ആനകളെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. അവയെ ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം. വലിയ വിശ്വാസവും ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ജീവനക്കാര്‍.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മികച്ചതെന്ന് അറിയപ്പെടുന്ന ​ഗെയിം റിസർവുകളിലൊന്നിൽ കഴിഞ്ഞ ദിവസം നടന്നത് അതിദാരുണമായ സംഭവം. ​ഗെയിം റിസർവിന്റെ സഹഉടമയും സിഇഒയുമായ യുവാവിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. എഫ് സി കോൺറാഡിയാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ അതിദാരുണമായ സംഭവം ജീവനക്കാരെയും അദ്ദേഹത്തെ അറിയാവുന്നവരെയുമെല്ലാം ഞെട്ടിച്ചു കളഞ്ഞിരിക്കയാണ്.

ജൂലൈ 22 -ന് രാവിലെ 8 മണിക്കാണ് ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസർവിൽ‌ ഈ ദാരുണസംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം ടൂറിസ്റ്റ് ലോഡ്ജുകളിൽ നിന്ന് ഒരുകൂട്ടം ആനകളെ വഴിതിരിച്ചുവിടുകയായിരുന്നു കോൺറാഡി. അതിനിടെ ഒരാന അദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു. ആന അതിന്റെ കൊമ്പുകൾ കൊണ്ട് കോൺറാഡിയെ പലതവണ അക്രമിച്ചതായും നിരവധി തവണ അദ്ദേഹത്തെ ചവിട്ടിമെതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സമീപത്തുള്ള വനപാലകർ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.

കെയ്‌ലിക്സ് ഗ്രൂപ്പ് സ്‌പോർട്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമ കൂടിയാണ് എഫ്‌സി കോൺറാഡി. ജീവനക്കാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ആനകളോടും പ്രകൃതിയോടും ആഴത്തിലുള്ള അഭിനിവേശമുള്ളയാളാണെന്നും, അവയോട് ഒരുപാട് സ്നേഹം കാത്ത് സൂക്ഷിക്കുന്ന ആളാണെന്നും അവയുടെ ഫോട്ടോ എടുക്കാനായും മറ്റും അദ്ദേഹം ഇറങ്ങാറുണ്ടെന്നുമാണ്. സുവോളജി, ആനിമൽ സ്റ്റഡീസ്, കൊമേഴ്സ്, മാർക്കറ്റിംഗ് എന്നിവയിൽ ഓണേഴ്‌സ് ബിരുദം നേടിയ ആളാണ് അദ്ദേഹം. ഒരേസമയം മികച്ച സംരംഭകനും പ്രകൃതിസ്നേഹിയും ആയിരുന്നു അദ്ദേഹം എന്നും അവർ പറയുന്നു.

ആനകളെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. അവയെ ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം. വലിയ വിശ്വാസവും ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. ഒരു റിസർവിന്റെ അകത്ത് പാർപ്പിക്കുന്നുണ്ടെങ്കിലും ആന ഒരു വന്യമൃ​ഗമാണല്ലോ? കോൺറാഡിയുടെ വിയോ​ഗം വലിയ തരത്തിലാണ് തങ്ങളെ ബാധിച്ചത് എന്നും ജീവനക്കാർ പറഞ്ഞു.