ചെറിയ പൂച്ചയുടെ വലിപ്പമുള്ള ഈ ജീവി 240 മുതല്‍ 210 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്നതാണെന്ന് കരുതുന്നു

ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന ഉരഗത്തിന്റെ ഫോസില്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഗവേഷകര്‍ കണ്ടെത്തി. ടെറോസറുകള്‍ എന്നറിയപ്പെടുന്ന പറക്കുന്ന ഉരഗങ്ങളുടെ വംശനാശം സംഭവിച്ച ഒരു കൂട്ടവുമായി ഈ ഉരഗത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. സ്‌ക്ലിറോമോക്ലോസ് ടെയ്ലോറി എന്ന് പേരിട്ടിരിക്കുന്ന, ചെറിയ പൂച്ചയുടെ വലിപ്പമുള്ള ഈ ജീവി ഏകദേശം 240 മുതല്‍ 210 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നുവെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഉരഗ ഫോസിലുകളുടെ ഈ കണ്ടെത്തല്‍ ടെറോസറുകളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. പറക്കുന്ന ഉരഗങ്ങള്‍ പരിണമിച്ചുണ്ടായ ആദ്യത്തെ മൃഗങ്ങളില്‍ ഒന്നായി ഇവ കണക്കാക്കപ്പെടുന്നു, കൂടാതെ സ്‌ക്ലിറോമോക്ലോസ് എന്നറിയപ്പെടുന്ന ഇവ പരിണാമ വൃക്ഷത്തില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

ടെറോസറുകള്‍, ദിനോസറുകളുടെ അടുത്ത ബന്ധുക്കളായിരുന്നു. അവ ഉരഗ കുടുംബ വൃക്ഷത്തിന്റെ ഒരു പ്രത്യേക ശാഖയായി പരിണമിച്ചു. ചില സ്പീഷീസുകള്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പോലെ വലുതായിരുന്നു, മറ്റുള്ളവ പേപ്പര്‍ വിമാനങ്ങള്‍ പോലെ ചെറുതായിരുന്നു. അതേസമയം, സ്‌ക്ലിറോമോക്ലസിന് ഏകദേശം 20 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു.

വലിയ തലയും നീളമുള്ള വാലും ചെറിയ കഴുത്തും മെലിഞ്ഞ ശരീരവുമായിരുന്നു സ്‌ക്ലിറോമോക്ലസിന്. ഇവയുടെ കാലുകള്‍ വളരെ നേര്‍ത്തതായിരുന്നു.100 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കുകിഴക്കന്‍ സ്‌കോട്ട്‌ലന്‍ഡിലെ എല്‍ജിന്‍ പട്ടണത്തിനടുത്തുള്ള മൊറേഷയര്‍ മേഖലയിലാണ് ഈ ജീവിയുടെ ഫോസിലുകള്‍ ആദ്യമായി കണ്ടെത്തിയത്. നിര്‍ഭാഗ്യവശാല്‍, മണല്‍ക്കല്ലില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍ പൂര്‍ണ്ണമായും ലഭിക്കാതിരുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ക്ക് അവയുടെ ശരീരഘടനയുടെ സവിശേഷതകള്‍ വിശദമായി പഠിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഇപ്പോള്‍ സ്‌കോട്ട്‌ലാന്റില്‍ നിന്നും കണ്ടെത്തിയിരിക്കുന്ന സ്‌ക്ലിറോമോക്ലസിന്റെ ഫോസിലുകള്‍ ഗവേഷകര്‍ക്ക് പരിണാമ പഠനത്തില്‍ ഏറെ നിര്‍ണായകമാകും. പഠനത്തില്‍ ഉള്‍പ്പെട്ട പാലിയന്റോളജിസ്റ്റുകള്‍ സി ടി സ്‌കാനിലൂടെ സ്‌ക്ലിറോമോക്ലോസിന്റെ അസ്ഥികൂടം പുനര്‍നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്.