Asianet News MalayalamAsianet News Malayalam

ഈ ന​ഗരത്തിലെ മേയറായി ഒരു പൂച്ച, സാമൂഹികമാധ്യമങ്ങളിൽ സ്റ്റാറായ പൂച്ച!

എട്ടാം തീയതിയാണ്, 'തന്റെ പ്രശസ്തമായ പൂച്ചയ്ക്ക് ഏതെങ്കിലും ന​ഗരത്തിൽ മേയറാവാനുള്ള സാധ്യതയുണ്ടോ' എന്ന് അവൾ അന്വേഷിച്ചത്. അതോടെ ഹെൽ നഗരത്തിലെ നിരവധിയാളുകൾ മിയയുമായി ബന്ധപ്പെട്ടു. 

cat jinx is named for mayor of Hell
Author
Michigan City, First Published Apr 25, 2022, 11:32 AM IST

വലിയ കണ്ണുകളും വലിയ കാൽപാദങ്ങളും കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ താരമായി മാറിയ ഒരു പൂച്ച മിഷി​ഗണിൽ ഒരു പട്ടണത്തിലെ മേയറാ(Mayor)യി. 72 പേരാണ് ഈ ന​ഗരത്തിലുള്ളത്. ആൻ അർബറിൽ നിന്ന് 20 മൈൽ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ടൗൺഷിപ്പായ ഹെൽ(Hell) ഭരിക്കാനുള്ള അനുമതി ജിൻക്‌സ്(Jinx) എന്ന പൂച്ചയ്ക്ക് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ലഭിച്ചു. 

ഈ ന​ഗരം ആരേയും ഒരു ദിവസത്തേക്കോ, ഒരുമണിക്കൂർ നേരത്തേക്കോ അതിന്റെ മേയറാവാൻ അനുവദിക്കാറുണ്ട്. ജിൻക്സ് അതിന്റെ ജനപ്രിയ മേയറാവും എന്നതിൽ തർക്കമില്ല. കാരണം, ഈ പൂച്ചയ്ക്ക് ടിക്‌ടോക്കിൽ 736,000 വും ഇൻസ്റ്റാഗ്രാമിൽ 402,000 വും ട്വിറ്ററിൽ 248,000 വും ഫോളോവേഴ്സ് ഉണ്ട്.

പൂച്ചയുടെ ഉടമ മിയ പൂച്ചയുമായി കാലിഫോർണിയയിലാണ് താമസിക്കുന്നത്. അവൾക്ക് വീടിന് സമീപത്തെ വയലിൽ നിന്നും കിട്ടുമ്പോൾ പൂച്ചയ്ക്ക് വെറും മൂന്ന് മാസമായിരുന്നു പ്രായം. അതിനിടയിലാണ് അക്കാര്യം മിയ ശ്രദ്ധിച്ചത്. പൂച്ച വളരുന്നത് നിന്നുവെങ്കിലും പൂച്ചയുടെ കണ്ണും കാലുകളും വലുതായിക്കൊണ്ടേയിരിക്കുന്നു. അങ്ങനെയാണ് അതിന്റെ വീഡിയോയും മറ്റും സാമൂഹികമാധ്യമങ്ങളിൽ മിയ പങ്കുവച്ച് തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ജിൻക്സ് സ്റ്റാറായി മാറി. മിയ തന്റെ മുഴുവൻ പേരോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രശസ്തമായ തന്റെ പൂച്ചയുടെ സുരക്ഷയെ കുറിച്ചോർത്താണത്. 

കണ്ണും കാലും വളർച്ച നിൽക്കാതായപ്പോൾ മിയ പൂച്ചയുമായി മൃ​ഗഡോക്ടറുടെ അടുത്തും പോയി. എന്നാൽ, പൂച്ചയുടെ ആരോ​ഗ്യത്തിന് ഒരു കുഴപ്പവുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി മിയ തന്റെ പൂച്ചയുടെ വീഡിയോയും ഫോട്ടോകളും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു. 

എട്ടാം തീയതിയാണ്, 'തന്റെ പ്രശസ്തമായ പൂച്ചയ്ക്ക് ഏതെങ്കിലും ന​ഗരത്തിൽ മേയറാവാനുള്ള സാധ്യതയുണ്ടോ' എന്ന് അവൾ അന്വേഷിച്ചത്. അതോടെ ഹെൽ നഗരത്തിലെ നിരവധിയാളുകൾ മിയയുമായി ബന്ധപ്പെട്ടു. അവിടെ മൃ​ഗങ്ങൾക്കോ മനുഷ്യർ‌ക്കോ ആർക്കും ഒരു ദിവസത്തിനോ ഒരു മണിക്കൂറിനോ മേയറാവാം. പക്ഷേ, അതിനുള്ള സംഭാവന നൽകണം. അങ്ങനെ ജിൻക്സും മേയറാവാനുള്ള ശ്രമം നടത്തുകയും മേയറാവുകയും ചെയ്തു. 

ഒരു ദിവസം ഹെല്ലിലെ മേയർ ആയിരിക്കുന്നതിനൊപ്പം ഒരു ടീ-ഷർട്ട്, ഒരു മഗ്ഗ്, ഒരു ബാഡ്ജ്, ഒരു മേയർ വിളംബര സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ലഭിക്കും. 

Follow Us:
Download App:
  • android
  • ios