ജീവിച്ചിരിക്കുമ്പോൾ ലക്ഷങ്ങൾ സമ്പാദിക്കുന്ന താരങ്ങൾ ഉണ്ട്. എന്നാൽ, മരിച്ചതിനു ശേഷവും അവരത് തുടർന്നാലോ? ജീവിക്കുന്നവർക്ക് വെല്ലുവിളിയായി ഇതാ കുറെ പ്രശസ്‍തർ മരണശേഷവും ജോലി ചെയ്‍തു സമ്പാദിക്കുന്നു. പ്രശസ്‍ത നടന്‍ ജെയിംസ് ഡീൻ 1955 -ലാണ് മരിക്കുന്നത്. അദ്ദേഹം ഈ അടുത്തായി ഒരു വിയറ്റ്നാം യുദ്ധ സിനിമയിൽ അഭിനയിക്കുകയുണ്ടായി. കമ്പ്യൂട്ടറിലുള്ള അദ്ദേഹത്തിന്‍റെ പഴയ വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ചാണ് ഇത് ചെയ്തെടുക്കുന്നത്. ശബ്‌ദം നൽകുന്നത് മറ്റൊരു നടനയിരിക്കും. അങ്ങനെ ജീവിച്ചിരിക്കുന്നവർക്ക് കടുത്ത മത്സരം കാഴ്‍ചവെക്കുകയാണ് ഈ മരണപ്പെട്ട താരങ്ങള്‍.  ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. 

നാറ്റ് കിംഗ് കോൾ എന്ന പ്രസ്തനായ പാട്ടുകാരൻ മകൾക്കൊപ്പം അവൾക്കു ഗ്രാമി അവാർഡ് നേടിക്കൊടുത്ത ഗാനം ഒരു വീഡിയോ സ്‌ക്രീനിന്‍റെ സഹായത്തോടെ പാടുകയുണ്ടായി. മൈക്കൽ ജാക്സൺ 2014 -ലെ ബിൽബോർഡ് മ്യൂസിക് അവാർഡിൽ ലേസറിന്‍റെ സാഹായത്താൽ രൂപപ്പെടുത്തിയ ചിത്രംവഴി വേദിയിൽ നൃത്തച്ചുവടുകൾ വച്ചു.  മരണത്തിനു ശേഷവും തന്‍റെ മേഖലയിൽ പ്രവർത്തനം തുടർന്ന് വിജയം വരിക്കുന്ന സെലിബ്രിറ്റികളുടെ എണ്ണം വർധിച്ചുവരികയാണ്. 

ജീവിച്ചിരിക്കുമ്പോള്‍ അവര്‍ ചെയ്‍തുവെച്ചിരുന്ന ഫോട്ടോഗ്രാഫുകൾ, സിനിമകൾ, ശബ്‌ദത്തിന്‍റെ റെക്കോർഡിംഗുകൾ ഒക്കെ ബ്രാൻഡായി മാറുന്നു. വ്യക്തികൾക്കനുസരിച്ച് അവരുടെ മരണാനന്തരമുള്ള  മൂല്യങ്ങൾക്കും വ്യത്യാസം വരാം. പക്ഷേ, അത് അവരുടെ വംശം, നിറം, ജെന്‍ഡര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്ന വേദനാജനകമായ അവസ്ഥയുമുണ്ട്. ചില പ്രശസ്‍തരായ സ്ത്രീകളുടെ കലാസൃഷ്‍ടികള്‍ക്കും അവരുടെ സംഭാവനയ്ക്കുമാകട്ടെ മരണശേഷം സ്ത്രീയാണെന്നതുകൊണ്ടുമാത്രം മൂല്യം കുറയുന്നുമുണ്ട്.  

ഫോർബ്‍സ് മാഗസിന്‍റെ 'ടോപ് ഡെഡ് ഏണിങ് സെലിബ്രിറ്റീസ്' ലിസ്റ്റില്‍ ഇത്തരം ലിംഗ അസമത്വത്തിന്‍റെ തെളിവുകൾ കാണാം. ഡെഡ് റിച്ച്‌ ലിസ്റ്റ് എന്നറിയപ്പെടുന്ന ആ ലേഖനത്തിൽ രണ്ട് പതിറ്റാണ്ടുകളിലെ 52 സെലിബ്രിറ്റീസിൽ ആകെ നാല് സ്ത്രീകൾ മാത്രമാണ് ഇടം നേടിയത്. നടിമാരായ മെർലിൻ മൺറോ, എലിസബത്ത് ടെയ്‌ലർ, ബെറ്റി പേജ്, ജെന്നി റിവേര-വിറ്റ്നി ഹ്യൂസ്റ്റൺ എന്നിവരാണത്. മൈക്കൽ ജാക്സൺ, എൽവിസ് പ്രെസ്‍ലി, ചാൾസ് ഷുൾസ് തുടങ്ങിയ പുരുഷന്മാർ  മരിച്ചവരുടെ പട്ടികയിൽ സ്ഥിരമായി മികച്ച വരുമാനമുണ്ടാക്കുന്നവരാണ്. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ മരണാനന്തരം അവരുടെ വരുമാനം വളരെ വളരെ ഉയർന്നതാണ്.

 

എല്ലാ വർഷവും (2009, 2012 ഒഴികെ) മൈക്കൽ ജാക്സണാണ് ഇങ്ങനെ സമ്പാദിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ജാക്സന്‍റെ കൂടിയ വരുമാനം 2016 -ൽ 825 മില്യൺ ഡോളറാണ്, കുറഞ്ഞ വരുമാനം 2019 -ൽ 60 മില്യൺ ഡോളറുമാണ്. എന്നാൽ, 2019 -ൽ 13 മില്യൺ യുഎസ് ഡോളർ സമ്പാദിച്ച സെലിബ്രിറ്റി മൺറോയാണ്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയതും അവര്‍ തന്നെ. പട്ടികയിൽ രണ്ടാം വർഷവും എട്ടാം സ്ഥാനം നിലനിർത്താൻ അത് അവരെ സഹായിച്ചു. സമ്പന്നരുടെ പട്ടികയാണെങ്കിലും  മൺറോ, ടെയ്‌ലർ, പേജ്, റിവേര, ഹ്യൂസ്റ്റൺ എന്നിവരുടെ മരണാനന്തര കരിയർ വരുമാനപട്ടിക സ്ത്രീകളെയും കറുത്ത, ന്യൂനപക്ഷ വംശജരെയും എങ്ങനെയാണ് പ്രതിനിധീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

യുഎസിൽ നിന്നോ യുകെയിൽ നിന്നോ ഉള്ള ഒരു വെളുത്ത താരത്തിന് സാമ്പത്തികമായി ഉയരാൻ കൂടുതൽ അനുകൂലസാഹചര്യമാണ് ഉള്ളതെന്ന് ഫോബ്‌സ് അഭിപ്രായപ്പെടുന്നുണ്ട്. മരിച്ച സെലിബ്രിറ്റി സ്ത്രീകളുടെ മരണാനന്തര കരിയർ ശാരീരിക മൂലധനത്തിലേക്ക് മാത്രമായി ചുരുങ്ങുന്നു. പുരുഷൻ‌മാർ‌ അവർ‌ എഴുതുന്ന പുസ്‌തകങ്ങളിലൂടെയോ അല്ലെങ്കിൽ‌ രചിച്ചതും സ്വന്തമാക്കിയതുമായ ഗാനങ്ങൾ വഴിയോ സമ്പത്തുണ്ടാക്കുന്നു. ഇതിനു വിപരീതമായി, സെലിബ്രിറ്റി സ്ത്രീകൾക്ക് സമ്പാദ്യത്തിനുള്ള സ്രോതസ്സുകൾ തീരെ കുറവാണ്. മരണശേഷം മറ്റുള്ളവർക്ക് സമ്പത്ത് ഉണ്ടാകുന്നതിനൊരു മാർഗമായി മാത്രം അവർ മാറുന്നുവെന്നും ഫോബ്‍സ് അഭിപ്രായപ്പെടുന്നുണ്ട്.