എന്താണ് ശരിക്കും ഈ കയിലു കുത്തല്‍? എന്താണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്? 

''മുഖ്യമന്ത്രി ഇപ്പോള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് പ്രതിച്ഛായ നിര്‍മിതിയുടെ ഭാഗമാണോ? അങ്ങനെയാണ് പ്രതിപക്ഷം പറയുന്നത്? മുഖ്യമന്ത്രി എപ്പോള്‍ ചിരിക്കണമെന്നു പോലും തീരുമാനിക്കുന്നത് പി ആര്‍ ഏജന്‍സിയാണെന്നാണ് പ്രതിപക്ഷത്തെ നേതാക്കള്‍ പറയുന്നത്. അങ്ങനെ വല്ല പി ആര്‍ ഏജന്‍സിയുമുണ്ടോ?'' 

ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന ആ ചോദ്യം. 

അതിന്റെ മറുപടിയിലാണ് മുഖ്യമന്ത്രി 'കയിലു കുത്തല്‍' എന്ന മലബാര്‍ പ്രയോഗം ഉപയോഗിച്ചത്. അത് ഇങ്ങനെയായിരുന്നു.

''അതു ശരി. നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല. കുറേക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്ക് ഉള്ളത് എന്ന്, അത് സാമാന്യ ബുദ്ധിയുള്ള ഒരാളും പറയില്ല കെട്ടോ. നിങ്ങള്‍ ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ. ഞാന്‍ ആ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ ഉത്തരം പറയുന്നത്? ''

ഇതോടെയാണ് കയിലു കുത്തല്‍ എന്ന പ്രയോഗം ചര്‍ച്ചയായത്. മലബാറിന്റെ പല പ്രദേശങ്ങളിലും സാധാരണയായി ഉപയോഗിക്കുന്ന ആ പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്, അതില്‍ പറയുന്ന കയില്‍ എന്നാലെന്താണ് എന്നിങ്ങനെയാണ് ചര്‍ച്ച ഉയര്‍ന്നത്. അതുമായി ബന്ധപ്പെട്ട് പലരും പറഞ്ഞത് പല അര്‍ത്ഥമായിരുന്നു. എന്താണ് ശരിക്കും ഈ കയിലു കുത്തല്‍? എന്താണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്?

എന്താണ് കയില്‍? 

കയില് എന്നാല്‍ ചിരട്ടത്തവിയാണ്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും സ്പൂണുകള്‍ വരുന്നതിനു മുമ്പ് നമ്മുടെ നാട്ടില്‍ ആളുകള്‍ സാധാരയായി ഉപയോഗിച്ചിരുന്നത് കയില്‍ എന്ന് മലബാറിലൊക്കെ വിളിക്കുന്ന ചിരട്ടത്തവി ആയിരുന്നു. ചിരട്ടയില്‍ രണ്ട് തുളകളിട്ട് അതിനകത്തേക്ക് മരത്തിന്റെ കമ്പ് കയറ്റിവെച്ചാണ് തവി ഉണ്ടാക്കുന്നത്. 

ഇതാണ് കയില്‍. 

കയിലുകള്‍ വൃത്തിയായി ഉണ്ടാക്കാറുള്ളത് ആശാരിമാരായിരുന്നു. എന്നാല്‍, മരപ്പണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിയസമ്പന്നരായ ആശാരിമാര്‍ കയിലു കുത്താനൊന്നും നില്‍ക്കാറില്ല. ആശാരിപ്പണി പഠിച്ചു തുടങ്ങുന്ന ചെറുപ്പക്കാരോ വീട്ടിലെ സ്ത്രീകളോ കുട്ടികളോ ഒക്കെയാണ് കയിലു കുത്തുന്ന പണി ചെയ്യുക. മറ്റ് വലിയ ജോലികളൊന്നും ചെയ്യാനാവാത്ത വാര്‍ദ്ധക്യ കാലത്ത് മൂത്താശാരിമാര്‍ പലരും ജീവിച്ചത് കയിലു കുത്തിയിട്ടായിരുന്നു. വീട്ടിലിരിക്കുന്ന സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗം കൂടിയായിരുന്നു കയിലുണ്ടാക്കല്‍. എന്നാല്‍, തീരെ വീല കുറവായിരുന്നു ഇതിന്. കയിലുകളുണ്ടാക്കി അതുമായി വീടുകളില്‍ ചെന്ന് വില്‍പ്പന നടത്തുന്ന സ്ത്രീകള്‍ സാധാരണമായിരുന്നു. പുതിയ വീടുണ്ടാക്കുമ്പോള്‍ ആവശ്യത്തിന് കയിലുകള്‍ ഇവരോട് ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതും പതിവാണ്. കടകളിലും കയിലുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. 


എന്താണ് കയിലു കുത്തല്‍? 

അതൊരു പ്രയോഗമാണ്. മലബാറിലെ പല പ്രദേശങ്ങളിലും അതു സാധാരണമായിരുന്നു. എന്തെങ്കിലും പണി എടുക്കുന്നതിനാണ് കയിലു കുത്തല്‍ എന്ന പ്രയോഗം കൊണ്ട് സാധാരണമായി ഉദ്ദേശിക്കുന്നത്. 'വെറുതെ കയിലു കുത്തല്‍' എന്നത് അതിന്റെ തന്നെ മറ്റൊരു രൂപമാണ്. വെറും പണിയല്ല അവിടെ ഉദ്ദേശിക്കുന്നത്. കുറേയധികം അധ്വാനിച്ച് വില കുറഞ്ഞ ഒന്ന് ഉണ്ടാക്കുന്നതാണ്. പണിയെടുക്കുന്നവര്‍ക്ക് വലിയ ഗുണമൊന്നുമില്ലാത്ത ഒന്നായിരുന്നു കയിലുകുത്തല്‍. നാലു കാശുണ്ടാക്കാന്‍ പറ്റാത്ത ഒന്ന്. വല്ലപ്പോഴും മാത്രമേ ആവശ്യക്കാര്‍ ഉണ്ടാവൂ. പ്രതിഫലമാണെങ്കില്‍ തുച്ഛവും. 

അതില്‍നിന്നാണ് ആ പ്രയോഗം വന്നത്. വെറുതെ പണിയെടുക്കല്‍. പ്രതിഫലമോ ഉപകാരമോ ഇല്ലാതെ വെറുതെയുള്ള വിയര്‍പ്പ് ഒഴുക്കല്‍. നല്ല കൈത്തഴക്കമുള്ള ആശാരിമാര്‍ ഒരിക്കലും ചെയ്യാത്ത ഒന്ന്. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അല്ലറ ചില്ലറ ചെലവിനുള്ളത് ഉണ്ടാക്കാനുള്ള ഒരു മാര്‍ഗം. ആശാരിപ്പണി പഠിക്കാനുള്ള ആദ്യ പടി അതായിരുന്നുവെങ്കിലും, കയിലുകുത്തലില്‍നിന്നും രക്ഷപ്പെട്ട് കാശുകിട്ടുന്ന പണി പഠിക്കാനായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.

നീലക്കുയിലിലെ കയിലുകുത്തല്‍

മലയാളിയുടെ ഓര്‍മ്മയില്‍ തങ്ങി നിന്ന കയിലുകുത്തല്‍ നീലക്കുയില്‍ എന്ന സിനിമയിലെ പ്രശസ്തമായ ആ പാട്ടിലെ വരികളാണ്. പി ഭാസ്‌കരന്‍ വരികള്‍ എഴുതി കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ 'കായലരികത്ത് വയെറിഞ്ഞപ്പോള്‍' എന്ന പാട്ടിലെ വരികള്‍. 

'വേറെയാണ് വിചാരമെങ്കില്
നേരമായത് ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
കയിലും കുത്തി നടക്കണ്'

അതൊരു കാമുകന്റെ പരിദേവനമായിരുന്നു. വെറുതെയാണ് എന്നെ നടത്തിക്കുന്നതെങ്കില്‍, അതൊന്നു പറഞ്ഞുകൂടേ എന്ന് താന്‍ പ്രേമിക്കുന്നവളോടുളള പറച്ചില്‍. തന്നെ വെറുതെ ഇങ്ങനെ നടത്തിക്കുന്നത് എന്തിനെന്ന ചോദ്യമായിരുന്നു അത്. പ്രണയിക്കാനോ ഒന്നിച്ച് ജീവിക്കാനോ ഒന്നും താല്‍പര്യമില്ലെങ്കില്‍, വലിയ പുരോഗതിയൊന്നും നമ്മുടെ പ്രേമത്തിലില്ലെങ്കില്‍ എന്നെയങ്ങ് വെറുതെ വിട്ടേക്ക്, ഞാനിവിടെ വെറുതെയിങ്ങനെ സ്വപ്നം കണ്ട് നടക്കണ്ടല്ലോ എന്ന പറച്ചില്‍. 

മുഖ്യമന്ത്രി പറഞ്ഞ കയിലുകുത്തല്‍

അതേ മട്ടിലുള്ള പ്രയോഗം തന്നെയായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞത്. 

''നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി നില്‍ക്കുന്നുണ്ട്. ''

മാധ്യമപ്രവര്‍ത്തകര്‍ ഇതേ തരം അനാവശ്യ ചോദ്യങ്ങള്‍ തുടരുന്നത് കുറച്ചു കാലമായല്ലോ. അനാവശ്യമായ ആ ചോദ്യങ്ങള്‍ക്ക് താനിങ്ങനെ മറുപടി പറയുന്നതും കുറേകാലമായല്ലോ എന്ന്. 

്രപതിപക്ഷ ആരോപണത്തിന്റെ കഴമ്പില്ലായ്മയും അത് ആവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിലെ നിഷ്ഫലതയുമാണ് അദ്ദേഹം കൃത്യമായി ഇവിടെ പറഞ്ഞുവെക്കുന്നത്. 

സോഷ്യല്‍ മീഡിയയിലെ കയിലുകുത്തല്‍

എന്നാല്‍, രസകരമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടുള്ള സോഷ്യല്‍ മീഡയയിലെ പ്രതികരണങ്ങള്‍. 

''മക്കളേ നിങ്ങള് കയിലു കുത്തി പഠിക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പച്ച മലബാറിയില്‍ പറഞ്ഞാല്‍, വഴി മാറെടാ മുണ്ടക്കലെ പിള്ളാരേ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.'' -ഒരാള്‍ എഴുതി.

ഒരേ ജോലി നിര്‍വികാരമായി സ്ഥിരമായി ചെയ്യുന്നതാണ് കയിലുകുത്തല്‍ എന്നായിരുന്നു ഒരു പ്രതികരണം. 

കയില് = കൈലി = കൈലിമുണ്ട്. മുണ്ട് മടക്കി കുത്തി നടക്കുന്ന കാര്യമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മറ്റൊരു പ്രതികരണം. 

മറ്റൊരാള്‍ എഴുതിയത് ഇങ്ങനെയാണ്: ''മുഖ്യമന്ത്രിയും പത്രപ്രവര്‍ത്തകരും ഒരുപോലെ കയിലുകുത്തുന്നു. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും തഴക്കവും പഴക്കമുമെത്തിയെന്നു വ്യംഗ്യം. അതുകൊണ്ട് ഓരോരുത്തരും അവരവവര്‍ക്കു യോജിച്ചതേ പറയാനും പ്രവര്‍ത്തിക്കാനും പാടുള്ളൂ എന്നാണ് മുഖ്യമന്ത്രി നൈസായി താക്കീതുകൊടുത്തത്.''

കയിലു കുത്തല്‍ എന്ന പ്രയോഗത്തിന്റെ മറ്റൊരുപയോഗമാണ് വേറൊരു കമന്റിലുള്ളത്: ''മറ്റൊരാളുടെ സഹായം ആവശ്യമില്ല എന്നയര്‍ത്ഥത്തില്‍.ഞങ്ങള്‍ സാധാരണ പയറ്റുന്ന വാചകമാണത്. 'ഞാനീക്കയിലു കുത്താന്‍ തുടങ്ങിയിട്ടു കുറെയായി.''

''കയില് കോട്ടയത്ത് തവിയാണ്, ചിരട്ടയില്‍ കമ്പ് നാട്ടലാണ് കയില് കുത്തല്‍ എന്ന് കേട്ടിട്ടുണ്ട്'' എന്നൊരു മറ്റൊരു കമന്റ്.

''കയില്‍ എന്നത് ഫ്രഞ്ചില്‍ നിന്നും വന്ന വാക്കാണ്. സ്പൂണ്‍ = കുയ്യല്‍. ഇത് ഫ്രഞ്ചാണ്, ഇതില്‍ നിന്നാണ് കയില്‍ വന്നത്. ബെഞ്ച്, കറമോസ് (പപ്പായ) എന്നിവയും ഫ്രഞ്ചില്‍ നിന്നും വന്ന വാക്കുകളാണ്.''-വേറെ ഒരാള്‍ എഴുതി.

''കയ്യില്‍ = സ്പൂണ്‍. അത് ചിരട്ട കൊണ്ടുമാവാം പ്ലാവില കൊണ്ടുമാവാം. ചിരട്ടത്തവി നിര്‍മ്മാണം ശ്രമകരമാണ്, കഞ്ഞി വിളമ്പില്ലെങ്കില്‍ കയിലും കുത്തി കാത്തിരിക്കുന്നതില്‍ പ്രയോജനമില്ലല്ലോ?''-ഇതാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്നാണ് മറ്റൊരു അനുമാനം. 

''അക്കാലത്ത് ചിരട്ടത്തവി കുത്തുക എന്നതിന് പ്രത്യേക കൂലി ഒന്നും കിട്ടിയിരുന്നില്ല. എന്റെ ചെറുപ്പത്തില്‍ ചിരട്ട വെള്ളത്തിലിട്ട് കയില ്(കയ്യിലിരിക്കുന്നത് ലോപിച്ചതാകാം) കുത്തി പ്രതിഫലമായി കഞ്ഞി വാങ്ങിക്കുടിച്ച് പോയിരുന്നവര്‍ ഉണ്ടായിരുന്നു.''-കയിലു കുത്തലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ഇതാണ്.