സെൻട്രൽ മെക്സിക്കോയിലെ അപ്പാസിയോ എൽ ആൾട്ടോ എന്ന പട്ടണത്തിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്നു ജോസ് റെമിഡിയോസ് അഗ്യൂറെ. 2018 -ൽ ഒരു രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നതിനിടയിൽ അദ്ദേഹത്തെ വാടക കൊലയാളികൾ വെടിവച്ചു കൊന്നു. അദ്ദേഹത്തിന് തന്റെ സ്വപ്നങ്ങൾ പാതിവഴിയ്ക്ക് ഉപേക്ഷിച്ച് മരണത്തിന് കീഴ്‌പ്പെടേണ്ടി വന്നു. എന്നാൽ, അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി അദ്ദേഹത്തിന്റെ ഭാര്യ മരിയ ഡെൽ കാർമെൻ ഒർട്ടിസ് മേയർ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. 

അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും, അവിടത്തെ ആദ്യത്തെ വനിതാ മേയറായി മാറുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ അവരുടെ 12 സ്റ്റാഫുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. എപ്പോൾ വേണമെങ്കിലും താനും മരണത്തിന് കീഴ്പ്പെടാം എന്നവർ ഭയക്കുന്നു. എന്നിരുന്നാലും ഈ സംവിധാനത്തെ മാറ്റാൻ ആഗ്രഹിക്കുന്ന അവർ ഇപ്പോൾ രണ്ടാം തവണയും മത്സരിക്കാൻ തയ്യാറാവുകയാണ്.

മരിയ ഡെൽ കാർമെൻ ഒർട്ടിസ്/ചിത്രത്തിന് കടപ്പാട് ഫേസ്ബുക്കിന്

ജൂൺ 6 -ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി കൊലപാതകങ്ങൾ ഇതിനിടയിൽ തന്നെ നടന്നു കഴിഞ്ഞു. ഇതുവരെ 89 രാഷ്ട്രീയ നേതാക്കളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. അതിൽ 35 പേർ സ്ഥാനാർത്ഥികളാണ്. സ്ഥാനാർത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും കൊലപ്പെടുത്തുന്നത് മെക്സിക്കോവിൽ വാർത്തയല്ലെങ്കിലും, 2021 -ലെ തിരഞ്ഞെടുപ്പ് പ്രചാരണം ചരിത്രപരമായ തലങ്ങളിലേക്ക് അക്രമത്തെ കൊണ്ടുപോയി. 21 -ാം നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും അക്രമപരമായ രണ്ടാമത്തെ പ്രചാരണമാണിതെന്ന് കൺസൾട്ടിംഗ് സ്ഥാപനമായ എറ്റെലെക്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻപ് 2017-2018 -ലെ തിരഞ്ഞെടുപ്പിൽ 152 രാഷ്ട്രീയക്കാരാണ് കൊല്ലപ്പെട്ടത്. അവരിൽ 48 പേർ സ്ഥാനാർത്ഥികളാണ്.

2018 -ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ജോസും കൊല്ലപ്പെട്ടത്. എന്നാൽ, ആ കുറ്റകൃത്യം 30,000 -ൽ താഴെ നിവാസികളുള്ള ചെറിയ പട്ടണത്തെ പിടിച്ചുകുലുക്കി. വിജയം ഉറപ്പായ ഒരു സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ജനങ്ങളെയും, പാർട്ടിയെയും ഒരുപോലെ നൊമ്പരപ്പെടുത്തി. ഭർത്താവിന്റെ വിയോഗത്തിൽ തളർന്ന മരിയ അദ്ദേഹം മരണപ്പെട്ടതിന്റെ പിറ്റേന്നും, അതിന്റെ അടുത്ത ദിവസവും കിടക്കവിട്ട് എഴുന്നേറ്റില്ല. ആ കുടുംബത്തിന്റെ നെടുംതൂണായിരുന്നു അദ്ദേഹം. ഭർത്താവില്ലാതെ ഇനി ജീവിക്കണമോ എന്ന് പോലും അവൾ ചിന്തിച്ചു. എന്നാൽ, സ്വന്തം മക്കളെ കുറിച്ചോർത്തപ്പോൾ അവൾ ജീവിതം തിരിച്ച് പിടിക്കാൻ തീരുമാനിച്ചു. തന്റെ ഭർത്താവിന്റെ സ്വപ്നം സഫലമാക്കേണ്ടത് തന്റെ കടമയാണെന്ന് അവൾ ചിന്തിച്ചു. അങ്ങനെ അവിടെ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനെതിരെ യുദ്ധം ചെയ്യാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവൾ മുന്നോട്ട് വന്നു. മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ അവളുടെ പേര് പാർട്ടി മൂവായിരത്തോളം പേർക്ക് മുമ്പായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.  

അഗ്യൂറെയുടെ മരണത്തെ തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം

അതുവരെ വീട്ടിൽ മക്കളെ നോക്കി ജീവിച്ച അവൾ ആദ്യമായി ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിച്ചു. ദിവസങ്ങൾക്ക് മുമ്പ് പങ്കാളിയെ നഷ്ടപ്പെട്ടിട്ടും, ആ ദുഃഖത്തിൽ അവൾ തകർന്ന് പോയിട്ടും, ജനങ്ങൾക്ക് മുൻപിൽ ഉള്ളിലെ നൊമ്പരം മറച്ചുവച്ച് ആത്മവിശ്വാസത്തോടെ അവൾ നിന്നു. അന്ന് തടിച്ച് കൂടിയ ജനങ്ങളോട് അവൾ പറഞ്ഞു, "ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയാണ്. ഈ അരക്ഷിതാവസ്ഥ എന്നെ തളർത്തുന്നു. നിങ്ങൾക്കും അങ്ങനെയാണ് എന്നെനിക്കറിയാം." എന്നാൽ, ഇത് കേട്ടതും ജനക്കൂട്ടം ആരവത്തോടെ അവളെ പിന്തുണച്ചു. ആ തെരഞ്ഞെടുപ്പിൽ അവൾ വിജയിച്ചു. അങ്ങനെ തന്റെ ഭർത്താവ് ഇരിക്കേണ്ട കസേരയിൽ അവൾ ഇരുന്നു.

ഇന്ന് സംഭവം നടന്ന് മൂന്ന് വർഷം പിന്നിട്ടുവെങ്കിലും, അദ്ദേഹത്തെ കൊന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചിട്ടില്ല. സാക്ഷികൾ ഇല്ലാതെ, തെളിവുകൾ ഇല്ലാതെ ആ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇന്നും നീതിക്കായുള്ള പോരാട്ടത്തിലാണ് അവർ. ഗുണ്ടാസംഘങ്ങൾ ഇപ്പോഴും തെരുവുകളിൽ അഴിഞ്ഞാട്ടം തുടരുന്നു. നാടിനെ ഞെട്ടിച്ച് കൊണ്ട് കൂടുതൽ കൂടുതൽ കൊലപാതകങ്ങൾ ഇപ്പോൾ അവിടെ അരങ്ങേറുന്നു. ഒരു ദിവസം തോക്കിൻ തുമ്പിൽ അവളുടെ ജീവിതവും അവസാനിക്കുമോ എന്ന ഭയം അവളെ വേട്ടയാടുന്നുണ്ട്. "അച്ഛനെ നഷ്ടപ്പെട്ട മക്കൾക്ക്, അമ്മയെ കൂടി നഷ്ടമായാൽ, എങ്ങനെ അവർ അത് സഹിക്കും? എന്റെ മക്കളാണ് എന്റെ ജീവിതം, അവർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ," മരിയ പറയുന്നു. ഇപ്പോൾ എവിടെ പോകുമ്പോഴും അവരുടെ കൂടെ ബോഡി ഗാർഡുകൾ കാണും.

അഗ്യൂറെയുടെ മരണത്തെ തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടോളം ജീവനക്കാരെയാണ് അവർക്ക് നഷ്ടമായത്. ചിലർ കൊലപ്പെട്ടുവെങ്കിൽ, മറ്റ് ചിലരെ കാണാതായി. ഒപ്പമുണ്ടായിരുന്നവരുടെ വിയോഗം തീർത്തും വേദനാജനകമാണ് എന്നവർ പറയുന്നു. പക്ഷേ  നിസ്സഹായയായി നോക്കി നിൽക്കാനേ തനിക്ക് സാധിക്കുന്നുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. "എന്റെ നഗരം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കില്ല. ഞാൻ ഒരാൾ മാത്രം വിചാരിച്ചാൽ മാറുന്നതല്ല ഇത്" മരിയ പറഞ്ഞു. മയക്ക് മരുന്ന് സംഘങ്ങളുമായുള്ള യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ കൂടുതൽ പേർ കൊലപ്പെടുന്നു. തെരുവിൽ ചോരപ്പുഴയൊഴുകുന്നു. പല സ്ഥാനാർത്ഥികളും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നു. ഈ അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ട് പോലും മരിയ രണ്ടാമത്തെ പ്രാവശ്യവും മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിന് ഒരുങ്ങുകയാണ്.

ലോകത്തിൽ രണ്ട് തരം ഭയമാണ് ഉള്ളതെന്ന് അവർ പറയുന്നു. "ഒന്ന് നിങ്ങളെ മരവിപ്പിക്കുന്ന, നിർജീവമാക്കുന്ന ഒന്നാണ്. എന്നാൽ ഇനിയുള്ളത് നിങ്ങളെ കൂടുതൽ കരുത്തരാക്കുന്ന ഒന്നാണ്. ജീവിതത്തിൽ പൊരുതാൻ ഊർജ്ജം പകരുന്ന ഒന്ന്. ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് അത്തരത്തിലുള്ള ഭയമാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഇപ്പോഴും ഇവിടെ നിൽക്കുന്നത്" മരിയ പറഞ്ഞു.