'ഒരു ഭീകരശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് കുത്തിയൊഴുകി വരുന്ന വെള്ളമാണ്. ഏകദേശം 20,000 ടൺ വെള്ളവും, മരങ്ങളും, കല്ലുകളും ഇടിഞ്ഞുവീണു.'

സ്ഥലമോ വീടോ ഒക്കെ വാങ്ങുന്നതിന് മുമ്പ് നന്നായി ചിന്തിക്കണമെന്നും ശ്രദ്ധിക്കണമെന്നും പറയാറുണ്ട്. കാരണം, നമ്മുടെ ജീവിതത്തിലെ സമ്പാദ്യത്തിലേറെയും നൽകിയായിരിക്കും മിക്കവാറും പലരും വീട് വാങ്ങുന്നത്. എന്തായാലും, അതുപോലെ തങ്ങളുടെ സ്വപ്നഭവനം വാങ്ങിയവരാണ് പ്രശസ്ത ഫാഷൻ ഡിസൈനർ ദമ്പതികളായ ചാൾസും പട്രീഷ്യ ലെസ്റ്ററും. എന്നാൽ, അവരുടെ ഈ സ്വപ്നഭവനം പിന്നീട് ഒരു പേടിസ്വപ്നമായി മാറുകയായിരുന്നു.

1971 -ലാണ്, ദമ്പതികൾ വെയിൽസിൽ വെറും 9,000 പൗണ്ടിന് (ഏകദേശം 10.5 ലക്ഷം രൂപ) ലാൻഫോയിസ്റ്റ് ഹൗസ് എന്ന ഈ വീട് വാങ്ങിയത്. എന്നാൽ, ഇപ്പോൾ 1.2 മില്യൺ പൗണ്ട് (14 കോടിയിലധികം രൂപ) വിലമതിക്കുന്ന ഈ വസ്തു വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ദമ്പതികളുള്ളത്. വീട് മോശമായതുകൊണ്ടല്ല ഇത്, മറിച്ച് സമീപത്തുള്ള ഒരു കനാൽ കാരണം ഇവിടെ ആവർത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിലാണ് വില്ലൻ. വർഷങ്ങളായി വളരെ ചെറിയ കാശിന് പോലും വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

1690 -ൽ നിർമ്മിച്ച ഈ ചരിത്രപ്രസിദ്ധമായ 20 മുറികളുള്ള എസ്റ്റേറ്റ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് തെക്കൻ അബർഗാവെന്നിയിലെ മോൺമൗത്ത്‌ഷെയറിനും ബ്രെക്കൺ കനാലിനും സമീപത്താണ്. വീട് ഗംഭീരമാണെങ്കിലും, കുത്തനെയുള്ള ചരിവിലൂടെ 70 അടി ഉയരത്തിൽ നിന്നും ഒഴുകുന്ന കനാൽ കാരണം ആകെ പെട്ടിരിക്കയാണ് ചാൾസും പട്രീഷ്യയും.

വെയിൽസ് ഓൺ‌ലൈനിന്റെ ഒരു റിപ്പോർട്ട് പറയുന്നത്, വർഷങ്ങളായി ഒന്നിലധികം വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നാണ്. അതിൽ തന്നെ, 1975 -ലും 2014 -ലുമാണ് ഭീകരമായ അപകടങ്ങളുണ്ടായത്. അതിൽത്തന്നെ 1975 -ലെ മണ്ണിടിച്ചിൽ കൂടുതൽ അപകടകരമായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.

അതേക്കുറിച്ച് ദമ്പതികൾ പറയുന്നത് ഇങ്ങനെയാണ്, 'ഒരു ഭീകരശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് കുത്തിയൊഴുകി വരുന്ന വെള്ളമാണ്. ഏകദേശം 20,000 ടൺ വെള്ളവും, മരങ്ങളും, കല്ലുകളും ഇടിഞ്ഞുവീണു. ഭാഗ്യം കൊണ്ട്, വലിയ മരങ്ങൾ ആദ്യം വീണു, അവയുടെ വേരുകൾ ഒരു മതിലിൽ ഇടിച്ചുനിന്ന് ഒരു അണക്കെട്ട് പോലെയായി. അതാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്' എന്നാണ്.

ഭയത്തിലാണ് ഇപ്പോഴും ദമ്പതികളുടെ ജീവിതം. ഈ ഭയം തങ്ങളിൽ മാനസികവും ശാരീരികവുമായ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി എന്നും ഇവർ പറയുന്നു. കനാൽ കൈകാര്യം ചെയ്യുന്ന കനാൽ ആൻഡ് റിവർ ട്രസ്റ്റിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നാണ് ലെസ്റ്റേഴ്‌സ് ദമ്പതികൾ പറയുന്നത്. ട്രസ്റ്റിനെതിരെ അവർ £100,000 (1,16,68,820 രൂപ) ആവശ്യപ്പെട്ട് പരാതി ഫയൽ ചെയ്തിരുന്നു. പക്ഷേ, കേസ് പരാജയപ്പെടുകയായിരുന്നു.