Asianet News MalayalamAsianet News Malayalam

11 വർഷങ്ങൾക്ക് മുമ്പ് കാണാതായ പൂച്ച 80 മൈൽ അകലെ, മൈക്രോചിപ്പ് സഹായമായി, ഉടമയ്ക്കരികിലേക്ക് വീണ്ടും

വളരെ കുഞ്ഞായിരിക്കുമ്പോള്‍ കാറ്റ്സ് പ്രൊട്ടക്ഷനില്‍ നിന്നും ദത്തെടുത്തതായിരുന്നു അവനെ. നാലുവര്‍ഷം അവന്‍ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നെയാണ് കാണാതെ പോവുന്നത്. 

Cat missing 11 years ago reunited with owner
Author
Scotland, First Published Jan 28, 2022, 11:20 AM IST

വടക്ക് കിഴക്കൻ സ്‌കോട്ട്‌ലൻഡിൽ(North-east Scotland) 11 വർഷങ്ങൾക്ക്(11 years) മുമ്പ് കാണാതായ വളർത്തുപൂച്ച(Pet cat) അതിന്റെ ഉടമകളുമായി വീണ്ടും ഒന്നിച്ചു. പൂച്ചയെ തിരിച്ചറിയാന്‍ സഹായിച്ചത് ഒരു മൈക്രോചിപ്പാണ്. 2010 അവസാനത്തോടെ മോറെയിലെ ഫോറെസിലെ വീട്ടിൽ നിന്നാണ് ഫെർഗസ്(Fergus) എന്ന ഈ പൂച്ച അപ്രത്യക്ഷനായത്. 

മാസങ്ങളായി പൂച്ച ഒരു റീസൈക്ലിംഗ് കേന്ദ്രത്തിന് ചുറ്റും കറങ്ങുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഈ മാസം ആദ്യം കാറ്റ്സ് പ്രൊട്ടക്ഷൻ വോളന്റിയര്‍മാരാണ് അതിനെ കണ്ടെത്തിയത്. 80 മൈൽ അകലെ അബർഡീനിലായിരുന്നു ഇത്. ഒരു മൈക്രോചിപ്പിലൂടെയാണ് ഇത് കുടുംബത്തിന് നഷ്ടപ്പെട്ട പൂച്ചയാണ് എന്ന് മനസിലായത്. അങ്ങനെ അവനെ അവര്‍ വീട്ടുകാരുടെ അടുത്ത് തിരികെയെത്തിച്ചു. 

ഇത്രയും വര്‍ഷങ്ങള്‍ ഫെര്‍ഗസ് എവിടെയായിരുന്നു എന്ന് മനസിലായിട്ടില്ല. എന്നാല്‍, ഏതെങ്കിലും വാഹനത്തിലായിരിക്കാം പൂച്ച 80 മൈല്‍ അകലെയുള്ള ഈ പ്രദേശത്ത് എത്തിയത് എന്ന് കരുതുന്നു. 'ഫെര്‍ഗസ് ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞുള്ള ഫോണ്‍കോള്‍ ശരിക്കും തങ്ങളെ അത്ഭുതപ്പെടുത്തി' എന്ന് ഉടമയായ ഫിയോണ മട്ടര്‍ പറഞ്ഞു. 'അവൻ എപ്പോഴും അലഞ്ഞുതിരിയാൻ ഇഷ്ടപ്പെട്ടവനായിരുന്നു. ചിലപ്പോൾ കുറച്ച് ദിവസത്തേക്ക് അവനെ കാണാതെ പോകും. തിരികെ വരും. ​​പക്ഷേ, ഒരു ദിവസം അവൻ പോയി പിന്നെ ഒരിക്കലും മടങ്ങിവന്നില്ല. അവന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ സങ്കടത്തോടെ ഊഹിച്ചു. ഇപ്പോള്‍ അവന്‍ ജീവനോടെയുണ്ട് എന്ന വാര്‍ത്തയും അത്രയും മൈലുകള്‍ അകലെയായിരുന്നു എന്ന വാര്‍ത്തയും ശരിക്കും ഞങ്ങള്‍ക്ക് ഷോക്കായിരുന്നു' ഫിയോണ പറയുന്നു. 

വളരെ കുഞ്ഞായിരിക്കുമ്പോള്‍ കാറ്റ്സ് പ്രൊട്ടക്ഷനില്‍ നിന്നും ദത്തെടുത്തതായിരുന്നു അവനെ. നാലുവര്‍ഷം അവന്‍ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നെയാണ് കാണാതെ പോവുന്നത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവനെ ഒരു സ്പെയർ ബെഡ്‌റൂമിലാക്കി. തുടർന്ന് വീട്ടിലെ മറ്റൊരു പൂച്ചയായ ഓസിയെ പരിചയപ്പെടുത്തി. കാറ്റ്സ് പ്രൊട്ടക്ഷന്‍ തന്നെയാണ് അവനെ തിരികെ വീടെത്താന്‍ സഹായിച്ചത്, അതില്‍ നന്ദിയുണ്ട് എന്നും ഫിയോണ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios