കെന്റിലെ ആനിമൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫേസ്ബുക്കിൽ കിസ്സിയുടെ ചിത്രം പങ്ക് വച്ചു. അവിടെ നിന്നുമാണ് അലിസൺ തന്റെ പൂച്ച ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്ന് കണ്ടത്.

വളർത്തുപൂച്ചകളോടും നായകളോടും ഒക്കെ മനുഷ്യർക്കുള്ള സ്നേഹം വളരെ വളരെ ആഴമുള്ളതാണ്. അതിനാൽ തന്നെ പെട്ടെന്ന് ഒരു ദിവസം അവയെ കാണാതായാൽ ഉടമകൾക്ക് അത് താങ്ങാൻ സാധിച്ചു എന്ന് വരില്ല. അതുപോലെ തന്നെയാണ് എന്നേക്കുമായി നഷ്ടപ്പെട്ട് പോയി എന്ന് കരുതിയ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃ​ഗങ്ങളെ തിരികെ കിട്ടുന്നതും. അങ്ങനെ ഈ ഉടമകൾക്ക് രണ്ട് വർഷത്തിന് മുമ്പ് നഷ്ടപ്പെട്ട് പോയ 25 വയസുള്ള തങ്ങളുടെ പൂച്ചയെ തിരികെ കിട്ടി. 

രണ്ട് വർഷം തെരുവിൽ കഴിയേണ്ടി വന്ന പൂച്ച ഒടുവിൽ ഉടമയുടെ അടുത്തെത്തി. ഉടമയുടെ മണം തിരിച്ചറിഞ്ഞതും പൂച്ച വികാരഭരിതനായി. കിസ്സി എന്നാണ് പൂച്ചയുടെ പേര്. പൂച്ച ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതോടെ വളരെ അധികം സന്തോഷത്തിലായി അതിന്റെ ഉടമയായ അലിസൺ ലിങ്. കെന്റിലെ അപ്‌ചർച്ചിലാണ് പൂച്ചയെ കണ്ടെത്തിയത്. പിന്നീട് അതിനെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. എന്നാൽ, മൈക്രോചിപ്പുകൾ ഒന്നും തന്നെ ഘടിപ്പിക്കാത്തത് കൊണ്ട് അതിന്റെ ഉടമകളെ കണ്ടെത്താൻ സാധിച്ചില്ല. 

അങ്ങനെ, കെന്റിലെ ആനിമൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫേസ്ബുക്കിൽ കിസ്സിയുടെ ചിത്രം പങ്ക് വച്ചു. അവിടെ നിന്നുമാണ് അലിസൺ തന്റെ പൂച്ച ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്ന് കണ്ടത്. ഉടനെ തന്നെ പൂച്ചയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു. അങ്ങനെ രണ്ട് വർഷത്തെ വേർപാടിന് ശേഷം കിസ്സി തന്റെ പ്രിയപ്പെട്ട ഉടമയും കുടുംബവുമായി ഒന്നിച്ചു. ഏറെ വികാരനിർഭരമായിരുന്നു ആ രം​ഗം. ഏതായാലും ഒരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ തങ്ങളുടെ പ്രിയപ്പെട്ട കിസ്സിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അലിസണും കുടുംബവും.