ലോകത്തില്‍ മാംസത്തിനായി വളര്‍ത്തുന്ന കന്നുകാലികളുടെ ഉത്പാദനത്തില്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്ന ത്വരിതഗതിയിലുള്ള വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിക്കുകയാണ് ഗവേഷകര്‍. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതാണ് വളര്‍ത്തുമൃഗങ്ങള്‍. പ്രത്യേകിച്ച് മീഥെയ്ന്‍ വലിയൊരളവ് വരെ അന്തരീക്ഷത്തിലെത്തുന്നതിന് കന്നുകാലികള്‍ കാരണമാകുന്നുണ്ട്. മാംസത്തിന്റെയും ക്ഷീര ഉത്പന്നങ്ങളുടെയും ഉപഭോഗം കുറച്ച് സസ്യഭക്ഷണം കഴിച്ചാല്‍ പ്രകൃതിയിലെ പച്ചപ്പ് നിലനിര്‍ത്താനും കാലാവസ്ഥയിലെ അപകടകരമായ മാറ്റങ്ങളെ ചെറുത്തുനില്‍ക്കാനും കഴിയുമെന്ന് ഓര്‍മിപ്പിക്കുകയാണ് ഗവേഷകര്‍.

ഹരിതഗൃഹ വാതകങ്ങളുടെ ഉറവിടങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് മാംസത്തിനും പാലിനുമായി വളര്‍ത്തുന്ന കന്നുകാലികളും നെല്‍പ്പാടങ്ങളിലെ ബാക്ടീരിയകളും വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമെല്ലാം. മണ്ണില്‍ കാര്‍ബണിന്റെ അളവ് നഷ്ടമാകുന്നതാണ് മറ്റൊരു പ്രശ്‌നം. മാംസത്തിന്റെ ഉപഭോഗം കുറയ്ക്കുന്നത് വഴി ഒരു പരിധി വരെ കാലാവസ്ഥയിലുണ്ടാകുന്ന അപകരമായ മാറ്റങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. അതുപോലെ തന്നെ വളരെ പ്രധാനമാണ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടിക്കുറയ്ക്കുകയെന്നത്.

യുഎസിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ റിസര്‍ച്ച് ഫെലോ ആയ സെല്‍ ഹെലന്‍ ഹാര്‍വാറ്റ് പറയുന്നത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കന്നുകാലികളുടെ ഉത്പാദനത്തില്‍ വലിയൊരു വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ്. അതുകൊണ്ട് ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പുറന്തള്ളുന്ന പ്രശ്‌നം പരിഹരിക്കാന്‍ സത്വരമായ നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്ന് ഇദ്ദേഹത്തിന്റെ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1990 -ല്‍ ലോകത്ത് ഉണ്ടായിരുന്ന ഇറച്ചിയുടെയും പാലിന്റെയും മുട്ടയുടെയും ഉപഭോഗത്തേക്കാള്‍ വലിയ മാറ്റമാണ് 2017 ആകുമ്പോഴേക്കും സംഭവിച്ചിട്ടുള്ളത്. അതായത് ഇവയുടെ ഉല്‍പാദനം 758 മില്യണ്‍ ടണ്ണില്‍ നിന്നും 1247 മില്യണ്‍ ടണ്ണായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെത്തന്നെ പരിഗണിക്കപ്പെടുന്ന മറ്റൊരു വസ്തുതയാണ് ജനസംഖ്യാവര്‍ദ്ധനവ്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഭക്ഷണസാധനങ്ങളുടെ ഉല്‍പാദനത്തിലും വര്‍ദ്ധനവുണ്ടായി. യു.എസിലെ ഒറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ മാത്യു ബെറ്റ്‌സ് പറയുന്നത് ഇതാണ്, 'മൃഗക്കൊഴുപ്പ് അടങ്ങിയ ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതുവഴി ആഗോളവ്യാപകമായി നമ്മുടെ കാടുകളും സംരക്ഷിക്കപ്പെടും. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ കൈ കടത്തലുകള്‍ കുറയുമ്പോള്‍ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടും'.

അന്‍പതോളം വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച യു.കെയിലെ അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന എഴുത്തുകാരനായ പ്രൊഫസര്‍ പീറ്റ് സ്മിത്തും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അയവെട്ടുന്ന സ്വഭാവമുള്ള മൃഗങ്ങളുടെ മാംസം മറ്റു മാംസങ്ങളെ അപേക്ഷിച്ച് 10 മുതല്‍ 100 വരെ മടങ്ങ് അപകടകരമാണെന്ന് ഇദ്ദേഹം പറയുന്നു.

'നമ്മള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങുന്നത് പോലെ തന്നെ പ്രധാനമാണ് ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുകയെന്നതും. ആഗോള വ്യാപകമായ കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് വളര്‍ത്തുമൃഗങ്ങളുടെ മാംസ ഉപഭോഗം കുറയ്ക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. ലോകത്ത് കന്നുകാലികളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇവ പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക എന്ന വസ്തുതയും.' പീറ്റ് സ്‍മിത്ത് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദരിദ്ര രാഷ്ട്രങ്ങളില്‍ ഏകദേശം 800 മില്യണ്‍ ജനങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.  ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ.റോണ്‍ മിലോ 2018 -ല്‍ നടത്തിയ ഗവേഷണത്തില്‍ ലോകത്ത് ആകമാനമുള്ള സസ്തനികളില്‍ 60 ശതമാനത്തോളം കന്നുകാലികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ സ്ഥാനം വെറും 36 ശതമാനം മാത്രമാണ്. വന്യമൃഗങ്ങള്‍ നാല് ശതമാനവും ഉണ്ട്.

കാര്‍ഷിക മേഖല കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരാനാണ് സാധ്യതയെന്ന് ഗവേഷകര്‍ പറയുന്നു. കാര്‍ബണ്‍ തന്നെയാണ് പ്രധാന പ്രശ്നം. ഏകദേശം 56 ശതമാനത്തോളം മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളും കൃഷിഭൂമിയില്‍ നിന്ന് പുറത്തെത്തുന്നുണ്ട്. ഇത്തരം വാതകങ്ങള്‍ ആഗോള താപനത്തിന് ആക്കം കൂട്ടുന്നവയാണ്. ഉന്നത ഗുണനിലവാരമുള്ള കാലിത്തീറ്റകള്‍ നിര്‍മിക്കുക, ജനിതകപരമായി നിലവാരമുള്ള ഇനങ്ങളെ ഉപയോഗിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുത്തി സുസ്ഥിരമായ രീതിയില്‍ കാര്‍ഷിക മേഖലയില്‍ ഇടപെട്ടാല്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതു മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും.