'ബഡേ അച്ചേ ലഗ്തേ ഹേ' ഫെയിം ചാഹത്ത് ഖന്ന തന്റെ മതപരിവർത്തനത്തെക്കുറിച്ച് തുറന്നുപറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും എന്നാൽ വിവാഹമോചനത്തിന് ശേഷം സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയെന്നും നടി വെളിപ്പെടുത്തി. താൻ മതേതരമായ വ്യക്തിയാണെന്നും ഇസ്ലാമിലും സനാതന ധർമ്മത്തിലും ഒരുപോലെ വിശ്വസിക്കുന്നുവെന്നും ചാഹത്ത് കൂട്ടിച്ചേർത്തു.

വ്യക്തിജീവിതത്തെക്കുറിച്ചും ആത്മീയ ജീവിതത്തെക്കുറിച്ചും തുറന്ന് പറ‍ഞ്ഞ് ബഡേ അച്ചേ ലഗ്തേ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടി ചാഹത്ത് ഖന്ന. മതവിശ്വാസങ്ങളെക്കുറിച്ചും, മതപരിവർത്തനത്തെക്കുറിച്ചും, വർഷങ്ങളായി താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ചും ചാഹത്ത് സംസാരിച്ചു. തന്റെ പ്രസ്താവനകൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അവതരിപ്പിക്കപ്പെടുകയും ചെയ്തെന്നും സുഭോജിത് ഘോഷിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. എന്റെ വാക്കുകൾ എപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഇപ്പോഴും ഞാൻ എന്തെങ്കിലും പറഞ്ഞാൽ, ഒരു വാചകം തിരഞ്ഞെടുത്ത് വ്യത്യസ്തമായ ഒരു സന്ദർഭത്തിൽ എവിടെയെങ്കിലും ഉപയോ​ഗിക്കുമെന്നും അവർ പരിഭവപ്പെട്ടു.

ഫർഹാൻ മിർസയുമായുള്ള വിവാഹസമയത്ത് ഇസ്ലാം മതം സ്വീകരിച്ചതിന്റെ സാഹചര്യങ്ങളും നടി വ്യക്തമാക്കി. ആ തീരുമാനം പൂർണ്ണമായും തന്റേതായിരുന്നുവെന്നും ബാഹ്യ സമ്മർദങ്ങളില്ലെന്നും അവർ പറഞ്ഞു. ഞാൻ വളരെ മതേതര വ്യക്തിയാണ്. വിവാഹ സമയത്തോ അല്ലാതെയോ ദീപാവലി ആഘോഷിക്കുന്നതുപോലെ തന്നെ ഞാൻ ഈദും ആഘോഷിക്കുന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. പലരും എന്നെ നിർബന്ധിച്ച് മതം മാറ്റിച്ചതായി പറഞ്ഞു. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. തന്റെ ആത്മീയ വീക്ഷണം ഒരു വിശ്വാസ വ്യവസ്ഥയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും അവർ വിശദീകരിച്ചു. ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നു, സനാതന ധർമ്മത്തിലും വിശ്വസിക്കുന്നു.

അതിനർത്ഥം ഞാൻ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നില്ല എന്നല്ല. ഞാൻ വളരെ മതേതര വ്യക്തിയാണെന്നും അവർ കൂട്ടിച്ചേർത്തു. കാര്യങ്ങൾ മുന്നോട്ട് പോകുന്തോറും ആളുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യത്യസ്ത വശങ്ങളെക്കുറിച്ചുമുള്ള എന്റെ അറിവ് വർദ്ധിച്ചു. ആ അറിവിനൊപ്പം എന്റെ ആത്മവിശ്വാസവും വളർന്നു. വിവാഹമോചനത്തിനുശേഷം സനാതന ധർമ്മത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ഖന്ന തുറന്നു പറഞ്ഞു. വിവാഹമോചനത്തിനുശേഷം, എന്റെ മൗലികതയിലേക്ക് തിരിച്ചുവരാൻ എനിക്ക് വളരെയധികം സമയമെടുത്തു. ഇസ്ലാമിലും വിശ്വസിക്കാൻ എനിക്ക് 4-5 വർഷമെടുത്തു, അവരുടെ ചില അടിസ്ഥാനകാര്യങ്ങളിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പക്ഷേ, ഭാഗ്യവശാൽ, സനാതന ധർമ്മത്തിന്റെ വേരുകളിലേക്ക് ഞാൻ തിരിച്ചുവന്നപ്പോൾ പലതിന്റെയും പിന്നിലെ വലിയ സത്യം ഞാൻ മനസ്സിലാക്കിയെന്നും അവർ പറഞ്ഞു.

ധാരാളം ആളുകൾ ഞാൻ മതം മാറണമെന്ന് ആഗ്രഹിച്ചില്ല. പക്ഷേ ഞാൻ നികാഹ് ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നെ നിർബന്ധിച്ച് മതം മാറ്റിച്ചതല്ല. ഞാൻ സന്തോഷവതിയാണ്, ഞാൻ വളരെ സന്തോഷകരമായ സ്ഥലത്താണ്, എനിക്ക് കൂടുതൽ ജ്ഞാനമുണ്ട്, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. എന്താണ് ശരിയെന്നും എന്താണ് അല്ലാത്തതെന്നും എനിക്കറിയാം, ഞാൻ വളരെ ബോധപൂർവമായ ഒരു ജീവിതം നയിക്കുന്നുവെന്നും അവർ പറഞ്ഞു. 2006ൽ ഭരത് നർസിംഘാനിയുമായിരുന്നു ചാഹത്തിന്റെ ആദ്യ വിവാ​ഹം. എന്നാൽ ഒരു വർഷത്തിനുള്ളിൽ ബന്ധം വേർപ്പെടുത്തി. പിന്നീട് 2013 ൽ ഫർഹാൻ മിർസയെ വിവാഹം കഴിച്ചു. 2018 ൽ വിഹമോചനത്തിന് അപേക്ഷ നൽകി. സോഹർ, ദിത്യ എന്നീ രണ്ട് പെൺമക്കളുണ്ട്. നടി ഇപ്പോൾ രോഹൻ ഗന്ധോത്രയുമായി ഡേറ്റിംഗിലാണ്.