ഇനി ഈ ഉടമ വന്ന് കാർ കൊണ്ടുപോവുകയാണ് എങ്കിൽ തന്നെയും £1,000 പിഴ ഒടുക്കേണ്ടി വരും. എന്നാണ് ആ കാർ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

നാല് വർഷമായി പാർക്കിം​ഗ് ഏരിയയിൽ ഉപേക്ഷിച്ച നിലയിൽ ഒരു കാർ. അതിന്റെ ഉടമ ആരാണ് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. 1965 മോഡൽ മോറിസ് മൈനർ 1000 ആണ് ഹളിലെ മാർക്കറ്റ് പ്ലേസിലെ കിംഗ് വില്യം ഹൗസ് കാർ പാർക്കിൽ ഇട്ടിരിക്കുന്നത്. 

വിനോദസഞ്ചാരികളും അതുവഴി പോകുന്ന യാത്രക്കാരും ഷോപ്പിം​ഗിന് വേണ്ടി വരുന്നവരും എല്ലാം അവിടെ കാർ പാർക്ക് ചെയ്യാറുണ്ട്. എന്നാൽ, രാത്രിയാകുമ്പോൾ ഈ മോറിസ് മൈനർ മാത്രം അവിടെ ബാക്കിയാവും. എന്നാൽ, ഇതിന്റെ ഉടമ ആരാണ് എന്നത് മാത്രം നി​ഗൂഢതയായി അവശേഷിക്കുകയാണ്. ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി (ഡിവിഎൽഎ) വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റകളെല്ലാം പരിശോധിച്ചിട്ടും അതിന് മാത്രം ഉത്തരം കിട്ടിയില്ല. 

2019 ജൂൺ മുതൽ വാഹനത്തിന് നികുതിയും അടച്ചിട്ടില്ല. എന്നാൽ, നിരത്തുകളിൽ ഇന്ന് ആ വാഹനം ഇല്ലാത്തതിനാൽ തന്നെ പാർക്കിം​ഗ് ഏരിയയിൽ നിന്നും മാറ്റുന്നത് വരെ നികുതി അതിന് ബാധകവുമല്ല. കാറിന്റെ MOT ആണെങ്കിൽ 2017 മുതൽ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. 

ഇനി ഈ ഉടമ വന്ന് കാർ കൊണ്ടുപോവുകയാണ് എങ്കിൽ തന്നെയും £1,000 പിഴ ഒടുക്കേണ്ടി വരും. എന്നാണ് ആ കാർ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. MOT ഡാറ്റ പ്രകാരം കുറഞ്ഞത് നാല് വർഷം എങ്കിലും ആയിക്കാണും കാർ ഇവിടെ ഇട്ടിട്ട് എന്നാണ് മനസിലാവുന്നത്. 

കാറിന്റെ നിറം മെറൂൺ ആണ്. അതിൽ നിറയെ പൊടിപിടിച്ചിരിക്കുകയാണ്. അതിൽ കുട്ടികളടക്കം പലരും പലതും എഴുതിയിരിക്കുന്നതും കാണാം. കാർ പാർക്ക് ചെയ്തിരിക്കുന്നതും നിയമവിരുദ്ധമായിട്ടല്ല. പാർക്കിം​ഗ് ഫീസ് അടച്ചിട്ടാണ് കാർ അവിടെ പാർക്ക് ചെയ്തിരിക്കുന്നത് എന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിക്കുന്നു. പൊടിപിടിച്ച ജനലിലൂടെ, കാറിന്റെ ബാക്ക് സീറ്റിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഒരു നീളമുള്ള വസ്തു കിടക്കുന്നതും കാണാം. 

ഏതായാലും ഈ കാർ ഇവിടെ ഇട്ടിട്ടു പോയ ആ ഉടമ ആരാണ് എന്നത് ഇന്നും നി​ഗൂഢമായി തുടരുകയാണ്. എന്നെങ്കിലും ആരെങ്കിലും വരികയും ആ കാർ കൊണ്ടുപോവുകയും ചെയ്യും എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.