക്രം ബത്രയുടെ നേതൃത്വത്തിൽ സപ്പോർട്ടിന് അടുത്ത സംഘം വരുന്നു എന്നറിഞ്ഞതോടെ ക്യാപ്റ്റൻ നാഗപ്പയുടെ ശ്വാസം നേരെ വീണു. അദ്ദേഹം തന്റെ കൂട്ടാളികളോട് ഷേർഷാ എത്തുംവരെ എങ്ങനെയും പിടിച്ചു നിൽക്കാൻ പറഞ്ഞു. വന്നാൽ പിന്നെ, തനിക്കുപകരം കാര്യങ്ങൾ അദ്ദേഹം നോക്കിക്കോളും എന്നും. ഈ വയർലസ് സന്ദേശങ്ങൾ പാക്കിസ്ഥാനി ഇന്റലിജൻസും പിടിച്ചെടുത്തു. പീക്ക് 5140  കീഴടക്കിയ ഷേർഷാ എന്ന ഓഫീസറുടെ പേര് അവർക്കും പരിചിതമായിരുന്നു. 
 
ശത്രുക്കളുടെ ബങ്കറുകൾ ഒന്നൊന്നായി ഒഴിപ്പിച്ച് ബത്രയും സംഘവും ഇഞ്ചിഞ്ചായി മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ശക്തമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാനാവാതെ ശത്രുക്കൾ മെല്ലെ മെല്ലെ പിൻവലിഞ്ഞുതുടങ്ങി. അവസാനത്തെ ചെറുത്തുനിൽപ്പെന്ന നിലയിൽ അവർ മലമുകളിൽ നിന്നും മോർട്ടാറുകളും ഓട്ടോമാറ്റിക് ഗണ്ണുകളും ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി. ശക്തമായ കൗണ്ടർ അറ്റാക്ക് തന്നെ വിക്രം നടത്തി. കൂട്ടിന്  അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ക്യാപ്റ്റൻ അനുജ് നയ്യാരും ഉണ്ടായിരുന്നു. വളരെ കൃത്യമായ ഒരു 'ഹാൻഡ് ഇൻ ഹാൻഡ്' മിലിട്ടറി കോംബാറ്റ്‌ ആയിരുന്നു അന്നവിടെ നടന്നത്. 

പോരാട്ടത്തിന്റെ അന്തിമഘട്ടത്തിൽ വിക്രമിന്റെ ജൂനിയർ ഓഫീസർക്ക് ഒരു സ്‌ഫോടനത്തിൽ കാലിന് ഗുരുതരമായ പരിക്കുപറ്റി. വിക്രം തന്റെ സംഘത്തിലെ സുബേദാറായ രഘുനാഥ് സിങിനോട് പറഞ്ഞു, "നമുക്ക് രണ്ടുപേർക്കും കൂടി JCO -യെ രക്ഷിക്കണം. അവർ ഒരുവിധം വെടിയേൽക്കാതെ ഓഫീസറുടെ അടുത്തെത്തി. ഒരാൾ തലഭാഗത്തും രണ്ടാമൻ കാൽഭാഗത്തും വേണം പിടിക്കാൻ. തലഭാഗം പിടിക്കുന്നവന്  ശത്രുസൈന്യത്തിന്റെ വെടിയുണ്ടകൾ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. സുബേദാർ തല പിടിക്കാൻ ആഞ്ഞപ്പോൾ, വിക്രം പറഞ്ഞു, "വേണ്ട സുബേദാർജി... നിങ്ങൾ കുഞ്ഞുകുട്ടി പരാധീനക്കാരൻ. എനിക്കങ്ങനെ കാത്തിരിക്കാൻ ആരുമില്ല. തല ഞാൻ പിടിച്ചോളാം..."

അങ്ങനെ ആ JCO -യെയും എടുത്തുകൊണ്ട് തിരിച്ച് ബങ്കറിലേക്ക് വരും വഴി, ശത്രുസൈന്യത്തിന്റെ സ്നൈപ്പർ ഗണ്ണിൽ നിന്നുള്ള ഒരു വെടിയുണ്ട ബത്രയുടെ നെഞ്ചു തുളച്ചുകൊണ്ട് കടന്നുപോയി. ഒപ്പംതന്നെ ഒരു റോക്കറ്റ് പ്രൊപ്പെൽഡ് ഗ്രനേഡ് (RPG) അവർക്ക് തൊട്ടപ്പുറത്തുവീണു പൊട്ടിത്തെറിച്ചു. അതിൽ നിന്നും പാഞ്ഞുവന്ന ഒരു ലോഹച്ചീള് (SPLINTER) ബത്രയുടെ തല തുളച്ചുകേറി. നിമിഷനേരം കൊണ്ട് ക്യാപ്റ്റൻ വിക്രം ബത്ര അവിടെത്തന്നെ മരിച്ചുവീണു. ധീരരക്തസാക്ഷിത്വത്തിലേക്കുള്ള ക്യാപ്റ്റൻ വിക്രം ബത്രയുടെ പ്രയാണം ഒറ്റയ്ക്കായിരുന്നില്ല. ശത്രുബങ്കറുകൾ ഒഴിപ്പിക്കാനുള്ള പോരാട്ടത്തിനിടെ ക്യാപ്റ്റൻ അനുജ് നയ്യാറും മരണത്തിനു കീഴടങ്ങി. അടുത്ത പ്രഭാതമായപ്പോഴേക്കും, 13 ജമ്മു കശ്മീർ റൈഫിൾസ് 'പീക്ക് 4875'  പിടിച്ചടക്കികഴിഞ്ഞിരുന്നു.  

കാർഗിൽ യുദ്ധത്തിൽ പ്രകടിപ്പിച്ച അസാമാന്യമായ ധീരതയ്ക്കുള്ള അംഗീകാരമായി മരണാനന്തരം രാജ്യം ക്യാപ്റ്റന്‍ വിക്രം ബത്രയെ പരം വീർ ചക്ര നൽകി ആദരിച്ചു. 2003 -ൽ പുറത്തിറങ്ങിയ LOC കാർഗിൽ എന്ന ചിത്രത്തിൽ അഭിഷേക് ബച്ചനും, 2004 -ൽ പുറത്തിറങ്ങിയ ലക്ഷ്യ എന്ന ചിത്രത്തിൽ ഹൃതിക്ക് റോഷനും ക്യാപ്റ്റൻ വിക്രം ബത്രയുടെ റോള്‍ അവിസ്മരണീയമാക്കി. സിദ്ധാർഥ് മൽഹോത്ര നായകനായി, വിക്രം ബത്രയുടെ കഥ പറയുന്ന ഷേർഷാ എന്നൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം പ്രതിപാദ്യമായി 'ഷേർഷാ ഓഫ് കാർഗിൽ' എന്ന പേരിൽ ഒരു പുസ്തകവും ഇറങ്ങിയിരുന്നു. ഇന്ന് പോയിന്റ് 4875  അറിയപ്പെടുന്നത് 'ബത്രാ ടോപ്പ്' എന്നാണ്.

തന്റെ ധീരനായ പുത്രന്റെ ശവസംസ്കാര ചടങ്ങുകൾക്കിടയിൽ വിക്രമിന്റെ അമ്മ കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു, "ദൈവം എനിക്ക് ഇരട്ടക്കുഞ്ഞുങ്ങളെ തന്നത് എന്തിനായിരുന്നു എന്ന് ഇന്നാണ് മനസ്സിലായത്. ഒന്നെനിക്കും, ഒന്ന് പിറന്ന നാടിനും വേണ്ടിയായിരുന്നു..."