1900 -ത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ പരിശോധനകളോ, രേഖകളോ ഇല്ലാത്തതുകാരണം യഥാര്‍ത്ഥ സംഖ്യ ഇനിയും എത്രയോ ഉയര്‍ന്നേക്കാം എന്നാണ് കരുതുന്നത്.

വെള്ളത്തിനും ഭക്ഷണത്തിനും പെട്രോളിനും അടക്കം വിലയുയരുന്ന സാഹചര്യത്തില്‍ കുട്ടികളെ ജോലിക്കോ യാചിക്കാനോ വിടാന്‍ നിര്‍ബന്ധിതരാകുകയാണ് യെമനില്‍ മാതാപിതാക്കളെന്ന് സര്‍വേ. യുദ്ധം നേരത്തെ തന്നെ തകര്‍ത്തെറിഞ്ഞ യെമനില്‍ കൊവിഡ് 19 -നേക്കാളും തങ്ങള്‍ക്ക് ഭയം പട്ടിണി കിടന്നു മരിക്കുമോയെന്നതാണെന്ന് ജനങ്ങള്‍ പ്രതികരിക്കുന്നു. തെക്കന്‍ യെമനിലെ മൂന്ന് പ്രവിശ്യകളില്‍ നിന്നായി 150 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്‍റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റി (IRC) നടത്തിയ സര്‍വേയില്‍ മൂന്നില്‍ രണ്ടുപേരും (62%) പറഞ്ഞത് ഭക്ഷണത്തിനോ വെള്ളത്തിനോ ഉള്ള വകയില്ല എന്നാണ്. പഞ്ചസാരയ്ക്കും ഭക്ഷ്യഎണ്ണയ്ക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

ഭക്ഷ്യ ക്ഷാമം യെമന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും അതുപോലെ ഫണ്ടിംഗുകളും അങ്ങോട്ടെത്തുന്നത് കുറവാണ് എന്നത് ഇവിടുത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. ആകെ ജനസംഖ്യയുടെ 40 ശതമാനം പേരും ഭക്ഷ്യ സുരക്ഷയില്ലായ്‍മയിലാണ് കഴിയുന്നത്. 2020 -ന്‍റെ അവസാനത്തോടെയുള്ള റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള പകുതി കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. ഏപ്രിലോട് കൂടിത്തന്നെ നോര്‍ത്ത് യെമനിലേക്കുള്ള ഭക്ഷ്യ റേഷന്‍ പകുതിയാക്കി കുറച്ചിരുന്നു. കൂടെ, നവംബര്‍ മുതല്‍ അഞ്ച് മില്ല്യണ്‍ ജനങ്ങളെങ്കിലും ഫണ്ടിംഗിന്‍റെ അഭാവം മൂലം ഭക്ഷ്യ സഹായം കിട്ടാത്ത അവസ്ഥയിലെത്തുമെന്നും ഐആര്‍സി പറയുന്നു. 

ഓരോ ദിവസവും യെമനിലെ അവസ്ഥ കൂടുതല്‍ കൂടുതല്‍ വഷളായി വരികയാണ് എന്ന് ഐആര്‍സി -യുടെ യെമന്‍ കണ്‍ട്രി ഡയറക്ടര്‍ ടമുനാ സബാദ്‍സേ പ്രതികരിക്കുന്നു. 'കൊവിഡ് 19, ധനസഹായങ്ങള്‍ കുറയുന്നത്, കലാപവും വ്യോമാക്രമണങ്ങളും ഇവയെല്ലാം ചേര്‍ന്ന് യെമനിലെ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ബലരായിരിക്കുന്ന ഒരു ജനതയ്ക്ക് മേലെ കൊവിഡ് 19 ചെലുത്തിയ സാമ്പത്തിക പ്രത്യാഘാതങ്ങളുടെ ഉദാഹരണം കൂടിയാണ് യെമനില്‍ കാണുന്നത്. കുടുംബത്തെ പുലര്‍ത്താനായി പലരും കടം വാങ്ങി. പക്ഷേ, അത് തിരിച്ചടക്കാന്‍ യാതൊരു മാര്‍ഗവുമില്ല. കഴിക്കുന്ന ഭക്ഷണം കുറച്ചു, കയ്യിലുണ്ടായിരുന്ന ഭൂമിയും മറ്റും വിറ്റു, ചിലര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ജോലിക്കോ യാചിക്കാനോ പറഞ്ഞുവിട്ടു' എന്നും സബാദ്‍സേ പറയുന്നു. 

1900 -ത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ പരിശോധനകളോ, രേഖകളോ ഇല്ലാത്തതുകാരണം യഥാര്‍ത്ഥ സംഖ്യ ഇനിയും എത്രയോ ഉയര്‍ന്നേക്കാം എന്നാണ് കരുതുന്നത്. 'ഇവിടെ 85 ശതമാനം ഭക്ഷ്യസാധനങ്ങളും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ കൊവിഡ് 19 -നെ തുടര്‍ന്ന് ഭക്ഷ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചത് ഇവിടെ ജനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്' എന്ന് ഐആര്‍സി സീനിയര്‍ പോളിസി അഡ്വൈസറായ സാര്‍ക്കസ് സ്‍കിന്നര്‍ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ കാര്യങ്ങള്‍ ഇവയ്ക്കൊക്കെ വേണ്ടി കരുതിയിരുന്ന തുക പോലും ഭക്ഷണം കഴിക്കാനായി മാറ്റിവയ്ക്കുകയാണ് ഇവര്‍ എന്നുകൂടി സ്‍കിന്നര്‍ പറയുന്നു. 

ഭക്ഷണത്തിന്‍റെ അപര്യാപ്‍തത ബാലവിവാഹങ്ങളുടെയും ബാലഭിക്ഷാടനത്തിന്‍റെയും എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം വെട്ടിച്ചുരുക്കേണ്ടി വന്നിരിക്കുകയാണെന്നുകൂടി സ്‍കിന്നര്‍ വിശദീകരിക്കുന്നു. ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തൽ, തെക്കൻ ഗവർണറേറ്റുകളിൽ, പ്രത്യേകിച്ച് കൊറോണ വൈറസ് പരിശോധിക്കപ്പെടാത്ത അദന്‍ അടക്കം സ്ഥലങ്ങളില്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശ്‍മശാനങ്ങൾ കവിഞ്ഞൊഴുകുകയാണ്. സാമ്പത്തികാവസ്ഥയുടെ അപചയവും ഭക്ഷ്യസുരക്ഷയില്‍ അത് ചെലുത്തുന്ന സ്വാധീനവും തന്നെയാണ് ഏറ്റവും ശ്രദ്ധ നല്‍കേണ്ട കാര്യമെന്നും സ്‍കിന്നര്‍ സൂചിപ്പിച്ചു. കൊവിഡ് 19 അടക്കമുള്ള രോഗത്തേക്കാളും അവിടെ ജനങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത് വിശപ്പടക്കാന്‍ വഴിയില്ലാതാവുന്നതിനെയും പട്ടിണിയേയും തന്നെയാണ്. 

ഐആര്‍സി, ഐക്യരാഷ്ട്രസഭയോട് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇവിടേക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും സംഘര്‍ഷങ്ങളിലുള്‍പ്പെടുന്ന കക്ഷികള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ യു എസ്, യു കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നും പറഞ്ഞു.